• Current Issue: December 2021
al azar college


---------------------------------------
ചെറുകഥാകൃത്തും നോവലിവസ്റ്റുമായ പി വത്സലക്കാണ് ഇക്കൊല്ലത്തെ എഴുത്തച്ഛന്‍ പുരസ്‌കാരമെന്ന് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. എഴുത്തുകാരുടെ സമഗ്ര സംഭാവനക്ക് കേരള സാഹിത്യ അകാദമി നല്‍കുന്ന  ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാര തുക.

'നെല്ല്' ആണ് ദീര്‍ഘകാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ച പി.വത്സലയുടെ ആദ്യ നോവല്‍. നെല്ല് പ്രമുഖ സിനിമ സംവിധായകന്‍ രാമു കാര്യാട്ട് സിനിമയാക്കിയിട്ടുണ്ട്. സിനിമക്ക് കുങ്കുമം അവാര്‍ഡ് ലഭിച്ചു. വെൡമ്പ്രദേശത്തെ ജീവിതങ്ങള്‍ക്ക് പൊതുപരിഗണനയുണ്ടാക്കുന്ന കഥകളാണ് പി വത്സലയുടേതെന്നാണ് പുരസ്‌കാര നിര്‍ണ്ണയ സമിതിയുടെ വിലയിരുത്തല്‍.  

പെമ്പി, ഗൗതമന്‍, മരചോട്ടിലെ വെയില്‍ ചീളുകള്‍, മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകള്‍, വിലാപം, നിഴലിറങ്ങുന്ന വഴികള്‍, പോക്കുവെയില്‍ പൊന്‍വെയില്‍ തുടങ്ങിയവ പ്രധാന കൃതികളാണ്.

കടുത്ത ജീവിതാഭിനിവേശമുളളവര്‍ കയ്യേറിയ ഇടത്തിന്റെ ശേഷിക്കുന്ന കുഞ്ഞിടങ്ങളിലെ മന്ദഗതിയിലായിപ്പോയ ജീവിത കാഴ്ച്ചകള്‍ വത്സലയുടെ കൃതികളില്‍ സജീവമാണ്. ആദിവാസികളുടെ ജീവിതത്തിലേക്ക് കാടുകീറി പ്രവേശിക്കുന്ന വെയിലിന്റെ കുഞ്ഞുവെളിച്ചത്തില്‍ എഴുത്തുകാരി കണ്ട കാഴ്ച്ചകള്‍ അവരുടെ കൃതികളില്‍ നന്നായി പ്രതിഫലിപ്പിച്ചിട്ടുണ്ട്.

എല്ലാതരം ആധിപത്യമനോഭാവങ്ങളോടും മുറവിളികൂട്ടുന്ന പലമനസുകള്‍ എഴുത്തുകാരിയിലുണ്ടെന്ന് മലയാള സാംസ്‌കാരിക ലോകം മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. ചേറിന്റെ മണവും കര്‍ഷകന്റെ വേദനയും എഴുത്തുകാരിയില്‍ ഉണര്‍ത്തിയ വൈകാരിക പ്രക്ഷോഭം ഓരോ കഥാപാത്രത്തിലും സൂക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.  

മലയാളിയുടെ ഇടുങ്ങിയ ലോകവീക്ഷണത്തെ വിശാലമാക്കിയ ആധുനിക എഴുത്തുകാരില്‍ നിന്നും വത്സലയെ വ്യത്യസ്തമാക്കുന്നത് അവര്‍ മണ്ണിന്റെ ഗന്ധം തേടി പോയ എഴുത്തുകാരിയെന്നനിലക്കാണ്. ആധുനികത മലയാളിയെ മുച്ചൂടും പരിഷ്‌കരിച്ചപ്പോള്‍ തോറ്റവന്റെ അടയാളവും പ്രാകൃത സംസ്‌കാരത്തിന്റെ നോക്കുകുത്തിയുമായി മാറിയ കര്‍ഷകനെ / കര്‍ഷകയെ പി. വത്സല വാക്കുകൊണ്ട് മോചിപിക്കുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ വത്സലയാണ് ഉത്തരാധുനിക ആശയങ്ങളുടെ വിത്തുകള്‍ മലയാളത്തില്‍ പാകിയതെന്ന് പറയാം.

ആധുനിക പ്രബുദ്ധതയുടെ വെളിച്ചം മനുഷ്യരെ സ്വാഭിമാനികളാക്കിയെന്നത് വലിയ സംഭാവനയായിരിക്കുമ്പോള്‍ വത്സല എതിര്‍ദിശയിലേക്കാണ് പേന ചലിപ്പിച്ചത്. ആധുനികതയുടെ വെളളകുപ്പായത്തിലും മുണ്ടിലും അവര്‍ ചേറ് വാരിയെറിയുകയായിരുന്നു. ഒരു പക്ഷെ, രാഷ്ട്രീയമായി നോക്കുമ്പോള്‍ അതുവരെ വെയിലത്ത് നിന്നിരുന്ന സംഘപരിവാറിന് ആശയപരമായി വലിയ ഒരു തണല്‍ നല്‍കാനും വത്സലക്ക് സാധിച്ചിട്ടുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നാലും അത് തെറ്റാകാനിടയില്ല.

സാഹിത്യത്തില്‍ ഉദയം കൊണ്ട ആധുനികതയും ഭൂപരിഷ്‌കരണവും ഒരുപോലെ കേരളത്തില്‍ ഒരു പ്രതിലോമ ഉപരിവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയായിരുന്നു. അഭ്യസ്തവിദ്യാരും സാമൂഹികമായ മേല്‍ത്തട്ടുമായ ആ പ്രതിലോമ വിഭാഗത്തെ ഭുപരിഷ്‌ക്കരണം നന്നായി ബാധിച്ചു. ആധുനിക വായനയും എഴുത്തും അവരെ അസ്വസ്ഥമാക്കി.  അതിനോടുളള പ്രതികരണമെന്ന നിലക്ക് അവര്‍ ചെറിയ തോതിലുളള നീരസം പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പി വത്സല മലയാളി സമൂഹത്തിന്റെ  അരികിലേക്ക് നോക്കുന്നത്. അരികിലെ മനുഷ്യരെ പറ്റി അവര്‍ എഴുതുന്നത്.

 വത്സലയുടെ അത്തരം എഴുത്തുകള്‍ സ്വാഭാവികമായും ആ പ്രതിലോമ വിഭാഗത്തിന് കരുത്തുനല്‍കി. ആധുനികതയുടെ പ്രഭാവലയത്തില്‍ ഇടം നഷ്ടപ്പെട്ട ആ വരേണ്യവിഭാഗത്തിന് ചിന്താപരമായി ഒരു തിരിച്ചുപോക്ക് സാധ്യമായി. പഴമയുടെ ആത്മാവ് തേടി എഴുത്തുകാരി ചുരം കയറി തുടങ്ങിയപ്പോള്‍ വരേണ്യ വിഭാഗത്തിന്റെ ഭാവനക്ക് ചിറകുകള്‍ മുളച്ചു.

തെക്ക് നിന്നും മലബാറിലെ മലയോരത്തേക്ക് കുടിയേറ്റം വ്യാപകമായപ്പോള്‍ അന്ധാളിച്ചുനിന്നുപോയ എസ്.കെ പൊറ്റക്കാട് രചിച്ച 'വിഷകന്യക'യുടെ തുടര്‍ച്ചായായി വത്സലയുടെ എഴുത്തിനെ കാണുന്ന നിരുപകരുണ്ട്. വയനാട്ടിലേക്കുളള കര്‍ഷകരുടെ കുടിയേറ്റത്തെ പ്രതിലോമ-വരേണ്യ വിഭാഗത്തിലുണ്ടാക്കിയെ എതിര്‍പ്പിനെ ഊതി വീര്‍പ്പിക്കുന്നതില്‍ 'വിഷകന്യകക്കും' വത്സലയുടെ നന്നായി സ്വാധീനം ചെല്ലുത്താന്‍ സാധിച്ചു.  

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ആ നിലക്ക് വലിയൊരു അനുരഞ്ജനപ്രവര്‍ത്തനമായിട്ടാണ് വിലയിരുത്താനാവുക. പ്രതിലോമ വരേണ്യവിഭാഗത്തിന്റെ പിന്തുണ ഭരണകൂടത്തിന് ആവിശ്യമാണെന്ന തോന്നലില്‍ നിന്നായിരിക്കും സ്വാഭാവികമായും നറുക്ക് പി വത്സലക്ക് വീണത്. ആ വിഭാഗത്തിന്റെ പ്രിയപ്പെട്ടവരെ പുരസ്‌കരിക്കുമ്പോള്‍ പുതിയ ഒരു പാലം കെട്ടാമെന്ന് അക്കാദമി (സര്‍ക്കാര്‍) കരുതുന്നു.

-എ.എം.വൈ

 


Top