• Current Issue: December 2021
al azar college

നമ്മുടെ നാട്ടില്‍ ഏത് സംഭവവും രണ്ട് പ്രതിഭാസങ്ങളിലൂടെയാണ് പ്രത്യക്ഷപ്പെടുക. കച്ചവട തന്ത്രങ്ങളിലൂടെയും വര്‍ഗ്ഗീയതയിലൂടെയും. മുതലാളിത്തം എല്ലാറ്റിനേയും തൊട്ട് ലാഭത്തിനായുളള ചരക്കാക്കി മാറ്റുന്നു. ആഗോളമുതലാളിത്തത്തിന്റെ കാലത്ത് ജീവിക്കുന്ന നമുക്ക് മുമ്പില്‍ മാര്‍ക്കറ്റിങ്ങി ലൂടെയാണ് എല്ലാം വന്നെത്തുന്നത്. മറ്റൊന്ന് വര്‍ഗ്ഗീയതയാണ്. അയല്‍ക്കാര്‍ തമ്മിലുളള കൊച്ചുകശപിശപോലും വര്‍ഗ്ഗീയമായി മാറിപ്പോയേക്കാവുന്ന ഭീതിദാവസ്ഥ. കമിതാക്കളുടെ ഒളിച്ചോട്ടം തൊട്ട് പിടിച്ചുപറി വരെ അതില്‍പ്പെട്ടരുടെ മതം നോക്കി, വര്‍ഗ്ഗീയമായി കൈകാര്യം ചെയ്യുന്ന എല്ലാം തല കീഴായിപ്പോ യ അവസ്ഥ. ദേശീയതയെ ഹിന്ദുത്വമാക്കി മാറ്റി കൊണ്ട് മുപ്പതില്‍ പരം വര്‍ഷങ്ങളായി തീവ്ര ഹിന്ദുത്വശക്തികള്‍ നടത്തികൊണ്ടിരിക്കുന്ന സാംസ്‌കാരിക അധിനിവേശം നമ്മുടെ രാജ്യത്തെ ക്യാന്‍സര്‍ പോലെ ബാധിച്ചിരിക്കുന്നു. അവര്‍ അപരവല്‍ക്കരിക്കുന്ന മതങ്ങള്‍ / സമുദായങ്ങള്‍ ശക്തമായ സ്വത്വ ബോധത്തിലൂന്നി ഇതിനെ ചെറുക്കുകയും ചെയ്യൂന്നു. കലങ്ങി മറിഞ്ഞതും ഹിംസാത്മകമായ ദുശകുനങ്ങള്‍ നിറഞ്ഞ തുമായ ഈ വല്ലാത്ത കാലത്താണ് നമ്മുടെ രാഷ്ട്രീയ -സാംസ്‌കാരിക മേഖലകളിലേക്ക് മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷം വന്നെ ന്നെത്തുന്നത്.
 
 
സാമ്രാജ്യത്തവിരുദ്ധമായ ഒരു പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്ന് ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാവുന്നതേയുളളൂ. എന്നാല്‍ രാജ്യത്തിന്റെ എല്ലാ അധികാരങ്ങളും ഇപ്പോള്‍ കയ്യിലൊതുക്കിയ സംഘപരിവാര്‍ മലബാര്‍കലാപചരിത്രത്തിന്റെ ഒരംശം മാത്രം അടര്‍ത്തിമാറ്റികൊണ്ട് അതായത് ഹിന്ദുക്കള്‍ക്കുനേരയുളള അക്രമണവും നിര്‍ബന്ധിതമതമാറ്റവും മുഖ്യവിഷയമാക്കികൊണ്ട് വ്യാപകമായ വര്‍ഗ്ഗീയ പ്രചാരണമാണ് നടത്തിവരുന്നത്. 387 മലബാര്‍ സമരപോരാളികളെ സ്വാതന്ത്ര്യസമരരക്തസാക്ഷി പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. നവഫാസിസം ജീവിതത്തിന്റെ എല്ലാമേഖലകളിലും അവരുടെ രക്തദാഹിയായ കൈകള്‍ വിടര്‍ത്തിയിരിക്കുന്ന ഈ നേരത്ത് ഭാവിപൗരന്മാരുടെ സുരക്ഷയോര്‍ത്തെങ്കിലും നമ്മുടെ മഹത്തായ പാരമ്പര്യത്തിലെ മതേതര, ജനാധിപത്യ മൂല്ല്യങ്ങള്‍ പുനസ്ഥാപിക്കേണ്ടതുണ്ട്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാഷ്ട്രീയ -സാംസ്‌കാരിക മേഖലയിൽ അതുണ്ടാക്കുന്ന അലയൊലികള്‍ എന്താണെന്ന് ലഘുവായി പരിശോധിക്കാം.
 
 
മലബാര്‍ കലാപം അരങ്ങേറിയ കാലം തൊട്ട് ഇന്നുവരെ അത് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്്. വിദേശ യുണിവേഴ്‌സിറ്റികളില്‍ അത് ഇന്നും ഗവേഷണവിഷയമാണ്. സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേര്‌കേട്ട ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രാദേശികമായ നിസ്വരും ദരിദ്രരുമായ വിഭാഗം പുറം ലോകത്ത്് നിന്ന് യാതൊരു ആയുധ, സാമ്പത്തിക സഹായവുമില്ലാതെ ഏഴുമാസം തങ്ങളുടെ ഭൂഭാഗം മോചിപ്പിച്ച് അവിടെ ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കുക. അസാധ്യമോ, അല്‍ഭുതമോ ആയിതോന്നുന്ന ഈ കാര്യമാണ് മലബാര്‍ കലാപത്തിന്റെ ചരിത്രവഴികളിലേക്ക് ഇപ്പോഴും ചരിത്രാന്വേ ഷകരുടെ ജിജ്്ഞാസയുടെ കണ്ണുകള്‍ പായിക്കുന്നത്.
 
 
വിദേശത്തുളള ഗവേഷകര്‍ ഉള്‍പ്പടെ മറ്റനേകം പേര്‍ മലബാര്‍ കലാപത്തെ കുറിച്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നമ്മുടെ ഭാഷയില്‍ തന്നെ മാതൃഭുമി പത്രത്തിന്റെ  മാനേജിങ് എഡിറ്റര്‍ ആയിരുന്ന  കെ മാധവന്‍ നായര്‍ കൂടാതെ കെ.എന്‍ പണിക്കര്‍, എം ഗംഗാധരന്‍, എന്നിവരുടേതടക്കം അനേകം പ്രൗഡ ഗ്രന്ഥങ്ങള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. എന്നാല്‍ മലബാര്‍ കലാപത്തിന്റെ നൂറാംവാര്‍ഷികമായതോടെ ഒരുപാട് ഗ്രന്ഥങ്ങള്‍ മാസന്തോറും ഇറങ്ങുന്നു. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടിക്കാരും മതസാമുദായിക സംഘടനകളും ബുദ്ധിജീവികളും അതിന്റെ ചരിത്രപരമായ മൂlyത്തെ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. 
 
ഏറ്റവും വലിയ ജനപ്രിയരൂപമായ സിനിമയാണ് മലബാര്‍ കലാപത്തെ പറ്റിയുളള ജനശ്രദ്ധയെ കൂടുതല്‍ ഉദ്ദീപിപ്പിച്ചത്. കൊമേഴ്‌സ്യല്‍ സിനിമാരംഗത്തെ പ്രവര്‍ത്തിക്കുന്ന ആഷിഖ് അബു, മലബാര്‍ കലാപ നായകന്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ച്, പൃഥിരാജിനെ നായകനാക്കി ഒരു സിനിമ ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചു. കൂടാതെ പിടി കുഞ്ഞുമുഹമ്മദും, അതിന് ബദലായി ബി.ജെ.പി സംസ്ഥാനസമിതിയംഗവും സംവിധായകനുമായ അലിഅക്ക്ബര്‍ വാരിയൻ കുന്നത്ത് ഹാജിയെ വില്ലനാക്കി  മറ്റൊരു സിനിമയും പ്രഖ്യാപിച്ചു. സെന്‍സേഷണലിസം വാരിവിതറുന്ന മാധ്യമങ്ങള്‍ അവയുടെ സര്‍ക്കുലേഷനും റേറ്റിങും വര്‍്ദ്ധിപ്പിക്കാന്‍ ഈ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തുവിളമ്പി. വാരിയൻ കുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രം കണ്ടെത്തി അതിനെ മുഖചിത്രമാക്കി പ്രസിദ്ധീകരിച്ച റമീസ് മുഹമ്മദിന്റെ 'സുല്‍ത്താന്‍ വാര്യന്‍കുന്നന്‍' എന്ന പുസ്തകം വീണ്ടും ഈ വിഷയത്തെ സജീവമാക്കി. ഫ്രഞ്ച് ആര്‍ക്കൈവ്‌സില്‍ നിന്നാണ് ഈ ഫോട്ടോ കണ്ടെത്തിയതെന്ന് റമീസ് മുഹമ്മദ് അവകാശപ്പെട്ടിരുന്നു. 
 
മലബാര്‍ കലാപം യഥാര്‍ത്ഥത്തില്‍ വിശക്കുന്നവന്റെ കലാപമാണ്. ആഹാരവും ഭൗതികമായ നിലനില്‍പ്പും നഷ്ടമായ ഒരു ജനത അക്കാലത്തെ ലോകത്തിലെ സായുധശക്തിക്കുമുന്നില്‍ മുട്ടുമടക്കാതെ ചെയ്ത പോരാട്ടത്തിന് ഒരുപാട് മുഖങ്ങളുണ്ടെന്നത് സത്യമാണ്. എന്നാല്‍ ചരിത്രത്തിന്റെ ആഴത്തിലേക്ക് ചെന്ന് പരിശോധിച്ചാല്‍ 1921 ല്‍ സംഭവിച്ച കലാപം പെട്ടെന്നുണ്ടായ ഒരു സംഭവമല്ലെന്ന്് മനസിലാക്കാം. 1838 മുതല്‍ ചെറുതും വലുതുമായ കലാപങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നുപോന്നിരുന്നു. ടിപ്പുവിനെ പരാജയപ്പെടുത്തിയശേഷം മലബാര്‍ ബ്രിട്ടീഷുകാരുടെ കരങ്ങളിലെത്തിയതോടെ ജന്മി-കുടിയാന്‍ ബന്ധത്തില്‍ അവര്‍ നടത്തിയ ബാലന്‍സിങ്ങില്ലാത്ത ക്രയവിക്രയങ്ങളാണ് അതിനെ ഉണ്ടാക്കിയത്. ടിപ്പുവിന്റെ കാലത്ത് നിലനിന്നിരുന്ന ഉദാരമായ ജന്മി-കുടിയാന്‍ വ്യവസ്ഥ ബ്രിട്ടീഷുകാര്‍  കുടിയാന്‍മാര്‍ക്ക് കൂടുതല്‍ ദുരിതം നല്‍കുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കുകയും അങ്ങിനെ കാണ കുടിയാനെ കൃഷിഭൂമിയില്‍ നിന്നു ഒഴിവാക്കാനുളള അവകാശം ജന്മിക്ക് കൊടുക്കുകയും ചെയ്തു. നമ്മുടെ ഭൂമിയത്രയും അന്ന് ദേവസ്വം ബ്രഹ്മസം എന്നീ പേരുകളില്‍ സവര്‍ണ്ണ വിഭാഗത്തിന്റെ കൈവശമായിരുന്നു. ജാതി ശ്രേണിയിലെ മേല്‍ത്തട്ടിലുണ്ടായിരുന്ന നമ്പൂതിരിമാര്‍ക്കാണ് ഭൂമിയുടെ അവകാശം കൈവന്നിരുന്നത്. ബ്രിട്ടീഷ് ദാസന്മാരായ ചില മുസ്ലിം പ്രമാണിമാര്‍ക്കും നാമമാത്രമായ ഭൂ അവകാശമുണ്ടായിരുന്നു. 
 
നമ്മുടെ ദേശ ത്തിന്റെ ആധുനിക പ്രക്രിയയില്‍ മറ്റു മത മാറ്റം ഒരു പ്രധാന സംഗതിയായിരുന്നു.ജാതിവ്യവസ്ഥയിൽ ജന്തു ക്കളെ പോലെ പരിഗണി ക്കപ്പെട്ടിരുന്ന അധസ്‌തി തർക്ക്   തെരുവിലൂടെ നട ക്കാനും തോട്ടം പണിക്കാരകാനും അത് അവസരം നൽകി. തൊട്ടുകൂടാത്തവർക്കും തീണ്ടാപാടകലെ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും ഇസ്ലാമിലേക്കുളള മതമാറ്റവും 'മനുഷ്യപദവി' നേടിക്കൊടുത്തു ഇങ്ങനെ ഇസ്ലാമിലേക്ക് വന്ന കൃഷിപണിക്കാരും അധസ്ഥിതരുമായവരുആണ് മലബാര്‍ കലാപത്തിന്റെ അടിത്തറയില്‍  കൂടുതലും ഉണ്ടായിരുന്നത്. കൃഷിഭൂമിയില്‍ എല്ലുമുറിയെ പണിചെയ്തിട്ട് കിട്ടുന്ന വലിയ പങ്ക് ജന്മിയും ഇടനിലക്കാരും കൊണ്ടുപോകുന്നതുകൂടാതെ കുടിയൊഴിപ്പിക്കലിന്റെ മാരണവും വന്നെത്തിയതോടെ സൂഫിധാരയിലുളള മതപണ്ഡിതരുടെ തീഷ്ണമായ നീതിബോധം ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും എതിരെ പോരാടാൻ അവരെ പ്രേരിപ്പിക്കുകയായിരുന്നു. അനീതിക്കെതിരെ പോരാടി മരണം വരിച്ച് സ്വര്‍്ഗ്ഗം നേടാമെന്ന ആധുനികതക്ക് അയുക്തികമായ് തോന്നുന്ന ആശയരൂപങ്ങള്‍ മലബാര്‍ കലാപത്തില്‍ സൂക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്കൊപ്പം സവര്‍ണ്ണരും അവര്‍ണ്ണരും മറ്റുപിന്നോക്കവിഭാഗക്കാരും ചേര്‍ന്നതായും രേഖകളുണ്ട്. 
 
ഇങ്ങനെ സത്യാത്മകമാyi ചിന്തിച്ചാല്‍ ഹിന്ദുമതത്തിന്റെ അഭ്യന്തരവൈരുദ്ധ്യവും അതിലെ ജാതിവ്യവസ്ഥയും തന്നെയാണ് നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് തുടക്കം കുറിച്ചതെന്ന് കാണാം. ബ്രാഹ്മണിക്കല്‍ വ്യവസ്ഥയുടെ അഴുകിയ അപചയങ്ങളില്‍ നിന്നാണ്  മതമാറ്റങ്ങൾ ഉണ്ടായതെന്ന് കാണം.അങ്ങിനെ  യഥാർഥ്യത്തെ മറച്ചുവെച്ചാണ് സംഘപരിവാര്‍ മലബാര്‍ കലാപത്തിലെ ഹിന്ദു പീഢനങ്ങളെ പറ്റ് വാ തോരാതെ സംസാരിക്കുന്നത്. എന്നാല്‍ വളരെ പഴയ ചരിത്രത്തില്‍ ഇന്ന് കാണുന്ന രീതിയിലുളള ഒരു വര്‍ഗ്ഗീയത കാണാനാകില്ല. ബ്രിട്ടീഷുകാരുടെ വരവോടെയാണ് നാം ഇന്നുകാണുന്ന വര്‍ഗീയതയെന്ന സാമൂഹിക പ്രതിഭാസം ഉടലെടുത്തത്. അവര്‍ തങ്ങളുടെ നിഷ്ഠൂര ഭരണത്തിനെതിരെയുളള ജനരോഷത്തെ ചിതറിതിരിക്കാനുംവഴിത്തിരിച്ചുവിടാനും സമര്‍ത്ഥമായി സാമുദായിക ധ്രൂവീകരണം അവര്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. പഴയകാലത്ത് മിക്ക ജന്മിമാരുടേയും കാര്യസ്ഥന്‍മാര്‍ മുസ്ലിങ്ങളായിരുന്നു. കൂടാതെ മമ്പുറം തങ്ങളും ജന്മിമാരിലെ പ്രമുഖരുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്ന്് ചരിത്രരേഖകളില്‍ കാണാം. 
 
മലബാര്‍ കലാപത്തില്‍ വര്‍ഗ്ഗിയതയും ഹിന്ദുമതപീഢനവും പ്രധാന പങ്കുവഹിച്ചിട്ടില്ലെന്ന് കണ്ടെത്താനാകും. എംപി നാരായണമേനോന്റെ പുസ്തകവും മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരപ്പാടിന്റെ പുസ്തകവും  അതിനടിവരയിടുന്ന ചരിത്ര രേഖകളാണ്. വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ വിമോചന പ്രദേശം മുസല്‍മാന്റെ രാജ്യമല്ലെന്ന്് പ്രഖ്യാപിക്കുകയും അയാളുടെ പ്രധാന പടയാളി ഹിന്ദുമതവിഭാഗത്തിലെ വ്യക്തിയായിരുന്നുവെന്നതും ഒരു കളളകഥകള്‍ക്കും മാച്ചുകളയാനാകില്ല. ബ്രിട്ടീഷുകാര്‍ മലബാര്‍ കലാപത്തെ ഹിന്ദു -മുസ്ലിം കലാപം എന്ന രീതിയില്‍ ഭരണകൂട വാര്‍ത്തകളിലൂടെയും തങ്ങളുടെ ദാസ്യരായ പത്രങ്ങള്‍ വഴിയും പ്രചരിപ്പിക്കുകയായിരുന്നു. മഹത്വ്യക്തികള്‍ പോലും ആ പ്രചരണത്തില്‍ പെട്ടുപോയി. നൂറു വര്‍ഷത്തിനുശേഷം സംഘപരിവാരവും ചെയ്യുന്നത് ബ്രി്ട്ടീഷുകാര്‍ അനുവര്‍ത്തിച്ച ആ ഗൂഡപ്രചാരണം തന്നെയാണ്. മലബാര്‍ കലാപം സംബന്ധിച്ച സംഘപരിവാറിന്റെ ആഖ്യാനത്തിൽ ഹിന്ദുക്കളോടുളള ആഭ്യമുഖ്യത്തേക്കാള്‍ മുസ്ലീങ്ങളോടുളള വെറുപ്പാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് കാണാം. വാഗണ്‍ ട്രാജഡി സംഭവത്തില്‍ ഹിന്ദുക്കളായ പോരാളികളും ഉള്‍പ്പെട്ടിരുന്നു എന്നത് ചരിത്രവസ്തുതയാണ്. കൂടാതെ നിരവധി ഹിന്ദുക്കളെ പോരാട്ടത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ കൊന്നിട്ടുമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചൊരിഞ്ഞവരെ മറക്കാനും അപമാനിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ സംസ്‌കാരത്തെ അതിവേഗം  ആപത്തിലേക്ക് നയിക്കും എന്ന് പറയേണ്ടതില്ലല്ലോ.
 
മലബാര്‍ കലാപത്തിന്റെ നൂറാവാര്‍ഷികത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുസ്ലിം സമുദായസംഘടനകള്‍ തീവ്രനിലപാടുളള മുസ്ലിം സംഘടനകള്‍, സംഘപരിവാര്‍ സാഹിത്യകാരന്മാരും ചരിത്രകാരും അടക്കമുളള സാംസ്‌കാരിക നായകര്‍ തുടങ്ങിയവരുടെ വ്യത്യസ്ത പ്രതികരണങ്ങൾ lചര്‍ച്ചകളും സെമിനാറുകളുമായി ശബ്ദമുഖരിതമാണ് വാരിയൻ  കുന്നത്തിനേയും മലബാര്‍ കലാപത്തിന്റെ പോരാട്ടവീര്യത്തേയും മുസ്ലിം രാഷ്ട്ര നിര്‍മ്മാണത്തിന്റെ ചാലകശക്തിയായി ഉയര്‍ത്തിപിടിച്ച് സംഘപരിവാറിനോടുളള ശക്തമായ പ്രതിരോധം ഉണ്ടാക്കാനും മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. സംഘ്പരിവാര്‍ വിതക്കുന്ന വര്‍ഗ്ഗീയ കൊയ്ത്തിന് ആക്കം കൂട്ടാനേ ഇതുകൊണ്ട് കഴിയുകയൂളളൂ. ഇത്തരം അപകടകരമായ പ്രവണത ഇപ്പോള്‍ ദൃശ്യമാണ്. 
 
ചുരുക്കത്തില്‍ മലബാര്‍ കലാപത്തെ കുറിച്ച് മൂന്ന് പ്രധാന ആഖ്യാനങ്ങളാണ് ഇന്ന് ലഭ്യമായിട്ടുളളത്. 1. മലബാര്‍ കലാപം ഹിന്ദുക്കള്‍ക്കെതിരായ കലാപമായിരുന്നുവെന്ന സംഘപരിവാര്‍ പരിപ്രേക്ഷ്യം
 
2. ഇസ്ലാമിക വിമോചനത്തിന്റെ പ്രത്യയശാസ്ത്രം ഖനനം ചെയ്‌തെടുത്ത് അതിനെ മാത്രം സ്ഥാപിക്കുന്ന ചില മുസ്ലിം ഗ്രൂപ്പുകളുടെ വീക്ഷണം 
 
3. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വര്‍ഗ്ഗബന്ധാധിഷ്ടിതമായ കാഴ്ച്ചപാട്.
 
ഈ മൂന്ന്് കാഴ്ച്ചപാടുകള്‍ക്കപ്പുറം നിലനില്‍പ്പിനുവേണ്ടി അടിസ്ഥാനവിഭാഗം ചെയ്്ത ഒരു സമരത്തെ ലഘൂകരണങ്ങളില്ലാതെ സമഗ്രമായി നോക്കികാണുകയും സാമ്രാജ്യത്തവിരുദ്ധ മായും ദേശീയ സമരത്തിന്റെ ഭാഗമായും അവര്‍ നടത്തിയ ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങളെ  ഓര്‍ത്തെടുക്കുകയും സംഘപരിവാറിന്റെ നശീകരണപ്രവണതയെ ചെറുക്കുകയും ചെയ്യുക എന്നതാണ് ഇക്കാര്യത്തില്‍ യഥര്‍ത്ഥ പൗരന്റെ എളിമയുളള ധര്‍മ്മം.
 
 
 
 
 

 


Top