• Current Issue: December 2021
al azar college

അപ്രതീക്ഷിത നോട്ട് നിരോധനത്തോടെ നടുവൊടിഞ്ഞ രാജ്യത്തെ ബിസിനസ് മേഖല പതിയെ തിരിച്ചു വരുന്നതിനിടയിലാണ് വീണ്ടും ഒരു ഇരുട്ടടിയെന്നോണം കോവിഡ് മഹാമാരി കടന്നുവരുന്നത്. രാജ്യത്തെ മുഴുവന്‍ സ്തംഭിപ്പിച്ച് കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ മുന്നില്‍ തെളിഞ്ഞ ചെറു വെട്ടം പോലും മാഞ്ഞു. പുറത്തിറങ്ങാനാവാതെ, യാത്ര ചെയ്യാനോ സ്ഥാപനങ്ങള്‍ തുറക്കാനോ കഴിയാതെ വീടുകളില്‍ തളച്ചിടപ്പെട്ടപ്പോള്‍ എന്ത് ചെയ്യുമെന്ന ചോദ്യമല്ലാതെ മറ്റൊന്നും ആരുടെയും മനസ്സില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തുടക്കത്തിലെ അമ്പരപ്പില്‍ നിന്ന് നമ്മള്‍ പതിയെ മോചിപ്പിക്കപ്പെട്ടുവരികയാണ്. കോവിഡ് പൂര്‍ണമായും തൂത്തുതുടക്കപ്പെട്ട ഒരു ദിവസം അത്ര പെട്ടന്ന് സാധ്യമായ ഒന്നല്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. ഈ പ്രതികൂല സാഹചര്യത്തില്‍ നിന്നുകൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് നയിക്കാം എന്നതിലാണ് ഇപ്പോള്‍ ഓരോരുത്തരും ശ്രദ്ധ കൊടുക്കുന്നത്. 

 
     കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ പല ബിസിനസുകളും തകര്‍ന്നു തുടങ്ങിയപ്പോള്‍ ഭാവിയെക്കുറിച്ച് പ്രതീക്ഷയും ആത്മവിശ്വാസവുമുള്ള ജനങ്ങള്‍ പുതിയ ബിസിനസ് ആശയങ്ങള്‍ തേടി ഇറങ്ങി. നിലവില്‍ ഉള്ളതിനെ മെച്ചപ്പെടുത്താനും പുതുതായി ബിസിനസ് രംഗത്തേക്ക് കടന്നു വരാനും ഉപകാരപ്പെടുന്ന, ബിസിനസ് സാധ്യതകളുള്ള 10 മേഖലകളെ പരിചയപ്പെടാം....
 
1. ഓണ്‍ലൈന്‍ ടീച്ചിങ്
കോവിഡ് മഹാമാരിയുടെ വരവോടെ അടച്ചു പൂട്ടപ്പെട്ട സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിദ്യാലയങ്ങള്‍. ഭാവി തലമുറയുടെ വിദ്യാഭ്യാസം പോലും പ്രതിസന്ധിയില്‍ ആയപ്പോള്‍ അവിടെയും ഈ ഐടി യുഗത്തില്‍ ബദല്‍ മാര്‍ഗം ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭാസം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായുള്ള ആവശ്യം ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വിശാലമായ സാധ്യത തുറന്നു. 
 
  ഇതൊരു ഓണ്‍ലൈന്‍ ബിസിനസ് ആശയമായതിനാല്‍, നിങ്ങള്‍ക്ക് അറിവുള്ള ഏത് വിഷയവും തിരഞ്ഞെടുക്കാനും ഏത് കോണിലിരുന്നും ക്ലാസ് എടുക്കാനും   സാധിക്കും.  പഠിപ്പിക്കാനും 
കഴിയും. പാഠ്യ വിഷയങ്ങള്‍ക്ക് പുറമെ ചിത്രരചന, സംഗീതം, നൃത്തം തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുക്കാം. ഇനി നിങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ വിപുലമായ അറിവ് ഇല്ലെങ്കില്‍, ഇംഗ്ലീഷ് ഭാഷയെ ഒരു മാര്‍ഗമായി തിരഞ്ഞെടുക്കാം. എളുപ്പത്തില്‍ ഇംഗ്ലീഷ് പഠിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍, സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ എന്നിവ വിഷയങ്ങളായി തിരഞ്ഞെടുക്കാം.
 
2. മെഡിക്കല്‍ കൊറിയര്‍ സേവനം
സ്വന്തമായി ഒരു വാഹനവും കൃത്യനിഷ്ഠയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ കോവിഡ് പ്രതിസന്ധിക്ക് ഇടയിലും ഇറങ്ങിച്ചെല്ലാവുന്ന ഒരു മേഖലയാണ് കൊറിയര്‍ സര്‍വീസ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ മെഡിക്കല്‍ കൊറിയര്‍ സേവനം. മുന്‍പത്തെ പോലെ പുറത്തിറങ്ങി കടകള്‍ കയറി നടക്കുന്നത് അത്ര സുരക്ഷിതമല്ലാത്ത ഈ സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സര്‍വീസുകളെയാണ്. 
 
      ഭക്ഷണം, വസ്ത്രം തുടങ്ങിയവയുടെ ഓണ്‍ലൈന്‍ കച്ചവടം കോവിഡിന് മുന്‍പും ശേഷവും സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ മരുന്നുകളുടെ ഓണ്‍ലൈന്‍ കൊറിയര്‍ സേവനം കൂടുതല്‍ സജീവമാവാന്‍ തുടങ്ങിയത് കോവിഡിന്‍റെ വരവോടെയാണ്. ആരോഗ്യ പരിപാലന വ്യവസായം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഏത് രാജ്യങ്ങളെ നോക്കിയാലും ഈ പ്രതികൂല സാഹചര്യത്തിലും വികസിച്ചു കൊണ്ടിരിക്കുന്നത് ആരോഗ്യ മേഖലയാണ്. അതുകൊണ്ട് തന്നെ മെഡിക്കല്‍ കൊറിയര്‍ സേവന ജോലിയിലേക്ക് ധൈര്യ
പൂര്‍വം ഇറങ്ങിച്ചെല്ലാം.
 
3.ഫുഡ് ട്രക്ക്
ഇപ്പോള്‍ പല സ്ഥലങ്ങളിലും ഇന്‍ഡോര്‍ ഡൈനിംഗ് പരിമിതമായതിനാല്‍, റെസ്റ്റോറന്‍റുകള്‍ ആഗ്രഹിക്കു
ന്നവര്‍ക്ക് ഒരു ഫുഡ് ട്രക്കില്‍ കൂടുതല്‍ വിജയം കണ്ടെത്താനാകും. ഫുഡ് ട്രക്കുകള്‍ പല  രൂപത്തിലും
വലുപ്പത്തിലും വരുന്നു. പാചകത്തില്‍ താല്‍പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ വ്യത്യസ്ത പാചക രീതികള്‍ പരിചയപ്പെടാനും അത് വിളമ്പി നല്‍കാനും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ധൈര്യമായി ഒരു ഫുഡ് ട്രക്ക് ബിസിനസ് ആരംഭിച്ചോളൂ. 
 
    ഫുഡ് ട്രക്ക് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു സ്റ്റാറ്റസ് കുറഞ്ഞ ബിസിനസ് ആണെന്നു കരുതേണ്ട. കാരണം ഇന്ന് വളര്‍ ന്നുകൊണ്ടിരിക്കുന്ന ചുരുക്കം ചില ബിസിനസുകളില്‍ ഒന്നാണ് ഇത്. ഒരു ട്രക്കിന്‍റെ ഓവര്‍ഹെഡും പരിപാലനവും ഒരു റെസ്റ്റോറന്‍റ് നടത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ വളരെ കുറവാണ്, കൂടാതെ നിങ്ങള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും ഇതില്‍ നിന്ന് ലഭിക്കും. നിങ്ങളെപ്പോലെ പാചകത്തില്‍ താല്‍പര്യമുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒപ്പം കൂട്ടി ആസ്വദിച്ച് ചെയ്യാവുന്ന ഒരു നല്ല ബിസിനസ് ആണ് ഫുഡ് ട്രക്ക്. ആത്മസംതൃപ്തിക്കൊപ്പം സാമ്പത്തിക ലാഭവും ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.
 
4.ഹോം കെയര്‍ സേവനം
ഡിമാന്‍ഡ് കൂടാന്‍ പോവുന്ന മറ്റൊരു മേഖലയാണ് ഹോം കെയര്‍ സേവനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഏജിംഗിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2010 നും 2050 നും ഇടയില്‍, 85ഉം അതിനുമുകളിലും പ്രായമുള്ളവരുടെ ജനസംഖ്യ 351% വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ ആഗോള ശരശേരി എണ്ണം (100 വയസിനു മുകളിലുള്ളവര്‍) പതിډടങ്ങ് വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ പലര്‍ക്കും പലപ്പോഴും സ്വന്തം വീടുകളില്‍ പരിചരണവും സഹായവും ആവശ്യമായി വരും. 
 
    ഭാഗ്യവശാല്‍, മുതിര്‍ന്നവരെ സഹായിക്കുന്നതിനും ഒരേ സമയം വിജയകരമായ ബിസിനസ്  വളര്‍ത്തുന്നതിനും നിങ്ങള്‍ക്ക് ആരോഗ്യ പരിപാലന രംഗത്ത് മുന്‍പരിചയം ആവശ്യമില്ല. പ്രായമായവരെ പരിചരിക്കാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനുമുള്ള മനസുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ബിസിനസ് വളര്‍ത്താനും അതേസമയംതന്നെ  മറ്റുള്ളവര്‍ക്ക്  ആശ്വാസമാകാനും കഴിയും.
 
5.  ഓണ്‍ലൈന്‍ റീസെല്ലിങ്
2020ല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയില്‍ 44 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇത് കോവിഡ് മഹാമാരിയുടെ സമയത്തും അതിന് ശേഷവും വളര്‍ച്ച കൈവരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരാള്‍ ഉപയോഗിച്ചതും അവര്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലാത്തതുമായ വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് കൈമാറാനും അതിലൂടെ പണം സമ്പാദിക്കാനും സഹായിക്കുന്ന ഒരു മാദ്ധ്യമം ഉണ്ടെങ്കില്‍ അതിന് ആവശ്യക്കാര്‍ ഏറെയായിരിക്കും.
 
   നിങ്ങള്‍ക്ക് ഒരു വ്യക്തിയില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അവ വീണ്ടും വില്‍ക്കാനും അല്ലെങ്കില്‍ ഒരു ആവശ്യക്കാരനെ കണ്ടെത്താനും അതില്‍ നിന്ന് സ്വയം ഒരു കമ്മീഷന്‍ എടുക്കാനും സാധിക്കും. നിങ്ങളുടെ റീസെല്ലിംഗ് ഉപയോക്താക്കളുടെ എണ്ണം കൂടുംതോറും നിങ്ങള്‍ക്ക് നിങ്ങളുടെ ബിസിനസ്  സ്പെഷ്യലൈസ് ചെയ്യാനും സാധിക്കും.
 
6. ഫേസ് മാസ്‌ക് നിര്‍മാണം
ഫേസ് മാസ്കുകള്‍ ഇനിയുള്ള കാലത്ത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറുമെന്നതില്‍ സംശയമില്ല. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ വൈറസിനെ ചെറുക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു ഫേസ് മാസ്കുകള്‍. എന്നാല്‍ ഇന്ന് പ്രതിരോധത്തിനൊപ്പം വ്യത്യസ്ത ഡിസൈനിലും ട്രെന്‍ഡിലുമുള്ള മാസ്കുകള്‍ തിരയുന്നവരാണ് ഏറെയും. ആളുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും ആയതിനാല്‍ ആ ബിസിനസ് വിജയിക്കുക തന്നെ ചെയ്യും. 
 
    നിങ്ങള്‍ ഒരു ഫാഷന്‍ ഡിസൈനര്‍ ആണെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ ഒരു ഫാഷന്‍ ഡിസൈനര്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കില്‍ ആ കഴിവ് മാസ്ക് നിര്‍മാണത്തിനായി ഉപയോഗിക്കാം. വീട്ടമ്മമാര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് വലിയ മുതല്‍ മുടക്ക് ഇല്ലാതെയും റിസ്ക് ഇല്ലാതെയും തുടങ്ങാവുന്ന ഒരു ബിസിനസ് ആണ് മാസ്ക് നിര്‍മാണം.കോവിഡ് പടിയിറങ്ങുന്നതോടെ മാസ്കിന് ഭാവി ഉണ്ടാകുമോ എന്ന സംശയവും വേണ്ട. കാരണം, ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം. ഇപ്പോള്‍ ഉള്ളതിലും കൂടുതല്‍ ആവുകയല്ലാതെ ഈ മലിനീകരണം ഇല്ലാതാവില്ല. വായു മലിനീകരണത്തില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയുന്ന ഏറ്റവും വലിയ ഉപാധിയാണ് മാസ്കുകളുടെ ഉപയോഗം. അതിനാല്‍ ഗുണമേന്‍മയും ഒപ്പം അഴകുമുള്ള മാസ്ക് നിര്‍മാണം നിങ്ങള്‍ക്കൊരു മികച്ച വരുമാന മാര്‍ഗമായിരിക്കും.
 
7.  ഓണ്‍ലൈന്‍ ഫിറ്റ്‌നസ് ക്ലാസുകള്‍/ ആപ്പുകള്‍
കോവിഡ് മഹാമാരിയുടെ വരവ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്നാണ് ഓഫ് ലൈന്‍ ഫിറ്റ്നസ് കേന്ദ്രങ്ങള്‍. പല സ്ഥലത്തു നിന്ന് ആളുകള്‍ കൂട്ടത്തോടെ എത്തുന്ന ഇടമായതിനാല്‍ ഇവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ട്. കോവിഡില്‍ ഓഫ് ലൈന്‍ കേന്ദ്രങ്ങള്‍ നഷ്ടം നേരിട്ടപ്പോള്‍ അവിടെ ഓണ്‍ലൈന്‍ ഫിറ്റ്നസ് ചാനലുകള്‍ ലാഭം കൊയ്തു. ഫിറ്റ്നസ് കേന്ദ്രങ്ങള്‍ അടച്ചതോടെ ആളുകള്‍ വീട്ടില്‍ നിന്നു കൊണ്ട് വ്യായാമങ്ങള്‍  ചെയ്യാന്‍ പറ്റിയ മാദ്ധ്യമങ്ങള്‍ തേടിയതാണ് ഇവര്‍ക്ക് നേട്ടമായത്. 
 
      നിങ്ങള്‍ക്ക് വ്യായാമം, യോഗ തുടങ്ങിയ ഫിറ്റ്നസ് മെത്തേഡുകളില്‍ അറിവും പ്രാവീണ്യവും ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയി ഇത്തരം ക്ലാസുകള്‍ തുടങ്ങുന്നത്  മികച്ച  തീരുമാനം   ആയിരിക്കും. 
 
 
8.  ഗെയിം നിര്‍മ്മാണവും വില്‍പനയും 
കോവിഡിന്‍റെ വരവോടെ ആളുകള്‍ ഏറ്റവും കൂടുതല്‍ കഴിയുന്നത് അവരവരുടെ വീടുകളിലാണ്. പുറത്തുപോവുന്നതും ആളുകളുമായി ഇടപഴകുന്നതും സുരക്ഷിതം അല്ലാത്തതിനാല്‍ വീട്ടില്‍ ഇരുന്നുകൊണ്ട് മനസിന് ഉന്‍മേഷവും വിനോദവും നല്‍കുന്ന വിവിധ തരം ഗെയിമുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. കൂട്ടുകാര്‍ക്കൊപ്പം ഓടിച്ചാടി കളിക്കാന്‍ കഴിയാതെ ബോറടിച്ചിരിക്കുന്ന  കുട്ടികള്‍ക്കും ഓഫീസ് ജോലികള്‍ വീട്ടില്‍ ഇരുന്ന് ചെയ്യുന്ന മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈന്‍   ഗെയിമുകള്‍   ഒരുപോലെ പ്രിയപ്പെട്ടതായി കഴിഞ്ഞു.
 
     വെറും വിനോദത്തിനായി മാത്രമുള്ള ഗെയിമുകള്‍ക്ക് പകരം കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതും പഠനത്തില്‍ സഹായിക്കുന്നതുമായ ഗെയിമുകളും വിപണിയില്‍ വളര്‍ച്ച നേടുകയാണ്. ഇത്തരം ഗെയിമുകള്‍ കുട്ടികളുടെ  മാത്രമല്ല രക്ഷിതാക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റും. അതിനാല്‍, നിങ്ങള്‍ക്ക് ക്രിയേറ്റിവിറ്റി ഉണ്ടെങ്കില്‍, ചെറുകിട ബിസിനസ്സ് സ്റ്റാര്‍ട്ടപ്പ് ആശയം ഉണ്ടെങ്കില്‍, ഈ അവസരം പ്രയോജനപ്പെടുത്തി ഒരു ഗെയിം നിര്‍മ്മിക്കുന്നത് വലിയ നേട്ടമാകും.
 
9. വിനോദ സഞ്ചാര മേഖല
കോവിഡ് പടര്‍ന്നു പിടിച്ച് ലോകം മുഴുവന്‍ അടഞ്ഞു കിടക്കുന്ന ഈ സമയത്താണോ വിനോദ സഞ്ചാര വ്യവസായം  തുടങ്ങേണ്ടത്  എന്ന  ചോദ്യം നിങ്ങളില്‍  ഉയര്‍ന്നേക്കാം. എന്നാല്‍, ഇതൊരു മണ്ടന്‍ ആശയമല്ല. ഇപ്പോഴുള്ള ഈ പ്രതിസന്ധി താല്‍ക്കാലികമാണ്. ജനങ്ങള്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കുകയും  നിയന്ത്രങ്ങള്‍  എടുത്തുകളയുകയും ചെയ്യുന്നതോടെ വലിയ രീതിയിലുള്ള    കുത്തൊഴുക്കാണ്    വിനോദ സഞ്ചാര മേഖലയില്‍ ഉണ്ടാവാന്‍ 
പോകുന്നത്. 
 
      വികസ്വര രാജ്യമായ ഇന്ത്യയെ ബാധിച്ച അത്ര തീവ്രതയില്‍ വികസിത രാജ്യങ്ങളെ കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടില്ല തൊഴില്‍ നഷ്ടവും പണ നഷ്ടവും വിദേശ രാജ്യങ്ങളിലുള്ള ജനങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. വിനോദ സഞ്ചാരത്തിന് അവര്‍ക്ക് മുന്നില്‍ ഇപ്പോഴുള്ള ഒരേയൊരു തടസം നിയന്ത്രണങ്ങളാണ്. കോവിഡ് വന്നതിന് ശേഷം ഒന്നര വര്‍ ഷക്കാലമായി വീട്ടില്‍ ഇരിക്കുന്ന നമുക്ക് വലിയ മാനസിക ബുദ്ധിമുട്ടുകളൊന്നും ഇല്ല. എന്നാല്‍, വിദേശികളെ സംബന്ധിച്ച് ഒന്നോ രണ്ടോ മാസം പോലും വീടുകളില്‍ തളച്ചിടപ്പെടുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍  ഇല്ലാതാവുന്നതോടെ കേരളം ഉള്‍പ്പടെയുള്ള  സ്ഥലങ്ങളിലേക്ക്   വിനോദ സഞ്ചാരികളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടാവും എന്നതില്‍ സംശയമില്ല.
 
      കോവിഡ് ബാധ നിയന്ത്രണ വിധേയമാകുമ്പോള്‍ ടൂറിസത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളാകും സഞ്ചാരികള്‍ തേടുക. കേരളത്തിന്‍റെ പ്രകൃതി സൗ ന്ദര്യവും പാരമ്പര്യ കലകളും പരമ്പരാഗത വ്യവസായങ്ങളും സമന്വയിപ്പിച്ച് ബുദ്ധിപൂര്‍വ്വം മാര്‍ക്കറ്റിംഗ് നടത്തിയാല്‍ ടൂറിസം രംഗത്ത് വന്‍ സാധ്യതകള്‍ തുറക്കും. ഇപ്പോള്‍ തന്നെ ഈ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങാം. മറ്റെല്ലാ രംഗത്തെയും പോലെ മാര്‍ക്കറ്റിംഗ് തന്നെയാണ് ടൂറിസം മേഖലയുടെയും  ബലഹീനത. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ കാര്യക്ഷമമായി വിനിയോഗിച്ച് അതിനെ മറികടക്കാം.
 
10.  ഓണ്‍ലൈന്‍ ഫിഷ് ആന്റ് മീറ്റ്
ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങാനും നേരിട്ട് കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാനും ആളുകള്‍ പേടിക്കുന്ന ഈ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വില്‍പന സംവിധാനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഉള്ളത്. മൊബൈലില്‍ ഒറ്റ ക്ലിക്കില്‍ ആവശ്യമുള്ള സാധനം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്താല്‍ അത് കൃത്യ സമയത്ത് വീട്ടുപടിക്കല്‍ എത്തിച്ചു തരുന്ന സൗകര്യം ഏവരും ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കോവിഡ് പടര്‍ന്നു പിടിച്ചതിന് ശേഷവും ഓണ്‍ലൈന്‍ ബിസിനസുകള്‍ വളര്‍ച്ച കൈവരിച്ചത്.
 
    ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഫിഷ് ആന്‍റ് മീറ്റ് സംരംഭത്തിന് വലിയ സാധ്യതയാണുള്ളത്. കൃത്യനിഷ്ഠത ഉള്ള ഏതൊരാള്‍ക്കും തുടങ്ങാവുന്ന ബിസിനസ് ആണ് ഇത്. വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ ഓണ്‍ലൈനിനെ ആശ്രയിക്കുന്ന നമ്മള്‍ മലയാളികള്‍ മീനും ഇറച്ചിയുമെല്ലാം വാങ്ങാന്‍ നേരിട്ട്  കടകളിലേക്ക് പോകാ
റാണ് പതിവ്. 
 
    എന്നാല്‍, കോഴി, താറാവ്, മല്‍സ്യം തുടങ്ങിയവ വെട്ടി കഴുകി വൃത്തിയാക്കി ഉപഭോക്താവ് പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്ന ഒരു സംരംഭം തുടങ്ങിയാല്‍ അത് വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്.  മസാല   തേച്ച്,
പൊരിച്ചെടുക്കാവുന്ന തരത്തിലും ഇവ വില്‍ക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുകയാണെങ്കിലും വലിയൊരു ഉപഭോക്തൃ ശൃംഖലയും സൃഷ്ടിച്ചെടുക്കാം  ഗ്രാമനഗര  വ്യത്യാ
സമില്ലാതെ ഏവര്‍ക്കും തുടങ്ങാവുന്ന ഒരു ബിസിനസാണ് ഓണ്‍ലൈന്‍ ഫിഷ് ആന്‍റ് മീറ്റ്. ഓരോ പ്രദേശത്തെയും ആളുകള്‍ ഏത് തരം ഇറച്ചികളാണ് കൂടുതലായി വാങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ് സംരംഭം തുടങ്ങിയാല്‍ നേട്ടം കൊയ്യാനാവും.
 
 

 

 


Top