• Current Issue: December 2021
al azar college

സട കുടഞ്ഞെഴുന്നേല്‍ക്കാന്‍ ഇന്ത്യന്‍  യൂണിയന്‍ മുസ്ലീംലീഗ്; 
നിര്‍ണ്ണായക യോഗം ഒക്ടോബര്‍ രണ്ടിന്
എ.എം യാസിര്‍

 
 
കോഴിക്കോട് : നേതൃത്വപരമായ പ്രതിസന്ധിയില്‍ നിന്നും കരകയറാനും സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കാനും ലീഗ് പ്രവര്‍ത്തക സമിതിയോഗം ഒക്ടോബര്‍ രണ്ടിന് ചേരും. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തെതുടര്‍ന്ന് പ്രതിസന്ധികളുടെ കൊടുങ്കാറ്റുകളാണ്  മുസ്ലിം ലീഗ് പാര്‍ട്ടിയെ അസ്വസ്ഥമാക്കിയത്.
 
ചന്ദ്രിക വിവാദം, ഹരിത വിഷയം തുടങ്ങി നിരവധി പ്രശ്‌നങ്ങളള്‍ നേതൃത്വത്തെ വിവിധ ചേരികളാക്കി പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു. പാര്‍ട്ടി ഭരണഘടനപോലും അംഗീകരിക്കാതെ ഉന്നത നേതാക്കള്‍ പരസ്യപ്രസ്ഥാവനകള്‍ ഇറക്കി. ഇവയോരോന്നും പാര്‍ട്ടിയേയും പോഷക സംഘടനകളേയും ദുര്‍ബലപ്പെടുത്തുന്നതായി അണികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ പശ്്ചാത്തലത്തില്‍ ചില സുപ്രധാന തിരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ സെപ്തംമ്പറില്‍  140 അംഗ പ്രവര്‍ത്തക സമിതി വിൡക്കാന്‍ തിരുമാനിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് യോഗം ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു. 
 
പാര്‍ട്ടിയുടെ സംഘടനാസംവിധാനം ഒരു ദശാബ്ദകാലമായി കുത്തഴിഞ്ഞുകിടക്കു
കയാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്ക് കേഡര്‍ സ്വഭാവമില്ല. ജനറല്‍ സെക്രട്ടറി പദവിക്ക് മുമ്പുണ്ടായിരുന്ന ശക്തിയും ശേഷിയുമില്ലാതായിട്ട് ഒരു ദശകം കഴിഞ്ഞു. കെ.പി എ മജീദ ആയിരുന്നു കഴിഞ്ഞ പത്തുവര്‍ഷം ആ സ്ഥാനത്തുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സംഘാടനശേഷി ദുര്‍ബലമാണെന്നും ചില നേതാക്കളുടെ റബര്‍ സ്റ്റാമ്പാണ് മജീദെന്നുമുളള വിമര്‍ശനം കീഴ്ഘടകങ്ങളില്‍ പോലും വ്യാപകമാണ്.
 
മുന്‍കാലങ്ങളില്‍ കൊരമ്പയില്‍ അഹമ്മദ് ഹാജിയെ പോലുളള ശക്തരും ദിശാബോധമുളളവരും ഇരുന്ന കസേരക്ക് ഇപ്പോള്‍ ആക്രിവിലയാണെന്നാണ് ഒരു ഉന്നത നേതാവ് ഈയിടെ അടക്കം പറഞ്ഞത്. പാര്‍ട്ടിയെ നയിക്കുന്നതില്‍ വലിയ പരാജയമായിരുന്നിട്ടും കെ.പി.എ മദീദിന് തിരൂരങ്ങാടിയില്‍ മത്സരിക്കാന്‍ സീറ്റുനല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതെതുടര്‍ന്ന് പി.എം.എ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഉന്നതാധികാരസമിതിയില്‍ ധാരണയുണ്ടായി. ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സലാമിന് പൂര്‍ണ്ണാധികാരം നല്‍കുന്ന കാര്യം രണ്ടാംതിയ്യതി നടക്കുന്ന യോഗത്തില്‍ തിരുമാനിക്കും. 
 
സലാമിനെ ജനറല്‍ സെക്രട്ടറിയാക്കുന്നതിന്  കാര്യമായി എതിര്‍പ്പ് ഉയര്‍ത്തുന്നത് മജീദും മാഹിന്‍ ഹാജിയുമാണ്. ഇരുവരും വ്യക്തിപരമായ ആഗ്രഹം കാരണമാണ് എതിര്‍പ്പ് ഉയര്‍ത്തുന്നതെന്ന കാര്യം ഏറെക്കുറെ പരസ്യവുമാണ്. പാര്‍ട്ടിയെ സംഘടനാപരമായി ശക്തമാക്കാന്‍ പിഎംഎ സലാമിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കാല്‍ നൂറ്റാണ്ട് കാലം ഇടുതപക്ഷ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ച സലാമിന് പാര്‍ട്ടിയില്‍ കേഡര്‍ സ്വഭാവം കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹത്തിനെ താല്‍ക്കാലിക ചുമതല ലഭിച്ച ചെറിയ കാലയളവില്‍ തന്നെ തെളിഞ്ഞുവെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നും അറിയാനാകുന്നത്. 
 
മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ മകന്റെ സ്വേച്ഛാധിപത്യത്തിന് കീഴിലായിരുന്ന എറണ്ണാകുളം ജില്ലാകമ്മിറ്റി  കുഞ്ഞിന് പാര്‍ട്ടിയിലെ സ്വാധീനം മറികടന്നും അദ്ദേഹത്തിന്റെ വെല്ലുവിളി വകവെക്കാതയും പുനര്‍ക്രമീകരിച്ചത് പിഎംഎ സലാമിന്റെ മിടുക്കായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതെസമയം, സ്ത്രീകളോടുളള പാര്‍ട്ടിയുടെ നയം എന്തായിരിക്കണമെന്ന കാര്യത്തിലും നിര്‍ണ്ണായക തിരുമാനം യോഗത്തില്‍ ഉണ്ടാകുമെന്ന സൂചനയുണ്ട്. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് കരുതുന്നവരും പാര്‍ട്ടിയില്‍ സജീവമാണ്.


Top