• Current Issue: December 2021
al azar college

ജീവിതത്തില്‍ ഒരു ഘട്ടം കഴിയുമ്പോള്‍ അന്നുവരെ പഠിച്ചതും മനസ്സിലാക്കിയതുമായ പലതും Unlearn ചെയ്യേണ്ടുന്ന ഒരു പ്രോസസ്സ് ആവശ്യമാണ് എന്നറിഞ്ഞു തുടങ്ങിയത് പകുതിപിന്നിട്ട ശേഷമാണ്. Unlearn എന്ന ഇംഗ്ലീഷ് വാക്കിനു കൃത്യമായമലയാളവാക്ക് അറിവിലില്ല. ഇനി ഇല്ലെങ്കില്‍ അങ്ങനെയൊരു കാര്യത്തേക്കുറിച്ചു നമ്മള്‍ അജ്ഞരാണ് എന്നത് കൊണ്ടുതന്നെയാണത്. സംസ്ക്കാരത്തിലും ശീലങ്ങളിലും ഇല്ലാത്തത് ഭാഷയില്‍ ഉണ്ടാവാന്‍ വഴിയില്ല.ഒരു പ്രായത്തിലും ഒരു കാലത്തും ,പഠിച്ചതും നേടി യ തു മാ യ അ റി വു കള്‍ , വ ളരെ പ്രാ ധാന്യപൂര്‍വ്വം നോക്കിക്കണ്ട ശരികള്‍ വേറൊരു പ്രായത്തിലുംകാലത്തിലും അപ്രസക്തമായേക്കും.മനുഷ്യരെയും, ബന്ധങ്ങ ളെയും കുറിച്ചുള്ള അറിവുകളും ധാരണകളുമൊക്കെ അതിലുള്‍പെടും. എല്ലാ മേഖലകളിലും അറിവിനെ നിരന്തരം പുതു ക്കിപ്പണിയുക എന്ന കൃത്യം ബോധപൂര്‍വ്വം നടക്കേണ്ടതുണ്ട്.ഇന്നും പൊതുബോധത്തില്‍ ക്രൂരമായ മുഖമാണ് രണ്ടാനമ്മമാര്‍ക്ക്. കെട്ടു കഥകളും പുരാണങ്ങളും, കാലം മാറിയപ്പോള്‍സിനിമകളും പുസ്തകങ്ങളുമൊക്കെ ദുഷ്ടയായ രണ്ടാനമ്മയെ നമ്മുടെ ബോധങ്ങളില്‍ ഊട്ടിയുറപ്പിച്ചു നിര്‍ത്തി. രണ്ടാനമ്മ ഒരിക്കലും നന്മ നിറഞ്ഞവളാകില്ലെന്ന് അനുഭവത്തിന്‍റെയോ നേര്‍കാഴ്ചയുടെയോ പിന്‍ബലമില്ലാതെ തന്നെ പറയാന്‍ നമ്മള്‍ ശീലിച്ചു. സോഷ്യല്‍ മീഡിയയുടെ കാലത്ത് പോലും അത്തരം കഥകള്‍ അമ്മയെയും രണ്ടാനമ്മയെയും താരതമ്യം ചെയ്തു കൊണ്ട് പ്രചരിക്കുകയുണ്ടായി. പെറ്റമ്മ മാഹാത്മ്യം പറയാന്‍ പോറ്റമ്മയെ തിന്മ നിറഞ്ഞവളാക്കി.

ഞാന്‍ കണ്ട ഇളയമ്മ വ്യത്യസ്തയാ യിരുന്നു. ഭര്‍ത്താവിന്‍റെ മക്കളെ സ്വന്തം മക്കളെന്ന പോലെ പരിചരിച്ച എളാമ. അവര്‍ ഭക്ഷണം കഴിക്കാന്‍ വൈകുമ്പോള്‍ അസ്വസ്ഥയാകു ന്നവള്‍, അവര്‍ ഭക്ഷണം കഴിച്ചാല്‍ വയര്‍ നിറയുന്നവള്‍, അവര്‍യാ ത്ര പോയാല്‍ തിരിച്ചെത്തുന്നത വരെ നെഞ്ചിടിപ്പോടെ, പ്രാര്‍ഥനയോടെ ഉറക്കമിളച്ചു കാത്തിരിക്കുന്നവള്‍, അവരുടെ നേട്ടങ്ങളില്‍ അത്യധികം സന്തോഷിക്കുകയും നഷ്ടങ്ങളില്‍അവരെക്കാള്‍ ദു ഖിക്കുകയും ചെയ്യുന്നവള്‍. മക്കള്‍ക്ക് കൊടുത്ത സ്നേഹത്തിനും പരിഗണനയ്ക്കും പകരമായി ഒന്നും തന്നെ ആഗ്രഹിക്കാത്ത എളാമ. അങ്ങോട്ട് കൊടുക്കുന്നതില്‍ മാത്രംതൃപ്തിയടഞ്ഞു. തിരിച്ചു നല്‍കാന്‍ ഒന്നുമില്ലാത്ത വിധം നമ്മളെനിരായുധരാക്കിക്കളയുന്ന, നമ്മുടെ നിസ്സാരതയെ വെളിപ്പെടുത്തിതരുന്ന അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാള്‍. കൂടെ ജീവിച്ചവരെന്ന നിലയില്‍ നമ്മളൊക്കെയും അവരുടെ മുന്‍പില്‍ തോറ്റു പോയിരിക്കുന്നു. കുനിയേണ്ടുന്ന ശിരസ്സുകള്‍..

 
വീട്ടിലെ കോഴികളും പൂച്ചകളു മൊക്കെ പരിഭവം പറയുമ്പോള്‍ സ്വന്തം മക്കളോടെന്ന പോലെ സ്നേഹത്തോടെ കേള്‍ക്കുകയും, സാന്ത്വനിപ്പിക്കുകയും ചിലപ്പോഴൊക്കെ ശാസിക്കുകയും ചെയ്യുന്ന എളാമ.. അതിന് ഒരു കുറുകലില്‍, ഒരു പതുങ്ങലില്‍ റെസ്പോണ്ട് ചെയ്യുന്ന കോഴികളും പൂച്ചകളും..അവയിപ്പോ എളാമയെ തിരഞ്ഞു നടക്കുന്നുണ്ടാവണം. ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തിരുന്ന കാല ത്ത് അവിടെ എല്ലാവരെയും പിടിപെട്ട പകര്‍ച്ചവ്യാധി, ഹോസ്റ്റലിലെ കുട്ടികളെയും സ്റ്റാഫുകളെയും പരിചരിച്ചിട്ടും എളാമയെ മാത്രം ബാധിക്കാതെ പോയത് എളാമയുടെ മനോധൈര്യവും നിശ്ചയദാര്‍ഢ്യവും കൊണ്ടു മാത്രമായിരുന്നെന്ന് ആ കഥകള്‍ പറയുന്ന നേരത്ത് കണ്ണുകളിലെ തിളക്കം എന്നെ ബോധ്യപ്പെടുത്തി.   
 
രണ്ടാം വയസ്സിലും, പ്രസവിച്ച ഉടനെയും രണ്ട് മക്കള്‍മരണപ്പെട്ടത് പറയുമ്പോഴൊക്കെയും എളാമയുടെ കണ്ഠമിടറി. ഭര്‍ത്താവിന്‍റെ മക്കളെ മരിച്ചുപോയ ആ മക്കള്‍ക്ക് പകരമായികണ്ടു കാണണം എളാമ. ശ്രദ്ധപൂര്‍വ്വം താല്പര്യത്തോടെ ഞാ ന്‍ എളാമയെ കേട്ടിരുന്നു. ആരാലും അറിയപ്പെടാതെ പോകുമായിരുന്ന ജീവിത കഥകള്‍.. എനിക്ക് കേള്‍ക്കണമായിരുന്നു. ഒരുപാട് കാലം സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍.അടുക്കള ജോലികള്‍ ഞങ്ങള്‍ പങ്കിട്ടെടുത്തു. സ്ഥിരമായി ചെയ്യുന്ന ജോലികളില്‍ നിന്ന് ശാരീരിക വിഷമം പരിഗണിച്ചുമാറ്റി നിര്‍ത്തുമ്പോള്‍ അതില്‍ അസ്വസ്ഥയാകുന്ന എളാമ. അതൊക്കെയും തന്‍റെ അവകാശമാണ്, അതുകൊണ്ട് തന്നെ ആരും അതില്‍ നിന്ന് തടയേണ്ടതില്ല എന്ന രീതിയിലുള്ള പ്രതികരണം. എന്നും ചിരിച്ച മുഖവുമായിരിക്കുന്ന എളാമയുടെ ദേഷ്യം കാണാന്‍ കഴിയുന്ന ഏകസന്ദര്‍ഭം. ജീവിതത്തിലുടനീളം താന്‍ നേരിട്ട നീതികേടുകളെക്കുറിച്ച് സംസാരിക്കാന്‍ ആരുടേയും ഇഷ്ടക്കേടോ, ആരുടേയും അനുവാദമോ എളാമ നോക്കിയില്ല. ആരെയും ഭയപ്പെട്ടതുമില്ല.
  അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്ത് മൊബൈലില്‍ പാട്ട് വെക്കുന്ന പതിവുകാരിയായ എന്നോട് വിറകുപുരയ്ക്ക് പണിയെടുക്കുന്ന ബംഗാളികളും ഇങ്ങനെയാണ് എന്ന്പറഞ്ഞ് എളാമ അര്‍ത്ഥഗര്‍ഭമായ ഒരു ചിരി ചിരിച്ചു. 'നമ്മളുംഅവരെപ്പോലെയല്ലേ എളാമ' എന്ന ചോദ്യത്തിന് 'അതെ, പക്ഷെ ഒരു വ്യത്യാസമുണ്ട് ഓല്ക്ക് ജോലിക്ക് കൂലി കിട്ടും. നമ്മക്കത് കിട്ടൂല'.. ഏറ്റവും അടിസ്ഥാനപരമായി ഒരു സ്ത്രീഅനുഭവിക്കുന്ന നീതികേടിന്‍റെ രാഷ്ട്രീയം ലളിതമായി പറഞ്ഞ്, വലിയ വായില്‍ സ്ത്രീപക്ഷം പറയുന്ന എന്നെ ഞെട്ടിച്ചു എളാമ.അത് പറഞ്ഞ് അന്ന് ഞങ്ങള്‍ കുറെ ചിരിച്ചു.
 
അങ്ങിനെയാണ് എളാമ്മയുമായുള്ള വര്‍ത്തമാനങ്ങള്‍..പങ്കുവെക്കുന്നത് അവഗണനയുടെയും നഷ്ടങ്ങളുടെയും കണ ക്കുകളാകുമ്പോഴും ചിരിയില്‍ അവസാനിക്കുന്ന സംഭാഷണങ്ങള്‍. നമ്മള്‍ സ്ത്രീകള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജംകണ്ടെത്തുന്ന വഴികള്‍. ജീവിതത്തിലെ കഠിനതകളുടെ, തീവ്രമായ വേദനകളുടെ, വൈകാരികതകളുടെ നിമിഷനേരം കൊണ്ടുള്ള പങ്കുവെക്കലുകള്‍. വാക്കുകളില്‍, വര്‍ത്തമാനങ്ങളില്‍,ചിരികളില്‍, മനസ്സിലാക്കലുകളില്‍ ഒന്നായി നേര്‍ത്തലിഞ്ഞ്
ഒരൊറ്റ ബിന്ദുവില്‍ ഒറ്റപ്പെടുന്ന നമ്മള്‍.
 
എളാമയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കണ്ണീരോടെ..

 


Top