• Current Issue: December 2021
al azar college

                 
               കാറ്റത്ത് പാറിനടക്കുന്ന അപ്പൂപ്പന്‍താടികള്‍ മലയാളികള്‍ക്ക് സു പരിചിതമാണ്. സ്വച്ഛന്ദമുള്ള പെണ്‍യാത്രകളെ സ്വപ്നം കണ്ട ശ്രീമതി സജ്നഅലിക്ക് തന്‍റെ സ്വതന്ത്ര യാത്രാസംരംഭത്തിന് മറ്റൊരു പേരിടാന്‍ ആകുമായിരുന്നില്ല  അപ്പൂപ്പന്‍താടി. അപ്പൂപ്പന്‍ത്താടികള്‍ പാറിപ്പറക്കുന്നത് പോലെ അതിരില്ലാത്ത യാത്രാമോഹങ്ങളില്‍ ഓരോരുത്തരും അനായാസം സഞ്ചരിക്കണമെന്ന ആഗ്രഹമാണ് സജ്നയെ അപ്പൂപ്പന്‍താടി സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ 2016 ഏപ്രില്‍ 24 ന് ആദ്യ യാത്ര ആരംഭിച്ച അപ്പൂപ്പന്‍താടിയെന്ന യാത്രാ സംഘം 2020 ഓഗസ്റ്റ് 17 നാണ് ഘഘജ കമ്പനിയായി മാറി.
     2014 -16 കാലയളവില്‍ യാത്രാ സംഘങ്ങളേറെയും പുരുഷന്മാരുടെ ബാഹുല്യമുള്ളവയായിരുന്നു. അവിടങ്ങളില്‍ പലപ്പോഴും സ്ത്രീയുടെ മാനസിക ശാരീരിക ആവശ്യങ്ങളും സൗകര്യങ്ങളും  പരിഗണിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.എന്നിട്ടും സഞ്ചാരപ്രിയരായ സ്ത്രീകള്‍ ക്കുണ്ടായിരുന്ന ഏക അവസരം ഈ യാത്രാ സംഘങ്ങളുടെ കൂടെക്കൂടലായിരുന്നു. സ്ത്രീകള്‍ മാത്രമുള്ള യാത്രാസം
ഘങ്ങള്‍ കേട്ടുകേള്‍വിയില്‍ പോലും വന്നിട്ടില്ലാത്ത ആ കാലത്ത് നിന്നാണ് അപ്പൂപ്പന്‍താടി പിറവിയെടുക്കുന്നത്. അസാധ്യമെന്ന് നെറ്റിചുളിച്ചു നോക്കിയവരെ അപ്രസക്തരാക്കിക്കൊണ്ട് സ്ത്രീകളുടെ സ്വന്തം യാത്രാ സംഘമായി അപ്പൂപ്പന്‍താടി അതിന്‍റെ ആദ്യ ചുവടുകള്‍ വച്ചു. സമകാലിക സ്ത്രീ ജീവിതത്തിലെ  സഞ്ചാര  നിര്‍വചനങ്ങള്‍ പിന്നീടെങ്ങനെ മാറി മറിഞ്ഞുവെന്ന് ഇന്ന് 8100ല്‍ പരം അംഗങ്ങളുള്ള അപ്പൂപ്പന്‍താടിയുടെ ഫേസ്ബുക്ക് കൂട്ടായ്മ സാക്ഷ്യം പറയും. യാത്രകളിലൂടെയോ യാത്രാമോഹങ്ങളിലൂടെയോ അപ്പൂപ്പന്‍താടിക്കൊപ്പം പറന്ന പെണ്ണനുഭവങ്ങള്‍ അവിടെ നിറഞ്ഞ് കിടപ്പുണ്ട്.
 
            ഓരോ വര്‍ഷവും പുതിയ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ട് സ്ഥിര വേഗത്തിലാണ് അപ്പൂപ്പന്‍താടി വളര്‍ന്നത്. ആദ്യ വര്‍ഷം കേരളത്തിനുള്ളിലെ യാത്രകളായിരുന്നുവെങ്കില്‍ രണ്ടാം വര്‍ഷം വ്യത്യസ്ത ഇന്ത്യന്‍ കാഴ്ച്ചകള്‍ മുതല്‍ ഹിമാലയന്‍ യാത്രകളിലേക്ക് വരെ അവ വിശാലമായി. മൂന്നാം വര്‍ഷമായ 2019 ല്‍ അന്തര്‍ദേശീയ യാത്രകളിലേക്കും അപ്പൂപ്പന്‍താടി പറന്നു ചെന്നു. എല്ലാത്തരത്തിലുമുള്ള സ്ത്രീകളുടെ സഞ്ചാര ത്വരയെ  ജീവിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യം അപ്പൂപ്പന്‍താടിക്കുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും അനായാസം പങ്കെടുക്കാവുന്ന ലഘുവായ ട്രക്കിംഗുകളും കൃത്യമായ ശാരീരിക പരിശീലത്തോടെ മാത്രം സാധ്യമാകുന്ന കഠിനമായ ട്രക്കിംഗുകളും യാത്രകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ശാരീരികമായ ആരോഗ്യം യാത്രകള്‍ക്ക് അനിവാര്യമാണെങ്കിലും പ്രായം  ആഗ്രഹങ്ങള്‍ക്ക് തടസമാണെന്ന് അപ്പൂപ്പന്‍താടി കരുതുന്നേയില്ല. യാത്രകളെന്ന സ്വപ്നത്തത്തില്‍ പല പ്രായക്കാര്‍ അപ്പൂപ്പന്‍താടിക്കൂട്ടത്തില്‍ ഒത്തു ചേരുന്നു.  അവരുമായി ഒറ്റ യാത്രയില്‍ തുടങ്ങിയൊടുങ്ങുന്ന ട്രാവല്‍ കമ്പനി ബന്ധങ്ങളല്ല അപ്പൂപ്പന്‍താടി സൃഷ്ടിച്ചെടുക്കുന്നത്.  ഒരിക്കല്‍ കൂടെക്കൂടുന്നവര്‍
പിന്നീടെന്നും സജ്നയ്ക്കും ടീമിനും ഓരോ അപ്പൂപ്പന്‍താടികളാണ്. അവരെന്നും അതേ വിശേഷണത്തില്‍ ഗ്രൂപ്പിന്‍റെ ഭാഗമായി പരസ്പരം പറക്കാനുള്ള ഊര്‍ജ്ജം കൈമാറി അവശേഷിക്കും.
 
         തുടക്കം മുതല്‍ തന്നെ സുസ്ഥിരമായ ടൂറിസം വികസനത്തിന്‍റെ ഭാഗമാകാന്‍ അപ്പൂപ്പന്‍താടി ശ്രമിക്കുന്നുണ്ട്. കുറഞ്ഞ ചിലവിലെ യാത്രകള്‍ക്കൊപ്പം പ്രാദേശിക മേഖലയ്ക്കും അവസരങ്ങള്‍ സൃഷ്ടിക്കുക അതില്‍ പ്രധാനമാണ്.   തദ്ദേശീയ ഭക്ഷണവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് യാത്രികര്‍ക്കും പ്രാദേശിക ടൂറിസം മേഖലയ്ക്കും ഒരുമിച്ച് തൃപ്തിയും ഗുണവും  ലഭ്യമാക്കുന്ന കണ്ണിയായി ഈ സംരംഭം നിലകൊള്ളുന്നു. 
പുതിയ സഞ്ചാര പദ്ധതികളുടെ എണ്ണവും പെണ്‍യാത്രികരുടെ ആഗ്രഹങ്ങളും അളവില്ലാതെവളര്‍ന്നതോടെയാണ് സജ്ന അപ്പൂപ്പന്‍താടിയെന്ന ബ്രാന്‍ഡിലെ വിശാലമാക്കാന്‍  തീരുമാനിക്കുന്നത്. അതോടെ 'ബഡ്ഡീസ്' ( യൗററശലെ) എന്ന ആശയം രൂപപ്പെട്ടു.  നേരത്തെ തന്നെ അപ്പൂപ്പന്‍താടിയുടെ കൂടെ യാത്ര ചെയ്തും സ്ഥലങ്ങളെ പരിചയപ്പെട്ടും തന്‍റെ അതേ യാത്രാവേശം സ്വന്തമാക്കിയ ഒരു കൂട്ടം പെണ്‍ യാത്രികരെയാണ് സജ്ന ബഡ്ഡികളായി കൂടെ കൂട്ടിയത്. ആദ്യം  ചെറു  യാത്രകളിലും  പിന്നീട് ദിവസങ്ങള്‍ നീളുന്ന ശ്രമകരമായ യാത്രകളിലും യാത്രാ ഗൈഡുകളായും ചങ്ങാതിമാരായും ബഡ്ഡികള്‍ അപ്പൂപ്പന്‍താടി യാത്രകളെ നയിച്ചു.
അപ്പൂപ്പന്‍താടി കൂട്ടായ്മയിലെ അംഗങ്ങളുടെ വര്‍ദ്ധനവാണ് വ്യത്യസ്ത ഉപഘടകങ്ങളുടെ  രൂപീകരണത്തിലേക്ക് നയിച്ചത്. നിലവില്‍ ബ്ലാംഗ്ലൂര്‍, എറണാകുളം തുടങ്ങി  കേരളത്തിനകത്തുംപുറത്തുമുള്ള  പ്രധാന  നഗരങ്ങളില്‍ അപ്പൂപ്പന്‍താടിയുടെ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സ്ഥലത്തെയും പ്രാദേശികാംഗങ്ങളുടെ കൂടിക്കാഴ്ച്ചകള്‍ക്കും സജ്ന നേതൃത്വം കൊടുക്കാറുണ്ട്. ഒരേ ആഗ്രഹങ്ങള്‍ പങ്കു വയ്ക്കുന്ന സ്ത്രീകള്‍ക്കിടയിലെ പരസ്പര ബന്ധങ്ങളും പ്രചോദനവും വര്‍ദ്ധിപ്പിക്കുന്ന ഇത്തരം ഇടപെടലുകളാണ് ഒരു ട്രാവല്‍ കമ്പനി എന്ന  നിലയില്‍ നിന്ന്  ശാക്തീകരണ ഘടകമായി അപ്പൂപ്പന്‍താടിയെ വ്യത്യസ്തമാക്കുന്നത്.
 
         വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും സ്ത്രീകള്‍ക്ക് ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ആത്മവിശ്വാസം നല്‍കേണ്ട ഉത്തരവാദിത്തം കൂടി അപ്പൂപ്പന്‍താടി ഏറ്റെടുത്തു. പ്രയാണ എന്ന ട്രാവല്‍ ഫെലോഷിപ്പ് അവതരിപ്പിക്കുകയാണ് ഇത്തവണ സജ്ന ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് പുതിയ സ്ഥലങ്ങളിലേക്ക് അപ്പൂപ്പന്‍താടിയുടെ സാമ്പത്തിക സഹായത്തോടെ യാത്ര ചെയ്യാനുള്ള അവസരമാണ് പ്രയാണ ലഭ്യമാക്കിയത്. അടിസ്ഥാന വിവരങ്ങള്‍ നല്‍കിയും പശ്ചാത്തല സൗകര്യങ്ങള്‍ക്ക് സഹായിച്ചും തനിച്ചുള്ള പെണ്‍ യാത്രകള്‍ക്ക് ഊര്‍ജ്ജവും പിന്തുണയും നല്‍കി സജ്ന അവര്‍ക്കൊപ്പം നിന്നു. 2019 ല്‍ വാര്‍ഷിക പരിപാടിയായിട്ടാണ് പ്രയാണ ആരംഭിച്ചത്. ആദ്യ വര്‍ഷത്തില്‍ അഞ്ച് സ്ത്രീകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പ്രയാണയ്ക്കൊപ്പം പറന്നു. ഇപ്പോഴത് വര്‍ഷത്തില്‍ ആറ് ഘട്ടങ്ങളായി അപ്പൂപ്പന്‍താടി  സംഘത്തിനകത്തേയും പുറത്തേയും യാത്രാമോഹികളായ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുന:സംഘടിപ്പിച്ചിരിക്കുന്നു.
 
      ഇന്ന്  9500 ലധികം അംഗങ്ങളുമായി ഇന്ത്യയില്‍ത്തന്നെ വലുതും ചിലവു കുറഞ്ഞതുമായ പെണ്‍യാത്രകളുടെ സംഘാടകരിലൊന്നാണ് അപ്പൂപ്പന്‍താടി. ഇതുവരെ രാജ്യത്തിനകത്തും പുറത്തുമായി 280ളം വിനോദസഞ്ചാര പ്രദേശങ്ങളിലേക്ക് അപ്പൂപ്പന്‍താടിക്കൂട്ടങ്ങള്‍  പറന്നെത്തിയിട്ടുണ്ട്. അഭിമാനത്തോടെ തുടങ്ങിയവസാനിപ്പിച്ച                 
 
Tawang, Munsiyari, Chadar trek, Brahmatal, Meghalaya, Nagaland     
 
   യാത്രകള്‍ അതിലുള്‍പ്പെടും. സഞ്ചാരി ജീവിതങ്ങള്‍ സ്വപ്നം കാണാനും അതില്‍ ജീവിക്കാനും കൂടുതല്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് അപ്പൂപ്പന്‍താടി നിലകൊള്ളുന്നു. ഓരോ ദിവസവും അപ്പൂപ്പന്‍താടി വളര്‍ന്നു കൊണ്ടേയിരിക്കുകയാണ്..... പുതിയ ചക്രവാളങ്ങള്‍ കീഴടക്കാന്‍.
 


Top