• Current Issue: December 2021
al azar college

ശാലിനിക്കും സതീശനും രണ്ടു മക്കളാണ്. (പേരുകള്‍ യഥാര്‍ത്ഥമല്ല) മൂത്തവള്‍ 9 ലും ഇളയവന്‍ നാലാംക്ലാസിലുമാണ്. ഇരുവരും നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളിലാണ് ചേര്‍ന്ന് പഠിക്കുന്നത്. ഒമ്പതില്‍ പഠിക്കുന്ന ഗുല്‍മോഹര്‍ പഠിക്കാന്‍ മിടുക്കിയാണ്. പക്ഷെ, ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശാലിനിയെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണിപ്പോള്‍.
ശാലിനിക്കോ ഭര്‍ത്താവ് സതീശനോ ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി അത്രയടുപ്പമില്ല. ഗൂഗിള്‍ മീറ്റും സൂമും ഒന്നും അവരുടെ തലമുറയുടെ മാധ്യങ്ങളല്ല. അവ പഠിച്ചെടുക്കേണ്ട ഒരു സാഹചര്യവും ഇതുവരെ അവര്‍ക്കുണ്ടായിരുന്നില്ല. മോളുടെ പഠനം ശ്രദ്ധിച്ച് വിലയിരുത്തുക അവരിരുവര്‍ക്കും പ്രയാസമേറിയ ജോലിയാണ്.
ശാലിനി പ്രസ് ഫോര്‍ റിപ്പോര്‍ട്ടറോട്  "അവള്‍ പഠിക്കും. ഏഴ് വരെ നന്നായി പഠിച്ചിരുന്ന കുഞ്ഞാ... പക്ഷെ, എട്ടുമുതലുളള പഠനം ഓണ്‍ലൈന്‍ ആണല്ലോ? അടുത്ത വര്‍ഷമാണെങ്കില്‍ പത്താംക്ലാസിലാണ്. എന്താ ചെയ്യാന്നറിയില്ല."

ശാലിനി  ഇത് പറയുമ്പോള്‍ അവരുടെ  നെഞ്ചിടിപ്പ് ഉയര്‍ന്ന ് താഴുന്ന ശബ്ദം ഫോണില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നു. മനസ്സില്‍ നല്ല ഭാരമുണ്ട്. നല്ലവിധം അവരെ ബാധിക്കുന്നുണ്ടായിരിക്കണം ഇതൊക്കെ. അത്രയേറെ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമൊന്നുമില്ല ശാലിനി, പഠിക്കുന്ന കൊച്ചല്ലേ? അത്തരക്കാര്‍ക്ക് ഫോണിലും എളുപ്പമായി പഠിക്കാന്‍ സാധിക്കുമെന്ന് ലേഖകന്‍ ശാലിനിയെ സമാധാനമാക്കാനായി പറഞ്ഞു. എന്നാല്‍ മറുപടി ഇങ്ങനെയായിരുന്നു  "വീട്ടില്‍ അച്ഛനും അമ്മയുമുണ്ട്, അവര്‍ പറയുന്നത് മോള് എപ്പോഴും ഫോണില്‍ തന്നെയെന്നാണ്. അതാണൊരു പേടി."

അല്‍പ്പം കഴിഞ്ഞ് ശാലിനിയുടെ ഭര്‍ത്താവ് സതീശനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറയുന്നതും ഏതാണ്ട് സമാനമായ കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ, അദ്ദേഹത്തിന്‍റെ ഊന്നല്‍ ഇപ്പോള്‍ ജോലിയില്‍ നിന്നും മതിയായ വരുമാനം ലഭിക്കുന്നില്ലെന്ന പ്രശ്നമാണ്. 2020  തുടക്കം  വരെ മാസം 32,000 രൂപ ശമ്പളം ലഭിച്ച സതീശന് ഇപ്പോള്‍ കമ്പനി 8000 രൂപയാണ് നല്‍കുന്നത്. ഒരു പ്രമുഖ സ്ഥാപനത്തിന്‍റെ ഓണ്‍ലൈന്‍ പ്രൊഡക്ഷന്‍ ഹൗസിലെ ക്യാമറമാനാണ് സതീശന്‍.    ശാലിനിയെ പോലെ മറ്റൊരു വീട്ടമ്മയായ നസീമയേയും പ്രസ്ഫോര്‍ റിപ്പോര്‍ട്ടര്‍ ഫോണില്‍ വിളിച്ചു. നസീമയുടെ മോന് ഒമ്പദിലാണ് പഠിക്കുന്നത്. സര്‍ക്കാര്‍ സ്കൂളില്‍ തന്നെയാണ് നസീമയുടെ മകന്‍ നസീം അബ്ദുല്‍ ഗഫൂര്‍.  "അവനെ കുറിച്ച് അങ്ങനയുളള പേടിയൊന്നുമില്ല, പക്ഷെ, അടങ്ങിയിരിക്കാന്‍ പറ്റാത്ത പ്രകൃതമാണവന്. ഇപ്പോള്‍ ഒന്നര കൊല്ലമായില്ലേ? അവന്‍ വീട്ടില്‍ തന്നയിരുന്നു തടി കൂടുന്നുണ്ട്. പിന്നെ ഏതുനേരവും ടിവിയും ഫോണുമായിട്ടിരിക്കുകയല്ലേ? അതാണ് പേടി. മാത്രമല്ല, അവന്‍റെ ഉപ്പാക്ക് ഇപ്പോള്‍ ജോലിയില്ല. സൗദിയിലായിരുന്നു. വന്നതിന് ശേഷം തിരിച്ചുപോവാനായിട്ടില്ല. അദ്ദേഹത്തിന് അതിന്‍റെ അസ്വസ്ഥതയുമുണ്ട്. അവന്‍റെ ഉപ്പ ഇടക്കക്കൊക്കെ അവനോട് പറയും നിന്‍റെ പ്രായത്തില്‍ ഞാന്‍ വൈകുന്നേരം മില്ലിലും കടകളിലും പോകറാണ്ടായിരുന്നുവെന്ന്. അത് കേള്‍ക്കുമ്പോള്‍ അവന് വല്ലാത്ത സങ്കടമാണ്."
പത്തുവര്‍ഷമായി സൗദിയില്‍ മലയാളി നടത്തിവരുന്ന ഹോട്ടലിലെ ജീവനക്കാരനായ അബ്ദുല്‍ ഗഫൂര്‍ പറയുന്നതിങ്ങനെ: "കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോള്‍ വീടിന്‍റെ പണി തുടങ്ങിയിരുന്നു. ഇത്തവണത്തെ വരവില്‍ കയ്യിലുണ്ടായിരുന്ന പണമിറക്കി വീടുപണി ഏതാണ്ട് പൂര്‍ത്തിയാക്കി. കുറച്ചുപണം കടമായി. അത് റിയാദില്‍ തിരിച്ചെത്തിയിട്ട് വീട്ടാമെന്ന് കരുതിയതായിരുന്നു. എന്നാല്‍ പോക്ക് വല്ലാതെ നീളുകയാണ്. ആലോചിക്കുമ്പോള്‍ തല പെരുക്കുന്നു."


അതെസമയം, കുട്ടികള്‍ക്ക്
ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവര്‍ക്ക്
 നല്ല ഭാവി സൃഷ്ടിക്കുന്നതിന്
സഹായിക്കുമെന്നഭിപ്രായമുളളവരുമുണ്ട്
നാട്ടില്‍.


42 വയസുളള രാജേഷിന്‍റെ സങ്കടവും ഏതാണ്ടിതുപോലെ തന്നെയാണ്. മകന്‍ ഋഷി മിടുക്കനാണ്. പക്ഷെ, കൂലി പണിക്കാരനായ രാജേഷിന്‍റെ കുടുംബത്തില്‍ ആകെ ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമേയുളളൂ. രാജേശ് പറയുന്നു.  "അവന്‍ പഠിക്കുന്നുണ്ട്. പഠിക്കാന്‍ താല്‍പ്പര്യവുമുണ്ട്. ഉച്ചക്ക് ഒന്നരമണിക്ക്  വിക്ടര്‍  ചാനലില്‍ ക്ലാസ് കേള്‍ക്കും.വൈകിയിട്ട് ഞാന്‍ വരുമ്പോളാണ് ഓണ്‍ലൈന്‍ ക്ലാസുണ്ടാകുക. അപ്പോള്‍ എന്‍റെ ഫോണ്‍ അവനെടുക്കും. അത് പ്രശ്നമില്ല... എപ്പഴാ ഇതൊക്കെയൊന്ന് നേരാകുകയെന്നാണ് എന്‍റെ ചിന്ത".  
അതെസമയം, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവര്‍ക്ക് നല്ല ഭാവി സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നഭിപ്രായമുളളവരുമുണ്ട് നാട്ടില്‍.   ഐ.ടി സര്‍വ്വീസ് സ്ഥാപനം  നടത്തുന്ന  അബ്ദുല്‍ വാഹിദ് പറയുന്നതിങ്ങനെ "ഞാനോലോചിക്കുന്നത്  നേരെ മറിച്ചാണ്.  മുമ്പൊക്കെ കംപ്യൂട്ടര്‍ ബേസിക് പഠിക്കാനും ടൈപ്പിങ് പഠിക്കാനും വലിയ സംഖ്യ   കൊടുത്ത്  സ്കൂളിന്  പുറത്ത്  ഇന്‍സ്റ്റിട്യൂട്ടുകളില്‍ പോകണം.  ഇപ്പോള്‍ ടൈപ്പ് ചെയ്യാനും നിരന്തരം ഉപയോഗിക്കുന്ന ഫോണും ലാപ്പ്ടോപ്പും  കുട്ടികള്‍ക്ക് എളുപ്പം പഠിക്കാന്‍ പറ്റുമല്ലോ? പി
ന്നെ ചിലര്‍ക്ക് ക്യാഷില്ലാത്തത് കാരണം പ്രയാസമുണ്ടാകും. അതൊക്കെ ഇപ്പോള്‍ കേരളത്തില്‍ ഒരു ഇഷ്യുവേ അല്ല. രാഷ്ട്രീയക്കാര്‍ വരെ അത്തരം കുട്ടികളെ കണ്ടെത്തി ഫോണ്‍ നല്‍കിവരുന്നുണ്ട്. കാരണം കൊറോണയാണെങ്കിലും നാട് വളരും"

 


Top