• Current Issue: December 2021
al azar college

       ഇതുവരെയുള്ള എല്ലാ ആധുനികതകള്‍ക്കും സാക്ഷിയും ഇരയുമായ  ഭൂമിക്കും അതില്‍ ബാക്കി യുള്ള ജൈവ സാന്നിദ്ധ്യങ്ങള്‍ക്കും അവയുടെ പുനരവതരണങ്ങള്‍ക്കും വേണ്ടി ജീവിക്കുന്നവളുടെ, അതിന് വേണ്ടി ബൗദ്ധികവും ആത്മീയവുമായി നിരന്തരം സഞ്ചരിക്കുന്നവളുടെ സന്ദേഹങ്ങള്‍ ആണ് ശ്രീജയെന്ന  ചിത്രകാരിയുടെ സൃഷ്ടികള്‍.
     
       കലയെക്കുറിച്ചുള്ള കഴിഞ്ഞകാലങ്ങളിലെ 'ആധുനിക'ചിന്തകള്‍ ഇനി  ആവശ്യമില്ല. കലയില്‍  ആധുനികത എന്താണെന്നും എന്തിനാണെന്നുമുള്ള  പുതിയ ചിന്തകള്‍ ആണ് ഇനി വേണ്ടത്. കാരണം ഇനി മനുഷ്യ നെക്കുറിച്ച് മാത്രമുള്ള നിര്‍വചനങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ഭൂമിയേയും അതിന്‍റെ നിലനില്‍പിനേയും കുറിച്ചുള്ള ചിന്തകള്‍ക്കാണ് ഇനി പ്രസക്തി. അറിയപ്പെടുന്ന ഈ പ്രപഞ്ചത്തിലെ ഏക ജൈവ ഗ്രഹത്തിലെ ജീവിക്കാനറിയാത്ത ജൈവസാന്നിദ്ധ്യംഎന്നുവരെ മനുഷ്യനെ ഇനി നിര്‍വചിക്കാം.  ലളിതമായി പറഞ്ഞാല്‍, വിന്‍സന്‍റ്റ് വാന്‍ ഹോഗ് (vincentGogh)ന്‍റ പ്രണയവും ചെവി മുറിക്കലും  ഇനി കവിത എഴുതാന്‍ പറ്റിയ വിഷയങ്ങളല്ല. ഗെര്‍ണികാ (Guernica)യുദ്ധത്തിനും ഫാസിസത്തിനും  എതിരെയുള്ള പ്രചാരണങ്ങള്‍ക്ക് ഇനി
യോജിക്കില്ല. (എനിക്ക് അത് ഒരു കാലത്തും ഫാസിസത്തിന്  എതിരായ ഒരു ഉദാഹരണം ആയിരുന്നില്ല. ഒരു സഹജീവിയെ കൊല്ലുന്നത് വിനോദത്തിന്‍റെ പേരില്‍ ടിക്കറ്റ് എടുത്ത് കണ്ടി രുന്ന  ഒരാള്‍ക്ക് അധികാരത്തിന് വേണ്ടി സഹജീവികളെ ബോംബിട്ട് കൊല്ലുന്നതില്‍ മാത്രം കരുണ തോന്നുന്നതില്‍ യുക്തിരാഹിത്യമുണ്ട്. ജീവിതവും ജീവിക്കാനുള്ള അവകാശവും എല്ലാജീവിതങ്ങളിലും തുല്യമാണ്.)
 
 
            വ്യാവസായിക വിപ്ലവം തുടങ്ങു ന്നതിന് മുന്‍പ് വരെ കുടുംബത്തിന്‍റെ സംരക്ണത്തിനായി കൃഷിയും  കലകളില്‍ അധിഷ്ടിതമായ നിര്‍മാണങ്ങളും ചെയ്തിരുന്ന സ്ത്രീയെ വ്യാവസായിക 'വിപ്ലവം' തുടങ്ങിയതിന് ശേഷം  വരുമാനമില്ലാത്തവളും ഫാക്ടറി ജീവനക്കാ രനായ ഭര്‍ത്താവിന്‍റെ പാചകക്കാരിയും പണത്തിന്   അയാളുടെ മുന്നില്‍ തൊഴു കൈയ്യോടെ നില്‍ക്കേണ്ടവളുമാക്കി മാറ്റിയെന്ന് പഠനങ്ങള്‍ പറയുന്നു.  വ്യാവസായിക വിപ്ലവത്തിന് ഇരയായ ഒരു മനുഷ്യനെ / പുരുഷനെ എങ്ങനെ  യന്ത്രത്തിന് തുല്യമായി ഉപയോഗിക്കാം എന്ന് Modern Times(1936) എന്ന സിനിമയിലൂടേയും ഭര്‍ത്താവിന്‍റെ ശമ്പള ദിവസം മദ്യത്തിനും വിനോദത്തിനും ആ പണം ഭര്‍ത്താവ്  ചിലവഴിക്കാതിരിക്കാന്‍ അയാള്‍  ജോലി ചെയ്യുന്ന സ്ഥലത്ത് പോയി കാത്ത് നില്‍ക്കുന്ന ഭാര്യയെ Pay Day(1922) എന്ന സിനിമയിലൂടേയും ചാര്‍ലി ചാപ്ലിന്‍   (charlie chaplin)അവതരിപ്പിച്ചിട്ടുണ്ട്.
 
        ആ 'വിപ്ലവം' ചിത്ര/ശില്‍പ കലയിലും സംഭവിച്ചിട്ടുണ്ട്. പുരുഷന്‍ ഫാക്ടറിക്ക് തുല്യമായ സ്റ്റുഡിയോകള്‍നിര്‍മിക്കുകയും അത് വരെ കലയുടേയും അന്നത്തിത്തിന്‍റെയും ഉടമയായിരുന്ന സ്ത്രീ അതിനുള്ളില്‍ പാചകക്കാരിയും ശരീരവും (model)  ആയി  മാറി.  അതേ സമയം അത്തരം ഇടങ്ങളില്‍ പുരുഷന്‍ നിര്‍മ്മിച്ച കലാസൃഷ്ടികളില്‍  സ്ത്രീയെ  കരയുന്നവളും യാചിക്കുന്നവളും ആയി ചിത്രീകരിക്കപ്പെട്ടു.  ആ സൃഷ്ടികളെ ഉദാത്തമായ ആധുനിക കലയുടെ ഭാഗധേയമായി വിലയിരുത്തി/നിര്‍വചിച്ചു.  താന്‍ വരച്ച വരകള്‍ എല്ലാം ചേര്‍ത്ത് വച്ചാലുള്ള ദൂരത്തിന് തുല്യമായ വേദനകള്‍ താന്‍ മറ്റുള്ളവരില്‍/സ്ത്രീകളില്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്ന  പാബ്ളോ പിക്കാസോയുടെ  കുറ്റസമ്മതവും മുകളില്‍പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് വായിക്കണം. സാമ്പത്തിക സ്വാതന്ത്ര്യയത്തിന്‍റെയും വ്യത്യസ്ത കലകളുടേയും സമൃദ്ധികളില്‍ നിന്നും  നിഷ്ക്രിയതകളുടെ  ഇരുട്ടിലൂടെ സഞ്ചരിച്ച്, കലയെക്കുറിച്ച് ചിന്തിക്കുകയും  ആ 'അടുക്കള'യില്‍ കലക്ക് കൂടി ഇണങ്ങുന്ന പുതിയ ഒരിടം
കൂടി കണ്ടെത്തുകയാണ്, നഷ്ട്ടകാലങ്ങളെ തിരിച്ച് കൊണ്ട് വരുന്നതാണ്  ഒരു ചിത്രകാരി
സൃഷ്ട്ടിക്കുന്ന  കലയിലെ ഇനിയുള്ള ആധുനികത. അത് കൊണ്ട് ശ്രീജ പള്ളം ആധുനിക ചിത്രകാരിയാണ്; അടുക്കളയില്‍ നിന്നും ആര്‍ട്ടിസ്റ്റ്   സ്റ്റുഡിയോയിലേക്കുള്ള  സര്‍ഗ്ഗപാത
നിര്‍മിച്ചവള്‍ എന്ന നിര്‍വചനത്തിന് അര്‍ഹതയുള്ളവള്‍.
 
          ആധുനിക കാലത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കുള്ള വ്യക്തിബന്ധങ്ങളുടെ എണ്ണം എത്ര നിസ്സാരമാണെന്ന് കാണിക്കുന്ന, 2014 ല്‍ പ്രസിദ്ധീകരിച്ച ഒരു മലയാളി എഴുത്തുകാരന്‍റെ ഇംഗ്ലീഷ് ചെറുകഥ (The Majestic Profiteer) ആരംഭിക്കുന്നത്, ഏകനും അവിവാഹിതനുമായ അതിലെ പ്രധാന കഥാപാത്രം  തന്‍റെ ജീവിതത്തില്‍ ആകെയുള്ള സൗഹൃദങ്ങളും ബന്ധങ്ങളുമായിട്ടുള്ള  272 പേര്‍ക്ക്  2010 ടലുലോയലൃ13നാം തീയ്യതി രാത്രി, തന്‍റെ കമ്പ്യൂട്ടറിന്‍റെ  മുന്നിലിരുന്ന്  ഒരു ഇമെയില്‍ സന്ദേശം അയക്കുന്നതായിട്ടാണ്. അതിന് ശേഷം ആകഥാപാത്രത്തെ ആരും ഒരിക്കലും കണ്ടിട്ടിട്ടില്ല. അയാള്‍ അയച്ച ആ സന്ദേശത്തില്‍ പറയുന്നത് 'നിങ്ങള്‍ ജീവിക്കുന്ന ഈ ലോകം വലിയൊരു  ചലനമില്ലായ്മയിലേക്കും അതിനെ തുടര്‍ന്നുള്ള നിശബ്തതയിലേക്കും പ്രവേശിക്കാന്‍ പോകുന്നു' എന്നും അതിന്‍റെ ഉത്തരവാദിത്വം മനുഷ്യന്  തന്നെ ആയിരിക്കും എന്നാണ്.
 
ഇതൊരു കഥയിലെ യാദൃശ് ചികത എന്ന് ആ  കഥ വായിച്ചിട്ടുള്ളവരില്‍ ആര്‍ക്കും അന്ന് തോന്നിയിരിക്കാം. പക്ഷേ ആ കഥ പ്രസിദ്ധീകരിച്ച്  ആറ് വര്‍ഷങ്ങളേ ആയിട്ടുള്ളൂ,  ആ കഥയിലെ ഏകനായ കഥാപാത്രം  പ്രവചിച്ച  ചലനമില്ലായ്മയിലും അതിനെ തുടര്‍ന്നുള്ള നിശ്ശബ്ദത യിലുമാണ് ഇന്ന് ഈ ലോകം കഴിയുന്നത്. ഞാന്‍ ഇത് എഴുതുമ്പോള്‍  കുറച്ചകലെയുള്ള ഒരു പൊതു നിരത്തിലൂടെ  ഒരു വാഹനത്തിലോ നടന്നോ എനിക്ക് പോകാന്‍ കഴിയില്ല. കടകളും നിരത്തുകളും അടച്ചിട്ടിരിക്കുന്നു. എന്തും വിജനമായി കിടക്കുന്നു.
 
സര്‍ഗാത്മകത കൈകാര്യം ചെയ്യുന്ന ഒരാള്‍ക്ക്, തനിക്കും താന്‍ ജീവിക്കുന്ന ലോകത്തിനും സംഭവിക്കാന്‍ പോകുന്ന, തീര്‍ച്ചയായും ഒരു അസ്വീകാര്യതയെ/അപകടത്തെ എങ്ങനെയാണ് മുന്‍കൂട്ടി കാണാന്‍ കഴിയുന്നത്? സര്‍ഗാത്മകത എന്നത് ഒരു ഭാവനയെ, ചിന്തയെ,  വസ്തുവിനെ നിലവില്‍ അവ ഏത് അവസ്ഥയിലാണോ അതില്‍ നിന്നും വ്യത്യസ്തമായി ചിത്രീകരിക്കുക/ അവതരിപ്പിക്കുക മാത്രമല്ല, താന്‍ ജീവിക്കുന്ന ലോകത്തെകൂടി വ്യത്യസ്ഥവും  മുന്‍ക്കൂട്ടിയും  കാണുക കൂടിയാണ്. അത്തരംഒരു കാഴ്ചയാണ് മുന്‍പ് പറഞ്ഞ കഥയില്‍ കഥാകാരന്‍ നടത്തിയ നിരീക്ഷണം. അതേ നിരീക്ഷണങ്ങളുടെ കലവറയാണ് ശ്രീജ പള്ളത്തിന്‍റെ കല സൃഷ്ടിക്കുന്നതും. ഈ ഭൂമിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ആണവ. മറ്റൊരു ഗ്രഹത്തില്‍ പോയി ജീവിക്കാം എന്ന് കരുതിയിരിക്കുന്നവര്‍ക്കും  ശ്രീജയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചേ പറ്റൂ, കാരണം ഇവിടെ ജീവിച്ചു പരിശീലിച്ച ഒരു ജൈവ പ്രക്രിയയെ മാത്രമേ അജൈവമായ ഒരിടത്തേക്ക് പറഞ്ഞയക്കാന്‍ തല്‍ക്കാലംകഴിയൂ. 
 
ഒരു കലാകൃത്ത് എന്തിന് തന്‍റെ  സൃഷ്ടികളില്‍, ആ സൃഷ്ടി
കളുടെ ഭാഷ കൂടാതെ   അതിന് വേണ്ടിവന്ന  ആശയങ്ങളും കൂടി നിര്‍മ്മിക്കുന്നു എന്ന് കലയെ നിര്‍വ്വചിക്കുന്നതിനിടയില്‍ കടന്ന് വരുന്ന ചോദ്യമാണ്. കല ഇന്നതായിരിക്കണം എന്ന ചരിത്രപരമായ നിര്‍ബന്ധങ്ങളുടെ ഭാഗവും വിശ്വാസത്തിലെ  നിബന്ധനകള്‍  പോലെയുമാണത്. ഒരു കലാകൃത്ത്  സ്വതന്ത്രമായ വ്യക്തിയാണ്.അവള്‍/അയാള്‍ എപ്പോഴും നിര്‍വചനങ്ങള്‍ക്ക് ഇരയാകണം എന്നില്ല. പ്രകൃതിയേയും അതിലെ എല്ലാ ജൈവ സൃഷ്ട്ടികളേയും കുറിച്ചുള്ള ചിന്തകളിലും ആകാംഷകളിലും അധിഷ്ഠിതമായിരിക്കുന്ന ഒരാളുടെ സര്‍ഗ്ഗ സൃഷ്ടികളില്‍ ആ ആളിന്‍റെ ചിന്തകള്‍ ഉണ്ടായിരിക്കുന്നത് സ്വാഭാവികം. അവിടെ മറ്റൊരാളുടെ നിര്‍വചനങ്ങള്‍ അസ്വാഭാവികം ആയിരിക്കും.
 
തീ പിടിച്ച ഒരു മുറിയില്‍ നിന്നും താന്‍  ആദ്യം രക്ഷിക്കുന്നത്  അതിനുള്ളിലെ ഒരു പൂച്ചയെ ആയിരിക്കുമെന്നും അതിന് ശേക്ഷം മാത്രമേ അവിടെയുള്ള ഒരു റെം ബ്രാന്‍റിനെ (Rembrand Painting)       രക്ഷിക്കുകയുള്ളൂ എന്ന് ആല്‍ബര്‍ട്ടോ ജീക്കോ മേറ്റീ (Alberto Giacometti)പറഞ്ഞിട്ടുണ്ട്. ഒരു സഹജീവിയോടുള്ള ഒരു കലാകൃത്തിന്‍റെ  പ്രതിബദ്ധത/ഉത്തരവാദിത്തം   ആണത്. അതേ ഉത്തരവാദിത്തം   ആണ് ശ്രീജ തന്‍റെ കലയിലും ജീവിതത്തിലും പ്രാവര്‍ത്തികമാക്കുന്നത്. താന്‍ ജീവിക്കുന്ന, തന്‍റെ ആശ്രയമായ ഭൂമിയെന്ന മഹാ ഇടത്തില്‍ താന്‍ സൃഷ്ട്ടിക്കുന്ന സര്‍ഗ്ഗ രചനകള്‍, ആ ഭൂമിയുടെ തന്നെ ഭാഗധേയങ്ങള്‍ മാത്രമല്ല, അവകാശങ്ങളുമാണ്. മരങ്ങളും കാടുകളും നദിയും പാറകളും അവക്കിടയില്‍ ജീവിക്കുന്ന അനേകം   ജീവിതങ്ങളുമാണവ. മനുഷ്യന്‍റെ കൈകള്‍ കൊണ്ട് അവക്ക് സംഭവിക്കുന്ന നിരന്തര ആക്രമണങ്ങളേയും നാശങ്ങളേയും ശ്രീജ കാണുന്നുണ്ട്. അങ്ങനെ ശ്രീജയുടെ കല, പ്രകൃതി ബോധത്തിന്‍റെ  രേഖകളും പ്രകൃതിക്കും സഹജീവികള്‍ക്കും വേണ്ടിയുള്ള  പ്രതിരോധങ്ങളും കൂടിയാണ്.
 
ചിത്രകല, ഒരു അനാവശ്യ പ്രവര്‍ത്തനം എന്ന്  കാണുന്ന സമൂഹങ്ങളും അതേ സമൂഹങ്ങളുടെ സൃഷ്ട്ടികളായ ഗവണ്മെന്‍റുകളും ഒരു വശത്ത്. എഴുപത്  ശതമാനം ജലം നിറഞ്ഞ് കിടക്കുന്ന ഭൂമിയിലെ ആ മുഴുവന്‍ ജലത്തേയും  മലിനമാക്കിയിട്ട് ചന്ദ്രനില്‍ വെള്ളം തേടിപ്പോകാന്‍ തയ്യാറെടുക്കുന്ന ശാസ്ത്രം.  ദിവസം 150 ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാകുന്ന പ്രകൃതി ചൂക്ഷണം.  ഭൂമിയിലെ പ്രാണവായുവിനെ മുഴുവനും മലിനമാക്കിയിട്ട്, അത് ഒട്ടുമില്ലാത്ത  ചൊവ്വാഗ്രഹത്തില്‍  പോയി 'ജീവിക്കാന്‍' കാത്തിരിക്കുന്ന സമ്പന്നത എന്ന അനീതി. ഇതിനിടയിലാണ്  ഭൂമിയെ മുഴുവനും  അതിന്‍റെ  തനിമയിലേക്ക് തിരിച്ച് കൊണ്ട് വരണമെന്നും ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന ഇടമായി മാറണമെന്നും ഭൂമിയിലെ സമ്പത്ത് തുല്യമായി വീതിക്കണമെന്നും  ചിലര്‍ വാദിക്കുന്നത്. അതിലൊരാളാണ് ചിത്രകാരിയായ ശ്രീജ. അത് കൊണ്ടാണ് ശ്രീജയുടെ കല സന്ദേഹങ്ങള്‍ കൂടിയാണ് എന്ന് പറഞ്ഞത്. അതേ സമയം  അത്  മഹാ പ്രതീക്ഷകളുമാണ്.
 
ചൊവ്വ ഗ്രഹത്തിലെ ആ നിര്‍ജ്ജീവ വന്യതയിലേക്ക് കുടിയേറാനുള്ള  ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നവര്‍ അറിയുക, ആ യാത്രക്ക് ഇനിയും കാത്തിരിക്കണം ഒരു നൂറ്റാണ്ട് എങ്കിലും. പക്ഷേ അങ്ങനെയൊരു കാത്തിരിപ്പിന്‍റെ ആവശ്യം വരില്ല, കാരണം ഗ്രെറ്റ തുമ്പെറി (Greta Thunberg),  മേധ പാട്കര്‍ (Medha Patkar) ശ്രീജ പള്ളം പോലുള്ളവരുടെ വാക്കുകളും വരകളും ശ്രദ്ധിക്കാതെ  പോയാല്‍, ആ പരമ ബോറന്‍ ശൂന്യാകാശ യാത്ര (  Intergalatic travel)
നിലവിലുള്ള മനുഷ്യരാശിയുടെ  വളരെ അടുത്തുള്ള 'വംശനാശം' (Extinction) എന്ന കവല വരേയേ എത്തൂ.
 
പക്ഷേ, ശ്രീജ തന്‍റെ സന്ദേഹങ്ങളും സന്ദേശങ്ങളുമായ  സര്‍ഗാത്മകതകളെ  തുടര്‍ന്നും ചെയ്തു  കൊണ്ടേയിരിക്കും; ഈ ഭൂമിയിലെ ഒരു ജൈവസാന്നിദ്ധ്യമായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ സര്‍ഗാത്മക ബോധങ്ങളെ ജീവിക്കാനുള്ള അടിസ്ഥാന പ്രമാണങ്ങളായി  (Manual) സ്വീകരിക്കുകയും പിന്തുടരുകയും കൈമാറുകയും ചെയ്യാം

 


Top