• Current Issue: December 2021
al azar college

 


 വലിയ ഒരു യാത്രക്കുശേഷം സ്വന്തം ഗ്രാമത്തില്‍ തന്നെ താമസമുറപ്പിക്കുകയാണ് എഴുത്തുകാരി. പലവഴി പോയി പലതായ് മാറിയ സ്വന്തം മനസ്സിനെ, പാകമാകാത്ത കുപ്പായത്തിലേക്ക് സ്വന്തംശരീരം കുത്തിത്തിരുകി പാകമാക്കുംപോലെ പാരമ്പരാഗത സ്ത്രീ ബിംബത്തിലേക്കു സ്വയം പാകപ്പെടുത്തിയെടുക്കുകയാണിവിടെ. 

 
ശ്വാസമടക്കിത്തോളെല്ലിനു മുകളിലെ ഇറച്ചി വല്ലാതെഞെരുക്കി, 
കൈകള്‍ വലിച്ചുനീട്ടി പലകുറി ശ്രമിച്ചോളാം. 
പാകമാകേണ്ടത് എന്‍റെയും  ആവശ്യമാണല്ലോ.
 
പലതെരുവിലെ പൂമണം, പല നാടന്‍ പലഹാരങ്ങളുടെ മൂപ്പ്, 
ഇടവഴികളിലെയില  ഞെരടിയ മണം, 
പല നഗരങ്ങളിലെ വിയര്‍പ്പുവെന്ത വാട, എല്ലാം കയറിയിറങ്ങിയ 
നെഞ്ചിന്‍ കൂടിത്, ഞെരിച്ചിറക്കി, ഞാനതിന്‍റെ വിസ്താരമിതാ 
ഇത്തിരിയോളമായ്  കുറക്കുന്നു.  
 
പഴകിയ സ്ലിപ്പറായിരുന്നെങ്കിലും പാഞ്ഞുനടന്നത് 
അതിരുകളില്ലാത്ത ഭൂഖണ്ഡങ്ങളിലൂടെയല്ലേ. 
കിരീടം വെച്ച രാജാക്കന്മാരേയും, 
മണ്ണിലിഴഞ്ഞ മനുഷ്യമണ്ണിരകളെയുമൊരുപോലെ 
പുതച്ച ഒറ്റവാനത്തിന്‍കീഴെ,  അതിരുകളില്ലാതെ, 
പലജാതി മനുഷ്യര്‍ക്കിടയിലൂടെ. 
വക്കും കോണും തെല്ലൊന്നുരച്ചുകളഞ്ഞ് 
തുറിച്ചവിരലറ്റങ്ങളെയൊന്ന് രാകിമിനുക്കിയാല്‍
ധൃതി പിടിച്ചോടിയിരുന്ന  
കാല്പാദങ്ങളും പാകമായേക്കാം.
പിന്നെ, 
ഒരേ അതിരിനുള്ളില്‍ ഉണ്ട്, ഉടുത്തു  അതില്‍ത്തന്നെ
ഉറങ്ങി ദ്രവിച്ചുതീരും ഞാനും. 
നടക്കാന്‍ പാകത്തിലെ  ചെരിപ്പ്  തേടിയുള്ള 
ആയുസ്സുനീറ്റിയ യാത്രക്ക് 
അതോടെ മറ്റൊരു ട്വിസ്റ്റ്.
 
പലചിരികണ്ട കണ്ണുകള്‍, പല ഭ്രാന്ത്, 
പലസ്നേഹം, ഇടയിലെ പ്രതിരോധത്തിന്‍റെ നഖക്കൂര്‍പ്പുകള്‍,
പല കാഴ്ചയാല്‍ പുകപിടിച്ചുകറുത്ത കണ്ണുകള്‍, 
എന്നേക്കുമായിനി പാതിയെങ്കിലും ചാരിയേക്കാം. 
കാഴ്ചമറഞ്ഞാലും പരുത്ത ബട്ടന്‍സിന്‍റെ 
പോറലുവീഴാതെപാകമാകുമല്ലോ. 
 
പലവിളികേട്ട കാതുകള്‍, പല കിളിയൊച്ച, 
പല കാറ്റിന്‍ കുറുകലുകള്‍, പല കിലുക്കം, 
പല മന്ത്രങ്ങള്‍, പലരാഷ്ട്രീയ ചര്‍ച്ചകള്‍, 
പലകുറി തോറ്റെന്ന വിതുമ്പലുകള്‍, 
പല ചിരിയുടെ വിജയഭേരി.
പാതിയെന്‍കാതിന്‍ തഴുതിട്ടിനി  പാതി 
കേട്ടിരുന്നോളാം.
പാകമാകേണ്ടത് എന്‍റെയും ആവശ്യമാണല്ലോ. 
അതെ, പാകമാകേണ്ടത് എന്‍റെയുംകൂടി ആവശ്യമാണല്ലോ..... 
 

 


Top