• Current Issue: December 2021
al azar college

ഭാഷ മാത്രമല്ല; സെക്സും സമപ്രായക്കാരില്‍ നിന്നാണ് കുട്ടികള്‍ കൂടുതല്‍ പഠിക്കുന്നതെന്നാണ് മനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുളളത്. പുതിയ പദങ്ങളും അശ്ലീലവാക്കുകളും കുട്ടികള്‍ക്ക് സമപ്രായക്കാരുടെ ചുണ്ടുകളില്‍ നിന്നുമാണ് കിട്ടുന്നത്. അതുപോലെ തന്നെ ലൈംഗിക വിജ്ഞാനവും കുട്ടികള്‍ അവരുടെ പ്രായക്കാരില്‍ നിന്നും പഠിക്കുന്നു. കൗമാരത്തിന്‍റെ വൈകാരിക പ്രക്ഷുബ്ധാവസ്ഥ കുട്ടികള്‍  അതിജീവിക്കുന്നതിലും സ്കൂളിന്  വലിയ പങ്കുണ്ടെന്നാണ്  വിദ്യാഭ്യാസമനശാസ്ത്രത്തിന്‍റെ  പൊതുവിശ്വാസം. വികസിത രാജ്യങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണ്. അവിടങ്ങളിലെ കൗമാരഘട്ടത്തിലെ അതി വൈകാരികത എങ്ങനെ അതിജീവിക്കണമെന്ന് പഠിക്കാന്‍ കുട്ടികള്‍ക്ക് അനായാസേന സാധിക്കുന്നു. കേരളത്തില്‍ അത് ഇപ്പോഴും മേല്‍പ്പറഞ്ഞ പാഠ്യേതര മാര്‍ഗ്ഗം തന്നെയാണ് പിന്തുടരുന്നത്. കോവിഡ് മഹാമാരി കാലത്ത് വിദ്യാലയങ്ങള്‍ അടച്ചതുമൂലം കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്ന്ഫോണും കംപ്യൂട്ടറും വഴി പഠനം തുടരുന്നു. ഈ സാഹചര്യം കുട്ടികള്‍ക്ക് സമപ്രായക്കാരുമായുളള സമ്പര്‍ക്കമില്ലാതായിട്ടുണ്ടെന്നാണ് ചില രക്ഷിതാക്കള്‍ പേടിക്കുന്നത്.  കുട്ടികളുടെ  കൗമാരഘട്ടം  തകിടം മറിയുമെന്നും അവര്‍ കരുതുന്നു. വീട്ടില്‍ നിന്നുളള പഠനം കുട്ടികളിലെ പങ്കുവെക്കലുകളുള്‍പ്പടെയുളള സാമൂഹ്യസാംസ്കാരിക ശീലം ആര്‍ജിക്കുന്നതില്‍ നിന്നകറ്റുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


    പ്രീതയക്ക് പ്രായം 46 കഴിഞ്ഞു. പഞ്ചായത്ത് കാര്യാലയത്തിലെ ക്ലാര്‍ക്കാണ്. കഴിഞ്ഞ അടച്ചിടല്‍ സമയത്താണ് ഒമ്പതാംക്ലാസില്‍ പഠിക്കുന്ന നീരദെന്ന തന്‍റെ മൂത്ത മകനെയും അഞ്ചില്‍ പഠിക്കുന്ന നിഹാലയേയും കൂടുതല്‍ സമയം അരികില്‍ കിട്ടിയത്.  ഏതാണ്ട് പൂര്‍ണ്ണസമയവും പുറുത്തിറങ്ങാതെ അടച്ചിട്ടിരിക്കുന്ന ആ കാലയളവ് ഇരുവരെയും പ്രീത നന്നായി ശ്രദ്ധിക്കുകയും കൂടുതല്‍ സ്നേഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  നീരദിന്‍റെ ശബ്ദം മാറിയതായി പ്രീതയ്ക്ക്  അനുഭവപ്പെടുന്നതപ്പോഴാണ്. എല്ലായിപ്പോഴുമില്ല,ചിലപ്പോഴൊക്കെ അവന്‍റെ ശബ്ദത്തിന് ഒരു കരകരപ്പ്. മൂന്ന് നാല് പ്രാവിശ്യം അവളത് നന്നായി ശ്രവിച്ചു നോക്കി. ടൊയ്ലറ്റിലാണെങ്കില്‍ അവന്‍ മൂത്രമൊഴിച്ച് പോയാല്‍ മൂത്രഗന്ധവും അല്‍പ്പം കടുത്തത്. അതോടുകൂടി അവള്‍ നീരദിനെ നന്നായി സൂക്ഷിച്ച് നിരീക്ഷിക്കാന്‍ തുടങ്ങി വിയര്‍പ്പിന്‍റെ ഗന്ധവും മാറുന്നുണ്ട്.

മുമ്പെന്നോ കൗമാരപ്രായക്കാരായ ആണ്‍കുട്ടികളെ കുറിച്ച് വിശദമായി ഫീച്ചര്‍ വന്ന ആനൂകാലികം അവളുടെ ഓര്‍മയില്‍ വന്നു. പിന്നെ അധികം സമയമെടുത്തില്ല. ആ ആഴ്ച്ചപതിപ്പെടുത്ത് സെറ്റിയിലേക്ക് നടന്നു. ഒരോ പേജും ആവേശത്തോടെ പഠിച്ചു. കൗമാര പ്രായത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളില്‍ സാധാരണമായി കാണുന്ന മാറ്റങ്ങളെ കുറിച്ച് ധാരണയുണ്ടാക്കി. അപ്പോള്‍ മുതല്‍ ഉളളിലൊരാധി തുടങ്ങി. പ്രീത പ്രസ്ഫോറിനോട് "ആഴ്ച്ച പതിപ്പ് വായിച്ചപ്പോള്‍ എനിക്കെന്‍റെ കൗമാരകാലം നന്നായി ഓര്‍ക്കാനായി, സഹവിദ്യാര്‍ത്ഥികളില്‍ നിന്നായിരുന്നു കൗമാരകാലത്തെ സംശയങ്ങളും മറ്റും അറിഞ്ഞിരുന്നത്. എന്‍റെ അമ്മ ടീച്ചര്‍ ആയിരുന്നതിനാല്‍ പീരിയഡ് പോലുളള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമ്മ സഹായിച്ചിരുന്നു. എങ്കിലും ആ കാലത്തെ മാനസികാവസ്ഥ കൂട്ടുകാരികളുമായി പങ്കുവെയ്ക്കുമ്പോള്‍ വേറൊരു വളര്‍ച്ച മനസ്സിന് വന്ന് ചേര്‍ന്നിരുന്നു. ഇപ്പോള്‍ എന്‍റെ മോനെ കുറിച്ച് നല്ല പേടിയുണ്ട്. നമുക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റാത്ത പല കാര്യങ്ങളും കുട്ടികള്‍ ഇപ്പോള്‍ എങ്ങനെ പഠിക്കുമെന്നാണ് എന്‍റെ പേടി."

വിദ്യാലയം കേവലം അറിവ് പകര്‍ന്ന്
നല്‍കുന്ന സ്ഥലം മാത്രമല്ലല്ലോ?
അനുഭവവും പകരുന്ന സ്ഥലമാണ്.
കുഞ്ഞുങ്ങളെ സമൂഹത്തിലേക്ക്
പാകമാക്കുന്നതും സ്കൂളില്‍
നിന്നാണ്. നിര്‍ഭാഗ്യകരമെന്നു
 പറയട്ടെ....

പ്രീത പങ്കുവെയ്ക്കുന്ന ആശങ്കയില്‍ നിന്നൊട്ടും വ്യത്യസ്ഥമല്ല പ്രദീപിന് തന്‍റെ മകള്‍ സൃഷ്ടിയുടെ കാര്യത്തിലും. കൂട്ടുകുടുംബത്തില്‍ നിന്നും അടര്‍ന്ന് മാറി പുതിയ ഫ്ളാറ്റിലേക്ക് വന്നതോടെ കുട്ടികള്‍ക്ക് അച്ചനും അമ്മയുമല്ലാതെ വേറാരുമില്ല. സൃഷ്ടി അഞ്ചാം ക്ലാസിലേക്ക് പാസായത് മുതലാണ്പ്രദീപും കുടുംബവും ഫ്ളാറ്റിലേക്ക് താമസം മാറിയത്. രണ്ടു വര്‍ഷം മുമ്പ് വരെ ഏക മകള്‍ സൃഷ്ടിയെ കുറിച്ച് അച്ഛനും അമ്മയ്ക്കും വലിയ ആശങ്കയുണ്ടായിരുന്നില്ല. കാരണം അവള്‍ക്ക് സ്കൂളില്‍ കൂട്ടുകാരും കൂട്ടുകാരികളും ധാരാളമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല. ഒന്നര വര്‍ഷമായി വീട്ടില്‍ നിന്നു തന്നെയാണ് പഠനം. അവള്‍ ടീനേജിലേക്ക് പ്രവേശിക്കുകയാണ്. പ്രദീപ് അസ്വസ്ഥനാകുന്നു."എത്ര കാലം ഇങ്ങനെ പോകും. കുട്ടികള്‍ക്ക് കുട്ടികളില്‍ നിന്നും കിട്ടേണ്ട ഒത്തിരി കാര്യങ്ങളില്ലേ? അവര്‍ക്ക് പങ്കുവെയ്ക്കല്‍ ഉള്‍പ്പടെയുളള ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സമപ്രായക്കാരില്‍ നിന്നല്ലേ സാധിക്കുക? എല്ലാം ശരിയാകുമെന്ന് കരുതി കാത്തിരിക്കാം. അച്ഛന്‍റെ സഹോദരനെ കോവിഡ് കൊണ്ടുപോയി. അത്രയൊന്നും വലിയ പ്രശ്നം അല്ലല്ലോയിത്." ഹയ്യര്‍ സെക്കണ്ടറി അദ്ധ്യാപകന്‍ പറയുന്നതിങ്ങനെ "വിദ്യാലയം കേവലം അറിവ് പകര്‍ന്ന് നല്‍കുന്ന സ്ഥലം മാത്രമല്ലല്ലോ? അനുഭവവും പകരുന്ന സ്ഥലമാണ്. കുഞ്ഞുങ്ങളെ സമൂഹത്തിലേക്ക് പാകമാക്കുന്നതും സ്കൂളില്‍ നിന്നാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ.... ലോകത്തെ എല്ലായിടത്തും സ്കൂള്‍ അടച്ചിട്ടിരിക്കുകയാണ്. കോവിഡാനന്തരം എല്ലാവരും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കും.നമുക്ക് സാധ്യമാകുന്ന വഴിയില്‍ അതിജീവിക്കാം."


അതെസമയം, സമപ്രായക്കാര്‍ പരസ്പരം നന്നായി സ്വാധീനിക്കുന്നുണ്ടെന്നത് സത്യമാണ്. എങ്കിലും പങ്കുവെയ്ക്കല്‍ സ്കൂളില്‍ നിന്നും പഠിക്കണമെന്ന്  വാശി  പിടിക്കുന്നതില്‍ അര്‍ത്ഥമില്ല.  സ്കൂളിനെ പോലെ കുട്ടികള്‍ക്ക് പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാന്‍ ഇപ്പോള്‍ ഫോണിലുളള നെറ്റുവര്‍ക്കുകള്‍ വഴിയും. അതും വെര്‍ച്ച്വല്‍ സ്കൂള്‍ ആണ്. സാങ്കേതിക വിദ്യയുടെ പുരോഗതി നമ്മള്‍ ഈ മഹാമാരിഘട്ടത്തില്‍ അതിജീവനത്തിനായി ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. അതാണ് ശരിയായ രീതിയെന്ന് കരുതന്ന അദ്ധ്യാപകരുമുണ്ട്. 21ാം നൂറ്റാണ്ടിന്‍റെ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി മഹാമാരി കാലഘട്ടത്തെ അതിജീവിക്കാമെന്ന് അവര്‍ കരുതുന്നു. അതില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്
 


Top