• Current Issue: December 2021
al azar college

 
തമിഴ് സിനിമാ വിപണിയുടെ കേന്ദ്രീകൃത കൊമേഴ്സ്യൽ സമവാക്യങ്ങളെ  വിപരീതക്രമത്തിൽ ചേർത്ത്  സിനിമാ പതിവു മസാലക്കൂട്ടുകളെ സീൻ റോളണ്ടിൻ്റെ പശ്ചാത്തല സംഗീതത്തിൽ മിക്സ് ചെയ്തെടുത്തപ്പോൾ മെഗാസ്റ്റാർ സൂര്യക്ക് ലഭിച്ചത് സാമ്പത്തിക വിജയവും രാഷ്ട്രീയ സത്യന്ധതയുള്ള ഒരു സിനിമ. അതാണ് ജയ് ഭീം എന്ന തമിഴ് സിനിമ.
 
മെഗാസ്റ്റാർ ഭാരമില്ലാതെ എന്നാൽ താരത്തിളക്കം ഒട്ടും കുറയാതെ സിമ്മിലിട്ട കോപതാപത്തോടെയുള്ള സൂര്യയുടെ വക്കീൽ കഥാപാത്രത്തിൻ്റെ ( അഡ്വക്കേറ്റ് ചന്ദ്രു)  വിസ്മയിപ്പിക്കുന്ന അഭിനയം പ്രോട്ടഗണിസ്റ്റ് ഇരുളർ ഗോത്രവർഗ്ഗ കഥാപാത്രമായ സെൻഗനിക്ക് ( ലിജിമോൾ ജോസ് ) തൻ്റെ വർഗ്ഗത്തെ അടിച്ചമർത്തി അദ്ധ്വാനംകൊള്ളയടിക്കുന്നവർക്കെതിരെ പിന്നാമ്പുറം കാണിക്കാനുള്ള ധൈര്യം പകരുന്നു. പോലീസ് കള്ളക്കേസിൽ കുടുക്കിയ തൻ്റെ ഭർത്താവ് രാജക്കണ്ണിൻ്റെ ( മണികണ്ഠൻ ) കസ്റ്റഡിപീഢനത്തിനും മരണത്തിനും നീതിതേടി ഹൈക്കോടതിയിലെത്താനുള്ള വാതിൽ അയാളിലൂടെ സെൻഗനിക്ക്  തുറന്നു കിട്ടുന്നു. നിരക്ഷരരും, നിസ്വരുമായ ജനതക്ക് മറ്റെന്തുമാർഗ്ഗം.
 
ഇവിടെ സൂപ്പർ സ്റ്റാറിൻ്റെ രക്ഷക റോൾ ആസ്വാദകന് സേവ്യർ കോംപ്ലക്സ് ഉണ്ടാക്കിയില്ലെങ്കിൽ എന്തോ കുഴപ്പമുണ്ട്. തമിഴിലെ സ്ഥിരം മാസ് ചേരുവ പരിപാടിയാണല്ലോ രക്ഷകനായ നായകൻ ? 1993 ൽ കുറുമ്പർക്കിടയിൽ നടന്ന യഥാർത്ഥ സംഭവമാണ് സിനിമക്ക് അവലംബം. സ്റ്റിയറിംഗ് ഒന്ന് തിരിച്ച് പിടിച്ച് തമിഴ് രാഷ്ട്രീയത്തിലൂടെ ഒന്നു കറങ്ങിയിട്ടു വരാം.
 
1925 ഇ.വി രാമസ്വാമി നായ്ക്കർ (പെരിയാർ) കോൺഗ്രസ്സ് വിടുന്നു. താൻ മുന്നോട്ടു വച്ച നോൺ ബാഹ്മിൺ റിസർവേഷൻ തള്ളിയതായിരുന്നു കാരണം. പെരിയാർ മാർക്സിസത്തിലും സോവിയറ്റു യൂണിയനിലും പ്രേരിതനായി സാമൂഹിക ബദൽ പ്രോഗ്രാമായി ജാതി, വർഗ്ഗം, ലിംഗസമത്വം വിമോചനപദ്ധതി മുന്നോട്ടു വക്കുന്നു. 1944 ൽ DK ( ദ്രാവിഡ കഴകം) ഉണ്ടാക്കുന്നു. പിന്നീടിതിന് രണ്ടു രാഷട്രീയ ശാഖികളുണ്ടാകുന്നു. DMK & AlDMK . 1967 ൽ അധികാരത്തിൽ വന്ന DMK അഴിമതിയിൽ മുങ്ങി 1977 ൽ ജനപ്രീതിയിലും ജനഹിതത്തിലും വളർന്ന് എം ജി രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെടുന്നു. ഇവരാരും തന്നെ ഭൂപരിഷ്കരണം, സ്ത്രീധനം,ജാതിപോലുള്ള സെൻസിറ്റീവ് വാഗ്ദാനങ്ങൾ നല്കിയില്ല, തൊട്ടില്ല.
 
1980 തിൽ BC , MBC ( Most Backward caste) അതിൽ നിന്ന് PMK ( പട്ടാളി മക്കൾ കച്ചി) ഉണ്ടാകുന്നു. 
സിനിമയിലേക്കു തിരിച്ചു കയറുമ്പോൾ 1995 ലെ ഓപ്പണിംഗ് സീനിലും സീക്വൻസിലുമാണ് ജയ് ഭീം സിനിമ ആരംഭിക്കുന്നത്. പോലീസ് ഓഫീസർ ആളുകളെ പിരിച്ചു നിർത്തുകയാണ്. ' നീ എന്തയാൾ ' എന്നാണു പോലീസ് ഓഫീസറുടെ ചോദ്യം. ഇരുളർ ,ദലിതർ എന്നു പറയുമ്പോൾ മാറ്റി നിർത്തുന്നു.  അധികാരജാതിയിൽപ്പെട്ടവരെയും ഇടത്തരജാതികളെയും വെറുതെ വിടുന്നു. ദലിതരെയും ഗോത്രവിഭാഗത്തെയും എല്ലാ കേസുകളും ചുമത്തി അകത്തിടുന്നു. തമിഴ് കക്ഷിരാഷ്ട്രീയം ജാതീയതയുടെ പീഢനം, വിവേചനം കാണാതെ കവച്ചു നടക്കുകയായിരുന്നു എന്ന് സിനിമ ബോദ്ധ്യപ്പെടുത്തുന്നു. ഇന്ത്യയിലെങ്ങും ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഘടനയിലും രൂപത്തിലും ചില വ്യത്യാസങ്ങളുണ്ടെന്നു മാത്രം. അതുകൊണ്ട് തന്നെ രാജ്യം എന്നും ഭരണഘടനക്കെതിരായി പ്രവർത്തിക്കുന്നു.
 
രാജകണ്ണന് അസംഖ്യം ജാതീയ അവഹേളനങ്ങളുടെ പരിക്ക് എല്ക്കുന്ന സിനിമയിലെ രംഗങ്ങൾ ഇതിനോട് ചേർത്ത് കാണാം.
 
ദലിതരും ഗോത്രവർഗ്ഗവും അവരുടെ രാഷ്ട്രീയ സാമ്പത്തികാവസ്ഥയിൽ തട്ടി പുറമ്പോക്കിനു പുറത്ത് മറകെട്ടി കഴിയുന്ന  ദൃശ്യങ്ങളിലൂടെയാണ്  സിനിമയുടെയാത്ര. പിന്നീടുള്ള ദാരുണ പോലീസ് മർദ്ദനങ്ങളിലേക്കും മുറകളിലേക്കും സഞ്ചരിക്കുമ്പോൾ മൂന്നുമണിക്കൂറുകൾ സിനിമയിൽ അകപ്പെട്ടുപോകും. ഹൃദയം കല്ലിച്ചു പോകും.
 
അടിയന്തിരാവസ്ഥയിൽ തുടങ്ങി ഈ കാലത്തും പോലീസ് മർദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും എല്ലാ മനുഷ്യാവകാശങ്ങളെയും അവഗണിച്ചുകൊണ്ട് കാടത്തത്തോടെ വാഴുന്നു. നിങ്ങൾ കുറ്റമൊന്നും ചെയ്യാതെതന്നെ കുറ്റവാളിയാകുന്ന അരാഷ്ട്രീയ ഫാസിസ്റ്റ് ജീവിതാവസ്ഥയാണ് ഇന്ത്യയിലുള്ളത് എന്ന വിചാരണകളിലേക്ക് സിനിമകൊണ്ടുപോകുന്നു. സിനിമയിൽ ഒരു സീക്വൻസ് പോലീസ് പീഢനങ്ങളുടെ ഇരുള വിഭാഗത്തിൻ്റെ പരാതിയാണ്. ഇൻക്വസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്വോഗസ്ഥനുമുന്നിൽ അവർ പറയുന്നത് പോലീസിനു മുന്നിൽ തൊഴുതാൽ, അവരെ കണ്ട് ഒളിച്ചാൽ, എന്തിനും അടിയും പീഢനങ്ങളും. എങ്ങനെ പെരുമാറണമറിയാത്ത അവസ്ഥ.
 
ഇൻക്വസ്റ്റ് ചെയ്യുന്ന പോലീസുദ്യോഗസ്ഥൻ( പ്രകാശ് രാജ്) അത് കേട്ട് അസ്വസ്ഥനാകുന്നു. നമ്മൾ ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ആ രംഗം അധികാരികളെ ആവർത്തിച്ച് മറവിക്കെതിരെ ഒരു കലാപമായി ഓർമ്മിപ്പിക്കുന്നുണ്ട്.
സിനിമയിലെ ചെങ്കൊടിയും വക്കീൽ ചന്ദ്രുവിൻ്റെ സഹായഹസ്തവും നിങ്ങളെ ചൊടിപ്പിച്ചെങ്കിൽ നിർഭാഗ്യമെന്നേ പറയാനുള്ളു. 
 
ജയ് ഭീം സിനിമക്കും അതിൻ്റെ പിന്നണി മുന്നണി പ്രവർത്തകർക്കും ആത്മാർത്ഥതക്കും ധൈര്യത്തിനും നന്ദിപറഞ്ഞാൽ മതിയാകില്ല. തങ്ങളുടെ സ്വത്വമെന്താണെന്നറിയാതെ പുറമ്പോക്കിനു പുറത്ത് പാമ്പിനെയും എലിയെയും പിടിച്ച് അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുന്ന ഇരുളർ വിഭാഗത്തിന് മുഖ്യധാരയിലേക്ക് ശ്രദ്ധാമാർഗമായ സിനിമ. സിനിമ കാണുകയെന്നാൽ അവരോടു ഐക്യപ്പെടുക എന്ന രാഷ്ട്രീയഭാവനകൂടിയാണ്.
 
വിസാരണൈ, കാക്കമുട്ടൈ , പരിയേറും പെരുമാൾ, കർണ്ണൻ തുടങ്ങി ജാതിരാഷ്ട്രീയം സൂക്ഷ്മമായി പരിശോധിക്കുന്ന തമിഴ്സിനിമകൾ ഇതോടൊപ്പം കാണേണ്ട സിനിമകളാണ്. തമിഴ് സാഹിത്യത്തോടൊപ്പം സിനിമയും രാഷ്ട്രീയ ചുവടിന് ചുവന്ന പരവതാനി വിരിക്കുന്നതായി കാണാം.
 
 
 
 


Top