• Current Issue: December 2021
al azar college

 സോഫി ഫ്രോയ്ഡ് വിട വാങ്ങി 

 
മിനി മോഹൻ
 
സൈക്കോളജിസ്റ്റും എഴുത്തുകാരിയും അധ്യാപികയും ആയിരുന്ന മിറിയം സോഫി ഫ്രോയ്ഡ് Miriam Sophie Freud (97) അന്തരിച്ചു. സിഗ്മണ്ട് ഫ്രോയ്ഡിന്റെ മൂത്ത മകൻ ജീൻ മാർട്ടിൻ ഫ്രോയ്ഡിന്റെ മകളായ അവർ, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ ഒരു പ്രധാന വിമർശക കൂടിയായിരുന്നു.
 
രണ്ടാം ലോക യുദ്ധത്തിനു തൊട്ടു മുമ്പ് ഓസ്ട്രിയയിൽ നിന്ന് അമ്മ എസ്റ്റി ഫ്രോയ്ഡിന്റെ  (Ernestine 'Esti' Freud) കൂടെ ഫ്രാൻസ് വഴി അമേരിക്കയിലേക്ക് കുടിയേറിയതാണ് സോഫി. 1970-ൽ സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് എടുത്ത അവർ, 1992-ൽ ബോസ്റ്റണിലെ സിമ്മൺസ് കോളേജിൽ (പിന്നീട് സിമ്മൺസ് സർവ്വകലാശാലയായി) പ്രൊഫസറായി വിരമിച്ച ശേഷവും എഴുത്തും പ്രഭാഷണങ്ങളും മറ്റുമായി സജീവമായിരുന്നു. 
 
സൈക്കോ അനാലിസിസിനെയും, സ്ത്രീകളുടെ ലൈംഗികതയെ സംബന്ധിച്ച ഫ്രോയ്ഡിയൻ സിദ്ധാന്തങ്ങളെയും ഒക്കെ പ്രൊഫസർ സോഫി നിശിതമായി വിമർശിച്ചിട്ടുണ്ട്. സൈക്കോ അനാലിസിസ് ഒരു 'narcissistic luxury' ആണെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ബൈസെക്ഷ്വൽ, ലെസ്ബിയൻ പ്രണയങ്ങളെ പറ്റി അവർ ഗവേഷണം നടത്തുകയും എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആന്തരിക ചോദനകളിൽ മാത്രം ഊന്നി നിന്നിരുന്ന മനഃശാസ്ത്ര വിശകലനത്തെ കൂടുതൽ വിശാലമാക്കാൻ അവരുടെ ഗവേഷണം സഹായിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് കാഴ്ചപ്പാട് ഉപയോഗിച്ച ആദ്യകാല സൈക്കോളജിസ്റ്റുകളിൽ പ്രധാനിയാണ് സോഫി.
 
അവരുടെ My three mothers and other passions, In the shadow of the Freud family തുടങ്ങിയ അവരുടെ പുസ്തകങ്ങൾ പ്രശസ്തമാണ്. അവരുടെ മകൻ പ്രൊഫസർ ജോർജ്ജ് ലൊവെൻസ്റ്റീൻ (George Loewenstein) കാർണെഗി മെല്ലൺ സർവ്വകലാശാലയിൽ അധ്യാപകനാണ്. Behavioural Economics എന്ന പഠന ശാഖയുടെ സ്ഥാപകരിൽ ഒരാളായി പ്രൊഫസർ ലൊവെൻസ്റ്റീൻ കണക്കാക്കപ്പെടുന്നു.


Top