• Current Issue: December 2021
al azar college

നിർമ്മാണ കേരളം @ 65 അഥവാ ഒരു ദുരഭിമാനക്കൊലയുടെ കഥ 

കേരളപ്പിറവിയുടെ 65മത് ഓര്മപുതുക്കലാണ് ഈ കേരളപ്പിറവിദിനത്തിൽ നാം കൊണ്ടാടുന്നത് .മാറിമാറിഭരിച്ച ഗവണ്മെന്റുകളുടെ ഒത്താശ യോടെത്തന്നെയാണ് കാർഷികകേരളം ഇവ്വിധം ദയനീയമായി തകർന്നടിഞ്ഞതും അതൊരു നിർമാണ കേരളമായി പൊങ്ങി വന്നതും .കേരളത്തിന്റെ മുഖഛായയിൽ വന്ന ഈ വലിയമാറ്റം തുടരേയെത്തുന്ന പ്രളയമായും ഉരുൾ പൊട്ടലായും കാലാവസ്ഥമാറ്റമായും ഇപ്പോഴുള്ളതിനേക്കാൾ അതിദാ രുണമായി വരുംതലമുറകൾ അനുഭവിക്കുക തന്നെവേണ്ടിവരും . നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ കടന്നെത്തുന്ന തദ്ദേശീയരല്ലാത്ത കെട്ടിടം പണിക്കാരെ ഉപയോഗിച്ച് മലയും വയലും ഭേദമില്ലാതെ പടുത്തുകെട്ടുന്ന കെട്ടിടങ്ങളിലായിരിക്കുന്നു വർഷങ്ങളായി കേരളത്തിന്റെ മൂലധനനിക്ഷേപം മുഴുവനും. കേരളത്തിനകത്തും പുറത്തുമായി മലയാളികൾ സമ്പാദിച്ചെടുക്കുന്ന ഓരോ നാണയത്തുട്ടും ഒട്ടും ഉത്പാദനക്ഷമമല്ലാത്ത കെട്ടിടം പണിയിൽ ഒടുക്കുന്നു. എന്തുകൊണ്ടായിരുന്നു 'കാർഷികകേരളം' എന്ന ഒരു പ്രകൃതത്തിൽനിന്ന് 'നിർമാണ കേരള'ത്തിലേക്കുള്ള കേരളത്തിന്റെ മാറ്റം. ആ മാറ്റത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ശ്രമിക്കുകയാണിവിടെ.
പ്രധാന കാരണങ്ങൾ താഴെ കൊടുക്കുന്നു. 
 
1.കൃഷിയിൽനിന്ന് സേവനത്തിലേക്ക്
 
കേരളപ്പിറവിക്കാലത്തെ മലയാളിയുടെ പ്രധാന ഉപജീവനമാർഗം കൃഷിതന്നെയായിരുന്നു.അതും പൂർണമായും മാന്വൽ ആയ പ്രകൃതിയെ ആശ്രയിച്ചുള്ള  കൃഷി. ഒരു വർഷം കൂടി കഴിഞ്ഞ് 1957ലാണ് KSEB കേരളത്തിൽ പ്രവർത്തനം തുടങ്ങിയത്. നേരത്തെ ഉറങ്ങുകയും( രാത്രി 8മണിക്ക് മുൻപേ തന്നെ )പുലർകാലത്തുണരുകയും ചെയ്തിരുന്ന വാച്ചോ ക്ലോക്കോ വിരളമായിരുന്ന , മണ്ണെണ്ണവിളക്കിന്റെ വെളിച്ചം മാത്രമുള്ള 65വർഷം മുൻപത്തെ മലയാളിയെ പുതു തലമുറയ്ക്ക് സങ്കൽപിക്കാൻപോലുമാവില്ല .വേണ്ടത്ര വിദ്യാലയങ്ങളോ റോഡോ വാർത്താവിനിമയ മാർഗങ്ങളോ പുസ്തകങ്ങളോ വാഹനങ്ങളോ അറിവോ പണമോ, കടകളോ, യന്ത്ര സംവിധാനങ്ങളോ ഒന്നുമില്ലാതെ അവർ പാടത്തു നിലമുഴുതു, വെള്ളം തേവി നനച്ചു, വിതച്ചു, കൊയ്തു.നെല്ല് കുത്തി, നെല്ല് കുത്തിയവർ മാത്രമുണ്ടു. പരിമിത സാഹചര്യങ്ങൾ മാത്രമുണ്ടായിരുന്ന, അടിമുടി കായികധ്വാനം ആവശ്യമുണ്ടായിരുന്ന ഈ സഹസികകാലത്തെ പുതുതലമുറ 'ഞങ്ങളായിരുന്നെങ്കിൽ...' എന്ന് പുച്ഛിക്കുന്നു. ജോലി തന്നെ ജീവിതവും ജീവിതം തന്നെ ജോലിയുമായിരുന്ന പഴയ യാതനാ കാലഘട്ടത്തെ തിരസ്കരിക്കുന്നു, പലപ്പോഴും വ്യാജമായ ചരിത്രം മെനയുക കൂടി ചെയ്ത് ആ കാലത്ത് ജീവിച്ചവരിൽ അവശേഷിക്കുന്നവരെ ക്രൂരമായി വേദനിപ്പിക്കുന്നു .  അക്കാലത്ത് ചേറും തവളയും കൊറ്റിയും തത്തയും തോടും കുളവും പുഴയുമൊന്നും ഇന്നത്തേതുപോലെ മരിച്ചുപോയിട്ടില്ലായിരുന്നു.നമ്മുടെ 44 നദികളും വർഷങ്ങളുടെ ഒഴുക്കിനാൽ രൂപപ്പെടുത്തിയ മണൽകൂമ്പാരങ്ങൾ ഒളിപ്പിച്ചു ശാന്തമായൊഴുകി കടൽതൊട്ടു. തോടുകളും പാടങ്ങളും അരുവികളും തടസ്സങ്ങളില്ലാതെ പുഴയിലെത്തി . ഓടോ ഓലയോ മേഞ്ഞ,ശബ്ദവും വെളിച്ചവും അകത്തു കയറുന്ന വീടുകളിൽ ആളുകൾ ഫാനിടാതെ a. C എന്തെന്നറിയാതെ ക്ഷീണിച്ചുറങ്ങി . 
 
കൃഷിയിൽ നിന്ന് സേവനമേഖലയിലേക്കുള്ള മാറ്�
സേവനമേഖലയിലേക്കുള്ള മാറ്റമാണ്‌ പിന്നീട് കേരളം കണ്ടത് . വിദ്യാഭ്യാസത്തിലെ വളർച്ച, കാലാവസ്ഥയെ മാത്രം ആശ്രയിച്ചു ചെയ്യു ന്ന ഒരു തൊഴിലിന്റെ ഉറപ്പിക്കാനാവാത്ത  വിജയസാധ്യത,വികസനത്തിനനുസരിച്ചു രൂപപ്പെട്ട മറ്റ് തൊഴിലുകൾ,അഭ്യസ്ത വിദ്യരുടെ കൂടുതൽ സുഖകരമായ തൊഴിലുകളിലേക്കുള്ള  ഒഴുക്ക്, ഗതാഗതരംഗത്തുള്ള വളർച്ചമൂലം കേരളത്തിന്‌ പുറത്തെ തൊഴിൽസാദ്ധ്യതകൾകണ്ടെത്തിയത് ,
ഗൾഫ്‌ബൂം,വൈറ്റ് കോളർ മാനിയ തുടങ്ങിയവയൊക്കെ ഈ മാറ്റത്തിനു ആക്കം കൂട്ടി.അതോടെ കൃഷിചെയ്യാതെ വയലുകൾ  പലയിടത്തും കാടുപിടിച്ചു കിടന്നു . കൃഷി ഭൂമി വിൽക്കുകയും അവ പിന്നീട് മറ്റ് നിർമാണപ്രക്രിയകൾക്കുപയോഗിക്കുകയും ചെയ്തു.കൃഷി വളരെ വില കുറഞ്ഞ ഒരു ഏർപ്പാടായി.വീട്ടുമുറ്റത്തെ വൈക്കോൽ കൂനയുടെ ഭാരമുള്ള വീട്ടിലേക്കു നല്ല മരുമകളെ കിട്ടാതായി. ഉള്ള കൃഷിഭൂമി വിറ്റുപെറുക്കി രക്ഷ്താക്കൾ മക്കളെ വിദേശത്തു വി ടുകയൊ സ്കൂളിലെ ടീച്ചർപണിക്ക് ചേർക്കുകയോ ചെയ്തു. അക്ഷരർത്ഥത്തിൽ കൃഷിഭൂമി നിർമാണപ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. Q പുതിയ ഉടമകളിൽ പലരും  ഭൂമിയെ തരം മാറ്റിയെടുക്കുകയും പുതിയ കെട്ടിടസമുച്ചയങ്ങൾ കൊണ്ട് അവിടം കണ്ടാലറിയാത്തവിധം മാറ്റിയെടുക്കുകയും ചെയ്തു.അതോടെ കാർഷിക കേരളം നിർമാണ കേരളമാവാനുള്ള വഴിതുറന്നു .
 
2.ഭൂപരിഷ്കരണം
1970 മുതൽ നിലവിൽ വന്ന ഭൂപരിഷ്കരണനിയമം ഭൂവുടമകളുടെ കൈവശഭൂമി 15 ഏക്കറ ആയി നിജപ്പെടുത്തി. ഇതോടു കൂടി പാട്ടഭൂമിയായും പട്ടയമായും ഭൂവുടമകളുടെ കയ്യിലുണ്ടായിരുന്ന അളവിൽ കവിഞ്ഞ ഭൂമി കൃഷി ചെയ്യുന്നവർക്ക് വിഭജിച്ചു നൽകി.കൃഷി ചെയ്യുന്നവർക്ക് ഭൂമി എന്ന ഈ  വലിയ വിപ്ലവത്തിനു ശേഷം ഉൽപാദിപ്പിക്കപ്പെട്ട ഭക്ഷ്യധാന്യതിന്റെ അളവ് കുറയുകയാണ് ചെയ്തത്.ഭൂമി കൃഷിക്കല്ലാതെ മറ്റ് നിർമാണപ്രക്രിയകൾക്കു ഭൂമി ഉപയോഗിച്ചുതുടങ്ങി. കാലം പിന്നിട്ടപ്പോൾ അനാവശ്യ കെട്ടിടങ്ങളും ഫ്ലാറ്റ് സാമൂച്ചയങ്ങളും പട്ടയഭൂമികളിൽ പതിവായി.
 
 
 
3.കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ചയും ജനസംഖ്യ വർദ്ധനവും 
 
കൂട്ടുകുടുംബം അണുകുടുംബങ്ങളായി ചിതറിയതോടെ വിവാഹിതരായ ഓരോ സ്ത്രീപുരുഷന്മാരും സ്വന്തമായി വീട് നിർമ്മിക്കാൻ തുടങ്ങി. ഒരു ദമ്പതിക്കു ഒരു വീട് എന്നത് ഭൂവിസ്ത്രിതി കുറഞ്ഞ കേരളത്തിന്‌ താങ്ങാനാവാത്തതായിരുന്നു. നിർമിക്കുന്ന വീടിന്റെ വലിപ്പം, അപഹരിക്കുന്ന സ്ഥലവും മുറിക്കപ്പെടുന്ന മരങ്ങളും, ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിവിഭവങ്ങളും എന്നിവ കൊണ്ട് വലിയ പ്രകൃതി നാശമാണ് ഇതുണ്ടാക്കിയത്. കാർഷിക കേരളത്തെ നിർമാണ കേരളമാക്കുന്നതിൽ കുടുംബവ്യവസ്ഥിതിയിലുള്ള ഈ മാറ്റം വഹിച്ച പങ്ക് ചെറുതല്ല. ജനസംഖ്യവർദ്ധനവ് നിർമിക്കുന്ന വീടുകളുടെ എണ്ണത്തിന്റെയും പ്രകൃതി നാശത്തിന്റെയും വ്യാപ്തി ഭീകരമായി കൂട്ടി.
 
4. ഗൾഫ്‌ബൂമും റിയൽ എസ്റ്റേറ്റും 
1930കളിലാണ് അറബ് രാജ്യങ്ങളിലെ അസംസ്കൃത എണ്ണ ശേഖരത്തെപ്പറ്റി  അറിവ് ലഭിക്കുന്നത് . എണ്ണ ഖനനം വ്യവസായികടിസ്ഥാനത്തിൽ തുടങ്ങിയ 50കൾ മുതൽഅറബ് രാജ്യങ്ങൾ വൻ സാമ്പത്തികക്കുതി പ്പുതുടങ്ങി.  ഈ രാജ്യങ്ങളിലെ കുറഞ്ഞ ജനസംഖ്യ, തൊഴിലാളികളുടെ കുറവ് എന്നിവ തൊഴിലില്ലായ്‌മ ഏറെയുള്ള കേരളത്തിൽ നിന്ന് തൊഴിലാളികളുടെ ഒരു ഒഴുക്കുണ്ടാവാൻ കാരണമായി.UAE, സൗദി , ഖത്തർ,കുവൈറ്റ്‌ ഒമാൻ, ബഹ്‌റൈൻ  തുടങ്ങിയ രാജ്യങ്ങൾ കേരളത്തിലെ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്ന ഇടത്തരമോ അതിൽ താഴെയോ സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിലെ അവിദഗ്ദത്തൊഴിലാളികൾക്ക് സ്വപ്നതുല്യമായ സാധ്യതയാണ് ഗൾഫ്‌ബൂം തുറന്നുകൊടുത്ത്.അവരുടെ കഠിനധ്വാനമാണ് സത്യത്തിൽ കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസപുരോഗതിയുടെ അടിസ്ഥാനം തന്നെ. ഇപ്പോൾ വർഷം ഏകദേശം 5,500 കോടിയാണ് രൂപയാണ്  ഗൾഫ് മലയാളികൾ കേരളത്തിലേക്കയക്കുന്നത്.കേരള ഗവണ്മെന്റിന്റെ വാർഷിക ചെലവിന്റെ 1.8 മടങ്ങു വരുമിത്. വരുമാനത്തിന്റെ ഈ വൻ ഇൻഫ്ലോ കേരളത്തിന്റെ ക്രയവിക്രയം വളരെയധികം കൂട്ടി.ഇസ്ലാമികരാജ്യങ്ങളിലേക്കുള്ള  ഒഴുക്ക് കേരളത്തിലെ മുസ്ലീം ജനതയ്ക്ക് വളരെ അനുകൂലമായി.എന്നാൽ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും നിർമാണപ്രക്രിയകൾക്കാണ് ഗൾഫ് മലയാളി ഉപയോഗിച്ചത്. പുഴകളിലെ മണലും ക്വറികളിലെ കല്ലും ടിപ്പർ ലോറികളിൽ ഒഴുകി. കൊട്ടാര സദൃശമായ വീടുകളും കച്ചവടസ്ഥാപനങ്ങളും ഫ്ലാറ്റുകളും മാളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളുമെല്ലാം ഗൾഫ്‌മലയാളി കെട്ടിപ്പടുത്തു. ആത്മീയസ്ഥാപനങ്ങൾ മറ്റൊരുവഴിക്കു മാനംമുട്ടെ വളർന്നു. ഭൂമി വില്പനയും വാങ്ങലും തകൃതിയായി. 1970 കളിൽ തുടങ്ങിയ ഈ ഗൾഫ് ബൂമാണ്‌ കേരളത്തിലെ പല കുടുംബങ്ങളുടെയും ജീവിതനിലവാരം മാറ്റിമറിച്ചത്.കേരളത്തെ ത
കളിൽ തുടങ്ങിയ ഈ ഗൾഫ് ബൂമാണ്‌ കേരളത്തിലെ പല കുടുംബങ്ങളുടെയും ജീവിതനിലവാരം മാറ്റിമറിച്ചത്.കേരളത്തെ തന്നെ മാറ്റിമറിച്ചത്.ഒരു കാർഷിക കേരളത്തെ നിർമാണകേരളമാക്കിയത്.
 
 
വാക്ചാതുരിയും കൂർമ്മബുദ്ധിയുമുള്ള ആളുകൾക്ക് പെട്ടെന്ന് പണമുണ്ടാക്കുന്നതിനുള്ള ഒരു മാർഗമായി റിയൽ എസ്റ്റേറ്റ് എന്ന സമാന്തരതൊഴിൽ വളർന്നുവന്നു . കൊറോണ കാലഘട്ടം വരെ റിയൽ എസ്റ്റേറ്റ് കേരളത്തിൽ വളർന്നു പന്തലിച്ചു നിന്നു . വലിയൊരു വിഭാഗത്തിന്റെ തൊഴിലായിരുന്നു റിയൽ എസ്റ്റേറ്റ്. ശരീരികധ്വാനമോ പരിശീലന മോ ആവശ്യമില്ലാത്ത ഈ തൊഴിലാളികൾ വില്പനക്കാരനും വാങ്ങുന്നവനുമിടയിലെ ദാല്ലാളായിനിന്നു ക്രയവിക്രയത്തിന്റെ വേഗം കൂട്ടുന്നു. ഓരോ കച്ചവടത്തിലും ദ ല്ലാളുമാരുടെ കീശ നിറയുന്നു.കാർഷിക കേരളത്തെ ഒരു നിർമാണ കേരളമാക്കിയതിൽ റിയൽ എസ്റ്റേറ്റ് മാഫിയക്കു വലിയ പങ്കാണുള്ളത്.
 
5.ജെസിബിയുടെ  വരവ് 
 ജോസഫ് സിറിൽ ബാംഫോംഡ്  എന്ന ബ്രിട്ടീഷുകാരൻ 1945ൽ രൂപം കൊടുത്ത മുൾട്ടിനാഷണൽ കമ്പനിയാണ് JC Bamford Excavators Ltd.കൺസ്ട്രക്ഷൻ, എർത്ത് മൂവിങ് രംഗത്ത് 300ൽ പരം ഉപകരണങ്ങൾ കമ്പനി നിർമ്മിക്കുന്നു.ഇന്ത്യയിലെ ഡൽഹിക്കടുത്തു ബല്ലാഖരിലുള്ള ജെസിബി ഫാക്ടറി ഇവരുടെ ഏറ്റവും വലിയ ഫെക്ടറിയാണ്. 1979ൽ നിർമിച്ച ഈ ഫാക്ടറിയിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ കയറ്റി അയക്കുന്നു. ഇന്ത്യയിൽ ആകെ 5 ഫാക്ടറികളും മറ്റ് ഔട്ലെറ്റുകളും കമ്പനിക്കുണ്ട്.ജെസിസി എക്സ്കവേറ്ററുകളും ക്രെയ്‌നുകളും ഉൾപ്പെടെ 24 ഉത്പന്നങ്ങളാണ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്. വർഷത്തിൽ 60000ജെസിബി യന്ത്രങ്ങൾ കമ്പനി ഇന്ത്യയിൽ വിറ്റഴിക്കുന്നു.
 
കേരളത്തിന്റെ നിർമാണ രംഗത്ത് ജെസിബി ഉത്പന്നങ്ങൾക്കുള്ള പങ്ക് ചില്ലറയല്ല. നൂറുകണക്കിന് ആളുകളുടെ അധ്വാനം കമ്പനിയുടെ പ്രധാനഎർത്ത് മൂ വിങ് ഉത്പന്നം മണിക്കൂറിനുള്ളിൽ ചെയ്തു തീർക്കും. ഒരു 50വർഷം കൊണ്ട് കേരളത്തിന്റെ ഭൂപ്രകൃതിയാകെ ഈ വമ്പൻ ഉത്പന്നങ്ങൾ മാറ്റിമറിച്ചു. മലകൾ നിരന്നു,വയലുകൾ അപ്രത്യക്ഷമായി .ആഗ്രഹിക്കുന്നിടത്തൊക്കെ റോഡുകൾ വന്നു. ഭൂമിക്കച്ചവടം തകൃതിയായി.ഒരു ദിവസം കൊണ്ട് വയലുകളും മലകളും പറമ്പുകളായി. കുളങ്ങളും തോടുകളും നിരന്നു. പശ്ചിമ ഘട്ടത്തിലെ അതിലോല മേഖലകൾ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്ര പെട്ടെന്ന് തുരന്നെടക്കാനായതും ജെസിബിഉള്ളത് കൊണ്ടുമാത്രമാണ്.കേരളത്തിന്റെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും നിർമാണപ്രവൃത്തികളിലും 
ജെസിബി യോളം പങ്കുവഹിച്ച മറ്റൊരു ഉപരണമില്ല.കാർഷിക കേരളത്തെ ഈ ഉപകരണം ഇവിധം മാറ്റിയിരിക്കുന്നു.
 
6.കോറികൾ 
നിർമാണകേരളത്തിന് അടിത്തറപാകിയത് കരിങ്കൽ - ചെങ്കൽ ക്വാറികൾ തന്നെ ആണ്.മാന്വൽ ആയി കല്ല് വീട്ടിയെടുത്തിരുന്ന പ്രവർത്തനം ഒച്ചയും ബഹളവുമുണ്ടാക്കുന്ന വമ്പൻ ബിസിനസ്സായി മാറി. ഇന്ന് അതിലോല മേഖലകളിൽ പോലും പ്രവർത്തിക്കുന്ന കോറികൾ നിർമാണ കേരളത്തെ  വളരെ വേഗം പണിഞ്ഞെടുത്തു.
 
7.വർഗ്ഗസമരങ്ങൾ 
കേരളത്തിലെ കൃഷിയിടങ്ങൾ നിശ്ചലമാവാനും ഇവിടം ഒരു നിർമാണകേരളമായി മാറാനും സിദ്ധാ ന്തങ്ങളും സമരങ്ങളും വലിയ പങ്ക് വഹിച്ചു. സ്ഥലമുടമയെ ഫ്യൂഡൽ ബൂർഷ്വാസിയായി വായിക്കപ്പെട്ടു. തൊഴിലാളികൾക്കുവേണ്ടിയുള്ള വർഗ്ഗസമരങ്ങളിലൂടെ കൂലി വലിയതോതി ലാണ്  കൂടിയത്. വരുമാനത്തിലേറെ ചെലവ് വരുമെന്ന സ്ഥിതിയായി.ഇത്രയും ഉയർന്നകൂലിയും മാനസിക ശരീരിക അധ്വാനവും ഉപയോഗിച്ച് നെൽകൃഷി ലാഭകരമായി ചെയ്യുക അസാധ്യമായി. മറുവശത്തു നിസ്സാരവിലക്കാണ് പൊതുവിതരണ ശൃംഖലകളിലൂടെ അരി വിതരണം. കൃഷി നശിച്ചു. ഇതുവരെ കേരളം മുഴുവൻ അടക്കി വാണിരുന്ന ഈ തൊഴിൽ മേഖലയെ പലരും തരം മാറ്റുകയോ വിൽക്കുകയോ മറ്റ് നിർമാണങ്ങൾക്കുപയോഗിക്കുകയോ ചെയ്തുതുടങ്ങി.
 
8.പ്രധാനം ദുരഭിമാനക്കൊല തന്നെ
ഗൾഫ് ബൂം, കേരളത്തിന്‌ പുറത്തുനിന്നുള്ള വരുമാനം, ഗവണ്മെന്റ് ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്‌കെയിലുകൾ എന്നിവ  വരുമാനം വൻതോതിൽ വർധിപ്പിച്ചു. വീട്, വിവാഹം, വിദ്യാഭ്യാസം എന്നിവക്കുവേണ്ടിയാണ് മലയാളി ഈ വരുമാനം ഉപയോഗിക്കുന്നത് എന്നുമാത്രം . മൂന്നും സോഷ്യൽ സ്റ്റാറ്റസ് നേടുന്നതിനും സാമൂഹിക സമ്മതി അർജിക്കുന്നതിനുമുള്ള കുറു ക്കുവഴികളാണ്. വളരെ കഷ്ടപ്പെട്ട് ജീവിച്ചവരും താഴ്ന്നതെന്ന് നിർവചിക്കപ്പെട്ട ജാതികളിൽ ജനിച്ചവരും ഈ ദുരഭിമാനക്കളികളിൽ ഊർജസ്വലമാ യി മത്സരിക്കുന്നതും ഇന്ന് കാണുന്നു . ഫലത്തിൽ കേരളം വമ്പൻ കൊട്ടാരങ്ങളെക്കൊണ്ട് നിറഞ്ഞു. പ്രകൃതി ചൂഷണം പാരമ്യതയിലെത്തി. കേരളത്തെ ഒരു നിർമാണകേരളമായി മാറ്റിയതിൽ പ്രധാനം ഇത് തന്നെയാണ്. ഈ ദുരഭിമാനക്കൊല. അതെ. നമ്മുടെ ദുരഭിമാനം സാരക്ഷിക്കാൻ നാം കേരളത്തെ കൊലചെയ്തിരിക്കുന്നു.
നിർമാണകേരളം ഒറ്റനോട്ടത്തിൽ 
 
കോൺക്രീറ്റ് കെട്ടിടങ്ങളുടെ അധിക്യവും വാഹനപ്പെരുപ്പവും വനനശീകരണവും അന്തരീക്ഷതാപം വളരെയധികമാണ് കൂട്ടിയത്. ഇത് അറബിക്കടലിൽ  തീർക്കുന്ന ചക്രവാത ചുഴികളാണ് കൊടുങ്കാറ്റിനും പേമാരിക്കും
പ്രധാന കാരണം. നമുക്ക് പ്രവചിക്കാൻ കഴിയുന്നതിനുമുന്പേ മേഘവിസ്‌ഫോട നവും ചുഴലിക്കാറ്റു മുണ്ടാവുന്നു.ഒരു പ്രദേശം മുഴുവൻ അപ്രത്യക്ഷമാവുന്നു. തനതു കാലാവസ്ഥസൈക്കിൾ തകിടം മറിയുന്നു.ഭൂമിയുടെ തരം മാറ്റൽ കോറികളും ഉരുൾപൊട്ടലും മണ്ണിടി ച്ചിലുമുണ്ടാക്കുന്നു. ഇപ്പോൾ കാലവർഷം പോലെ ഉരുൾപൊട്ടലും കേരളത്തിന്റെ സ്വാഭാവിക കാലാവസ്ഥയുടെ ഭാഗമായിരിക്കുന്നു.മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം അതിലോലമായ പലപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന കോറികൾ മണ്ണിടിച്ചിലും മലവെള്ളപ്പച്ചിലും ഉരുൾപൊട്ടലും ഉണ്ടാക്കുകയുമാണ്.പല അണക്കെട്ടുകലുകളും പ്രകൃതി വിരുദ്ധമാണ്. എന്തുകൊണ്ടാണിതൊക്കെ എന്നറിയാൻ വിദ്യാസമ്പനായ മലയാളിക്ക് പ്രയാസമൊന്നുമില്ല. പക്ഷേ പ്രയോഗികവാദികളും അതീവ സുഖലോലുപരമായി ആവശ്യത്തിലധികം പ്രകൃതി സ്രോതസ്സുകളെ ദുരുപയോഗം ചെയ്തേ ജീവിക്കൂ എന്ന് വാശിപിടിച്ചാൽ എന്ത് ചെയ്യും.


Top