• Current Issue: December 2021
al azar college

 മുസ്ലിം വിരുദ്ധതക്ക് ആഗോളതലത്തിൽസമർത്ഥമായി ഒളിയിടമൊരുക്കിയതാണ് "കമ്മ്യൂണിസ്റ്റ്* " ചരിത്രം.

 
പി.ടി. കുഞ്ഞാലി.
 
കമ്മ്യൂണിസം കേരളത്തിലോ ഇനി ലോകത്തെവിടെയെങ്കിലുമോ മുസ്ലിം സാമൂഹ്യ ജീവിതത്തെ വിമലതയോടെ ആശ്ലേഷിച്ചതായി ഒരു ചരിത്രവുമില്ല. എന്തുകൊണ്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റുകൾ മുസ്ലിം സംബോധനകളിൽ സൃഗാല കൗശലത്തോടെ ഇരട്ട രാഷ്ട്രീയം പ്രയോഗിക്കുന്നതെന്ന സരള കൗതുകമാണ് ഇങ്ങനെയൊരു അന്വേഷണം സംഗതമാക്കിയത്. 
 
വിശ്വ മാനവികതയും തുല്യത വഴിയുന്ന സാമ്പത്തിക നീതിയുമാണ് കമ്മ്യൂണിസ്റ്റ് ആചാര്യൻമാർ അതിൻ്റെ ആകര ഗ്രന്ഥങ്ങളിൽ പ്രമാണമാക്കിയത്. "എല്ലാവരിൽ നിന്നും അവരവർക്ക് സാധ്യമാകുന്നത്. എല്ലാവർക്കുമോ അവരവർക്ക് വേണ്ടുന്നതൊക്കെയും." വിതരണ നീതിയുടെ "ചെമ്മ"ണ്ണിൽ ഉള്ളവനും ഇല്ലാത്തവനും സമ്പൂർണ സമത്വം നേടുന്ന ശുഭ കാലം. മതം മനുഷ്യനെ മയക്കുന്ന ലഹരിയായതുകൊണ്ട് മതമേ ഇല്ലാതാക്കി  മനുഷ്യജീവിത നിയോഗത്തിൽ സമഭാവനകൾ ഇന്ദ്രധനുസ്സായി വിടരുന്ന ഒരു വിഭാത കാലം. ഇങ്ങനെയൊക്കെയാണ് ആചാര്യ സൂക്തങ്ങൾ. ആയിരത്തി തൊള്ളായിരത്തി പതിനേഴിൽ കമ്മ്യൂണിസ്റ്റുകൾ അവരുടെ സ്വപ്ന ദേശവും ഭൂമിയിൽ സ്ഥാപിച്ചു. യുനൈറ്റഡ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് .( സോവിയറ്റ് റഷ്യ ). അക്കാലത്ത് സോവിയറ്റ് റഷ്യയിൽ നിന്ന് വന്നിരുന്ന പത്രമാസികകൾ മുന്നിലേക്കെത്തിച്ച തുടുത്ത മുഖങ്ങളും, ഉദ്വേഗം മുറ്റിയ സ്പുട്ട്നിക്ക് ചിത്രങ്ങളും നമ്മിലുണർത്തിയത് ഈ സമഭാവനയുടെ ആലക്ത്തിക ചൈതന്യം തന്നെയാണ്. ഒപ്പം വയലാറും, തിരുമുമ്പും, കെ.ജി.ഉണ്ണീനും, ഒ.എൻ .വി യും ഈ സമഭാവനയെ കവിതയുടെ ചെമ്പട്ടിൽ പൊതിഞ്ഞ് നമുക്ക് നേദിച്ചപ്പോൾ കമ്മ്യൂണിസത്തിൻ്റെ മാനവ മഹത്വം നമ്മുടെ മുമ്പിൽ സപ്തസൗന്ദര്യ ദീപ്തിയോടെ പാൽ കാവടി എടുത്തു നിന്നു.
 
 കമ്മ്യൂണിസം പണിയുന്ന വിതരണ നീതിയും സമത്വ നിഷ്കർഷതയും ഒരു വിഭ്രമമായി അക്കാല മനുഷ്യരുടെ കാമനകളിൽ നടനം കൊണ്ടു . അങ്ങനെ സുദീർഘമായ എഴുപതാണ്ട് ,രണ്ട് തലമുറകൾ. കമ്മ്യൂണിസം നമ്മുടെ മുന്നിൽ ഇതിഹാസ നൃത്തം ചെയ്തു.
 
എന്തു ചെയ്യാൻ തൊണ്ണൂറുകളുടെ ആദ്യം കമ്മ്യൂണിസത്തിൻ്റെ സ്വപ്ന നക്ഷത്ര ലോകം നമ്മുടെ മുന്നിലേക്ക് നിർദ്ദയം കരിഞ്ഞു വീണു. "ഹാപുഷ്പമേ."  .സോവിയറ്റ് റഷ്യ നിരവധി സ്വതന്ത്രപരമാധികാര ദേശ സ്വരൂപങ്ങളായി സ്വത്വം നേടി. അപ്പോഴാണ് ഈ സ്വർഗ്ഗ ദേശമപ്പാടെ നമ്മുടെ സാക്ഷ്യത്തിലേക്ക് നഗ്ന മേനിയായി വന്നു നിന്നത്. അന്ന് നാം കണ്ട സത്യങ്ങൾ മറക്കാൻ പഴയ സോവിയറ്റ് ലാൻ്റ് സചിത്ര മാഗസിൻ മതിയാകാതെ വന്നു. ഇതിൽ നമ്മെ സ്തബ്ധമാക്കിയ നിരവധി സത്യങ്ങളിൽ ഒന്ന് മാത്രം വിശദപ്പെടുത്തിയാൽ മതി കമ്മ്യൂണിസത്തിൻ്റെ ഇസ് ലാം വിരുദ്ധത ഞെടുക്കനെ ബോധ്യപ്പെടാൻ. സോവിയറ്റ് കമ്യൂണിസ്റ്റ് രാഷ്ട്ര സമുഛയം തകർന്നപ്പോൾ അതിലെ ക്രസ്തു മത ഭൂരിപക്ഷ ദേശങ്ങളൊക്കെ മിക്കവാറും വളരെ സമ്പന്നമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും, വിദ്യാഭ്യാസത്തിലും, ആരോഗ്യമേഖലയിലും, വ്യവസായ കാർഷിക മണ്ഡലങ്ങളിലും മുന്നേറിയ വികസിത വിസ്മയ റിപ്പബ്ലിക്കുകൾ .എസ്തോണിയ, ലിത്വിയ , ലിതാനിയ, ഉക്രൈൻ, റഷ്യ ഇവയൊക്കെയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് സ്വർഗം പിളർന്നപ്പോൾ വേർപിരിഞ്ഞ മുസ്ലിം ഭൂരിപക്ഷ റിപ്പബ്ലിക്കുകൾ മൊത്തവും മുടിഞ്ഞു മുണ്ടക്കോലു വെച്ച ദരിദ്ര നാടുകളും .തൊഴിൽ രഹിതരും വിദ്യാവിഹീനരും ഭവനരഹിതരും  പട്ടിണിപ്പാവങ്ങളും കുമിഞ്ഞ നാടുകൾ. പൊട്ടിത്തകർന്ന യാത്രാ രഥ്യകളും ,അലങ്കോലമാർന്ന പൊതുവിതരണ സംവിധാനങ്ങളും മേവുന്ന അരക്ഷിത  ദേശങ്ങൾ. ഉദാഹരണമാണ് കിർകിസ്ഥാൻ, തജകിസ്ഥാൻ, തുക്മാനിസ്ഥാൻ, അസർബൈജാൻ. ഈ രണ്ട് രാശി ദേശങ്ങളുടെയും പ്രതിശീർഷ വരുമാനവും, ഡോളർ നിരക്കുകളും, വിദേശ നാണയ ശേഖര സ്ഥിതികളും വിലയിരുത്തിയാൽ ഈ സത്യം ബോധ്യമാവും. എഴുപതിലേറെ വർഷം നീണ്ട സോഷ്യലിസ്റ്റ് സംസ്ഥാപനത്തിനിടയിൽ ലെനിനും സ്റ്റാലിനും മുതൽ ഗർബച്ചേവ് വരേയുള്ള കമ്യൂണിസ്റ്റ് ഏകാധിപതികൾക്ക് തങ്ങളുടെ ആകരപ്പുസ്തകങ്ങൾ കുളിർമയോടെ മുന്നോട്ട് വെച്ച വിതരണ തുല്യത ഈ ദേശ ങ്ങളിൽ പ്രയോഗത്തിലാക്കാൻ  അസാധ്യമായി. എസ്തോണിയാ, ലിത്വിയ, ലിത്വാനിയ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് എന്തുകൊണ്ട് വിഭവങ്ങൾ ദരിദ്ര റിപ്പബ്ലിക്കുകളിലേക്ക് അന്ന് വിതരണമായില്ല ?  മറിച്ച് ഉസ്ബക്ക് പോലുള്ളിടങ്ങളിൽ നിന്ന് എണ്ണയും പ്രകൃതി വിഭവങ്ങളും ഒഴുകി എത്തിയത് റഷ്യയിലേക്കും മറ്റു പടിഞ്ഞാറൻ റിപ്പബ്ലിക്കുകളിലേക്കുമായിരുന്നു എന്നത് ചരിത്രം. എന്തു കൊണ്ടിത് സംഭവിച്ചു. എന്തിന് ഇങ്ങനെ സംഭവിച്ചു. കുലാക്കുകളെ അരിഞ്ഞു തള്ളിയ പ്രത്യയശാസത്ര കാർക്കശ്യം എന്ന് കൊണ്ട് വിഭവ വിനിമയത്തിൽ മുടന്തിപ്പോയി.മോസ്കോയിലെ തിരുമേനിമാർക്കറിയാം ഈ കിഴക്കൻ റിപ്പബ്ലിക്ക് കളൊക്കെയും മറ്റൊരു വേദ പുസ്തക ജനതയാണെന്ന്
 
കിഴക്കൻ യൂറോപ്പിൽ നിരവധി കമ്മ്യൂണിസ്റ്റ് ഏകാധിപതികളും ഏകാധിപത്യ രാഷ്ട്രങ്ങളും ഉണ്ടായിരുന്നു. അതിലൊന്ന് മാർഷൽ ടിറ്റോയുടെ  യൂഗോസ്ലാവിയ . സോവിയറ്റ് റഷ്യയുടെ നിഷ് കാസനത്തോടെ യൂറോപ്പിലും പ്രജകൾ പൗരന്മാരാകാൻ കുതറിത്തുടങ്ങി. അന്ന് യൂഗോസ്ലാവിയയും ചിതറിത്തെറിച്ച് നാലഞ്ച് സ്വതന്ത്ര രാഷ്ട്രങ്ങളായി. അപ്പോൾ  കണ്ടത് സ്ലോവേനിയ ഉൾപ്പെടെ കൃസ്ത്യൻ ഭൂരിപക്ഷ ഭൂഭാഗങ്ങൾ സമ്പന്ന സുരക്ഷിത ദേശങ്ങൾ. എന്നാൽ അവിടെത്തെ ഏറ്റവും ദരിദ്ര രാഷ്ട്രം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബോസ്നിയയും.  യൂഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ് വിഭവവിതരണ നീതിയിൽ നിന്നും എങ്ങനെ ബോസ്നിയനിർദ്ദയം പുറത്തായി ?
 
അതിവേഗം വളരുന്ന കമ്യൂണിസ്റ്റ് ഏകാധിപത്യ മുതലാളിത്ത രാഷ്ട്രമാണ് "തൊഴിലാളി ചൈന ". മികച്ച ഭൗതിക സന്നാഹങ്ങളും ജ്ഞാനവിസ്ഫോടനവും വ്യവസായവൽക്കരണവും ഇന്നവിടെയുണ്ട്. എന്നാൽ ഈ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ദേശത്തിനകത്തെ അവികസിത ദേശമാത്രേ ഉയ്ഗൂർ. ഒരു തടവറ രാഷ്ട്രത്തിനകത്തെ മറ്റൊരു ഭീകര തടവറ .മുഖ്യധാരയിൽ ചേർക്കപ്പെടാതെ അപരമാക്കപ്പെട്ട ദീന ജീവിതങ്ങളുടെ മറ്റൊരു ഇരട്ടത്തടവറ. സ്വന്തം സ്വത്വം കുടഞ്ഞെറിയാൻ നിർബന്ധിക്കപ്പെടുന്ന ദൈന്യജീവിതങ്ങളുടെ നിസ്സംഗ ലോകം. വിയറ്റ്നാമിലെ മുസ്ലിം ജീവിതങ്ങളെങ്ങനെ ചിതറപ്പെട്ടുവെന്നത് പൂർവേഷ്യൻ ചരിത്രത്തിൽ സൂക്ഷ്മ അവക്ഷിപ്തമായി കിടപ്പുണ്ട്.ഇവിടെയൊന്നും വിതരണത്തിലെ നീതിയും വിഭവങ്ങളുടെ വിനിമയവും നിർണയിച്ചപ്പോൾ മാനദണ്ഡമായത് കമ്മ്യൂണിസ്റ്റ് ആകര പ്പുസ്തങ്ങളുടെ പ്രമാണങ്ങളല്ല. മറിച്ച് വംശീയവും സ്വത്വ പരവുമായ വിരോധങ്ങൾ തന്നെയായിരുന്നു. കമ്മ്യൂണിസം ഇസ്ലാമിനെ കാണുന്നത് ഒരു ബദൽ ജീവിതമായി തന്നെയാണ്. അത് കൊണ്ടവർ മുസ്ലിംകളെ മൊത്തമായിത്തന്നെ അപരമാക്കുന്നു. എവിടേയും. ഇതാ സിദ്ധാന്തത്തിനകത്തെ പ്രയോഗപർവത്തിൽ ഗുപ്തമാണ്.
 
 ഇന്ത്യയിലേക്ക് വന്നാലോ സ്ഥിതി ഒട്ടും അശാസ്യമല്ല. 
'മുസഫർ അഹമ്മദ് മുതൽ ഇങ്ങോട്ടുള്ള സർവതും അവഗണിതർ. മുപ്പതാണ്ട് പടിഞ്ഞാറൻ ബംഗാൾ വാണത് തൊഴിലാളി വർഗ്ഗരാജ വംശങ്ങൾ. ഇന്നീ സുവർണ ദേശത്തിലൂടൊന്ന് സഞ്ചരിച്ചാൽ നമുക്കീ ഭരണ മികവിൻ്റെ മായം കണ്ടു നടുങ്ങേണ്ടിവരും .നല്ല കെട്ടിട സമുച്ചയങ്ങളും രാജ രഥ്യകളും ഒടുങ്ങി ചതുപ്പുകളിലൂടെ ഊർന്നു പോകുന്ന ഒറ്റയടിപ്പാതകളും വിദൂരതകളിൽ കുത്തിമറച്ച പനമ്പു മാടങ്ങളും അതിൻ്റെയൊക്കെ വെളിമ്പുകളിൽ വിവസ്ത്രരായ ദൈന്യ ബാല്യങ്ങളും പ്രത്യക്ഷമാകുന്നുവോ  ഉറപ്പ് അവിടെ നിന്നൊരു മുസ്ലിം മൊഹല്ല സമാരംഭിക്കുകയാണ്. മുപ്പത് വർഷമായി കമ്മ്യൂണിസത്തിൻ്റെ സാമൂഹ്യ സൗഭാഗ്യ വിതരണങ്ങളൊന്നും ഈ മൊഹല്ലകളിലേക്കെത്തുന്നത് ബോധപൂർവം വിഘ്നപ്പെടുത്താൻ സവർണ മുക്കർജിമാർക്കും ചൗധിരിമാർക്കും തഞ്ചം നൽകിയത് പോളിറ്റ് ബ്യൂറോ അല്ലാതെ മറ്റാരാണ്. ബംഗാളി മുസ്ലിംകൾ ഇന്ന് ഇന്ത്യയിലെവിടെയും അടിസ്ഥാന വികസന മണ്ഡലങ്ങളിലെ വെറും തൊഴിലാളികൾ മാത്രം. തലമുറകളായി അവർക്കില്ലാതെ പോയത് ഇന്ത്യൻ നഗരങ്ങളിലും കേരളീയ ഗ്രാമങ്ങളിലും പണിതു കൊടുക്കാൻ അസ്ഥി ഉരുക്കുന്നവർ ബംഗാളികൾ. കമ്മ്യൂണിസം അവിടെ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിക്കരുത്. അതിനകത്തൊരു തിരസ്കാരയുക്തി ഒളിഞ്ഞിരിപ്പുണ്ട്. ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളടക്കം അടപടലോടം എങ്ങനെ ഒറ്റ രാത്രിയിൽ സംഘിപ്പാളയത്തിലെത്തിപ്പെട്ടു? കമ്മ്യൂണിസം മടുത്തെങ്കിൽ മറ്റൊരു മതേതര പാർട്ടികളും പഥ്യമല്ലാത്ത വിധം ഇവരിൽ മുസ്ലിം വിരോധം നുരയുകയായിരുന്നു.അത് കൊണ്ടാണ് പരമതനിന്ദയുടെ വർഗ്ഗീയ വചന സങ്കീങ്ങളിരമ്പിയ അരമനകളിൽ ചെന്നു പാണ്ഡിത്യത്തിൻ്റെ പുതിയ "സോവിയറ്റ്ലാൻ്റു"കൾ അവർക്ക് നൽകാൻ കമ്മ്യൂണിസ്റ്റ് സചിവോത്തമൻമാർക്ക് സിദ്ധിയാകുന്നത്. പ്രണയ ജീവിതങ്ങളുടെ ആഘാതപഠനങ്ങൾ പുറത്ത് വിട്ട ജില്ലാ സഖാവ് ഒരു നിമിഷം ഇടവകപ്പു രോഹിതനായി പരകായം തേടിയതും അത് കൊണ്ട് തന്നെ. കുലം കുത്തിയെ ഉൻമൂലനം ചെയ്യാനെത്തിയ സ്റ്റാലിൻ വാഹനത്തിൽ മാവോ സൂക്തത്തിന് പകരം കൃത്യമായും മുസ്ലിം സാങ്കേതിക സംജ്ഞ മാത്രം വാർന്നു വീണത് അതുകൊണ്ട് മാത്രമാണ്. 'മാഷാ  അല്ലാഹ്' .ചങ്ക് പറിച്ചെതൃത്ത യു .എ .പി. എ നീരാളി ക്കൈകൾ നീട്ടി കോഴിക്കോട്ടേക്ക് പടർന്നപ്പോൾ സ്വന്തം അലനും താഹയും നാട് കടത്തപ്പെട്ടത് തടവറയുടെ സൈബീരിയയിലേക്കായതും അതുകൊണ്ട് തന്നെ. അപ്പോൾ സ്വാഭാവികമായും പര നിന്ദയുടെ യൂദാസുമാർ ദൈവപുത്രൻമാരായി സമൂഹത്തിൽ മാന്യരാവും.ബറബ്ബാസുമാർക്ക് ഒളിച്ചിരിക്കാൻ പിലാത്തോസുമാർ തന്നെ ലാവണം പണിതൊരുക്കും.
 
കടപ്പാട് : ലേഖകന്റെ ഫേസ്ബുക് വാൾ 


Top