• Current Issue: December 2021
al azar college

               തന്‍റേടി, അഹങ്കാരി,  എന്തിനും പോന്നവള്‍; സ്വന്തമായി അഭിപ്രായവും നിലപാടും ആദര്‍ശ ങ്ങളുമുള്ള പെണ്ണിന് എല്ലാക്കാലവും പുരുഷാധിപത്യ സമൂഹം കല്‍പിച്ചുവെക്കുന്ന പേരുകളാണിത്. 'അരുത്'കളുടെ ചങ്ങല പൊട്ടിച്ച് മുഖ്യധാരയിലേക്ക് ഇറങ്ങിവരാന്‍ പെണ്ണിന് അത്ര എളുപ്പമായിരുന്നില്ല. തല ഉയര്‍ത്തി നടക്കാനും അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും പോലും അവകാശമില്ലാതിരുന്ന  കാലത്തു  നിന്ന്  ഇന്ത്യയുടെ ഭരണചക്രം തിരിക്കാനും ബഹിരാകാശത്ത്  വരെ പോവാനുമുള്ള അവസരം നേടിയെടുത്തതില്‍ നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് പെണ്‍ പോരാട്ടങ്ങളുടെ കഥയുണ്ട്.

നിലനിന്നുപോന്ന സ്ത്രീ സങ്കല്‍പങ്ങളെ തച്ചുടച്ച് വരും തലമുറയ്ക്ക് മുന്നില്‍ വഴികള്‍ തുറന്നുകൊടുത്ത മഹത് വ്യക്തിത്വങ്ങളാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, കല്‍പന ചൗള, നിരുപമ റാവു, ഫാത്തിമ ബീവി, ഇറോംശര്‍മിള തുടങ്ങിയവര്‍. പല നേട്ടങ്ങളിലും പുരുഷനൊപ്പം അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ പ്ര
യത്നിച്ച, പോരാടിയ സ്ത്രീകളുണ്ട്. എന്നാല്‍, കാലം അവരെ മനപൂര്‍വം മാറ്റിനിര്‍ത്താറാണ് പതിവ്.
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ മലയാളികള്‍ ഉള്‍പ്പടെ 15 വനിതകള്‍ ഉണ്ടായിരുന്നു എന്നത് പോലും 
നാം അറിഞ്ഞത് എന്നാണ് എന്നതോര്‍ത്താല്‍ മതി സ്ത്രീകള്‍ക്ക് സമൂഹം എത്രമാത്രം വിലകല്‍പ്പിക്കുന്നു എന്നറിയാന്‍. സ്ത്രീകള്‍ രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ മാറ്റത്തിലേക്കുള്ള പുതുപാത തെളിയിച്ചവരായിരുന്നു ആ 15 പേര്‍. ഇവരെല്ലാം വരും തലമുറക്ക് പ്രചോദനമായവരാണ്. മുന്‍തലമുറ കാണിച്ചുതന്ന വിശാലമായ ലോക
ത്തിലേക്ക് ചുവടുവച്ച് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച 10 വനിതാ രത്നങ്ങളെ പരിചയപ്പെടാം; 
  
1-ദാക്ഷായണി വേലായുധന്‍
         പിന്നാക്ക വിഭാഗത്തില്‍നിന്നു പഠിച്ചുയര്‍ന്ന് ബി ആര്‍ അംബേദ്കര്‍ക്ക് ഒപ്പം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായ വനിതയാണ് ഇവര്‍. ഭരണഘടനക്ക് പിന്നിലെ സ്ത്രീകളില്‍ ഏക ദളിത് സ്ത്രീയും ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളുമായിരുന്നു മലയാളിയായ ദാക്ഷായണി വേലായുധന്‍. പുലയ സമുദായത്തില്‍ ജനിച്ച ഇന്ത്യയിലെ പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും ഇവരാണ്.
 
1912ല്‍ എറണാകുളത്ത് മുളവുകാടാണ് ദാക്ഷായണിയുടെ ജനനം.മുളവുകാട് സെന്‍റ് മേരീസ്.എല്‍.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച ഇവര്‍ ഉയര്‍ന്ന മാര്‍ക്കുകളോടെയാണ് വിദ്യാഭ്യാസത്തിന്‍റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ ശാസ്ത്ര പഠനത്തിനായി ചേര്‍ന്ന ഏക വിദ്യാര്‍ത്ഥിനിയായ ദാക്ഷായണി മദ്രാസ് സര്‍വകലാശാലയില്‍നിന്നു അധ്യാപക  പരിശീലന കോഴ്സും ജയിച്ചു. ദാക്ഷായണിയുടെ ജീവിതവും രാഷ്ട്രീയവും നിശ്ചയിക്കപ്പെട്ടത് അന്നത്തെ കഠിനമായ ജാതിവ്യവസ്ഥയിലൂടെയാണ്. ജാതി വിവേചനം രൂക്ഷമായ കാലത്ത് അതിനെയെല്ലാം എതിര്‍ത്ത്  ദാക്ഷായണി പൊരുതി. സാമൂഹ്യ പരിഷ്കര്‍ത്താവായ കെ.പി. വള്ളോന്‍റെയും രാജ്യസഭാംഗവും എട്ടാം കേരള നിയമസഭാംഗവും ആയിരുന്ന കെ.കെ. മാധവന്‍റെയും സഹോദരിയായിരുന്ന ദാക്ഷായണിക്ക് ഈ പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട തന്‍റെ സമൂഹത്തിന് വേണ്ടി കൂടിയുള്ള പോരാട്ടമായിരുന്നു.
 
  താഴ്ന്ന ജാതിക്കാര്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം ഇല്ലാതിരുന്ന കാലത്ത് വസ്ത്രങ്ങള്‍ ധരിച്ച് കോളേജിലെത്തി ഉന്നത വിദ്യാഭ്യാസം നേടി ദാക്ഷായണി പൊരുതി നിന്നു. ജാതി അധിക്ഷേപവും വിവേചനവും പഠന കാലയളവില്‍ നേരിടേണ്ടി വന്നെങ്കിലും വിദ്യാഭ്യാസം അവസാനിപ്പിക്കാനോ തോറ്റ് പിډാറാനോ അവര്‍ തയ്യാറായില്ല. പഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപക ജോലിക്ക് കയറിയദാക്ഷായണി പിന്നോക്ക വിഭാഗനേതാവും രാഷ്ട്രീയ നേതാവുമായിരുന്ന ആര്‍.വേലായുധനെ വിവാഹം ചെയ്തു. മഹാത്മാഗാന്ധിയുടെയും കസ്തൂര്‍ബാ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഒരു കുഷ്ഠ രോഗിയായിരുന്നു ഈ വിവാഹത്തിന് കാര്‍മികത്വം വഹിച്ചതെന്ന് കൂടി ചേര്‍ത്ത് വായിച്ചാലേ ദാക്ഷായണിയുടെ സാമൂഹിക നിലപാട് സംബന്ധിച്ചുള്ള നിലപാട് പൂര്‍ണ്ണമാവുകയുള്ളു.
 
 1945ല്‍ ഇവര്‍ കൊച്ചിന്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇവിടെ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗത്വം നേടിയത്. ഭരണഘടന സമിതിയിലെ ചര്‍ച്ചകളില്‍ പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിത വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ജാതിവിവേചനത്തിനെതിരായ പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കണമെന്ന  നിര്‍ദേശവും മുന്നോട്ട് വച്ച അവര്‍, ഇത് പൊതുസമൂഹത്തിന് മഹത്തായ സൂചന നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടിയത്.
 

2-മേരി കോം 

             1983 മാര്‍ച്ച് 1ന് മണിപ്പൂരിലെ ചുര്‍ച്ചന്‍പൂര്‍ ജില്ലയിലാണ് ജനനം. മണിപ്പൂരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അന്താരാഷ്ട്ര അമേച്വര്‍ ബോക്സിങ് രംഗത്തേക്ക് കടന്നുവന്ന വനിത. മേരി കോം എന്നറിയപ്പെടുന്ന ചുങ്നെയ്ജാംഗ് മേരി കോം ഹമ്മംഗ്ടെ ഇന്ത്യയിലെ വനിതാ ബോക്സിങ്ങിന്‍റെ പുതിയ അധ്യായം തുറന്നു. ലോകവേദിയില്‍ എട്ട് മെഡലുകളുള്ള ഒരേ ഒരു താരം. 2012 സമ്മര്‍ ഒളിമ്പിക്സില്‍ വെങ്കലം. ഏഷ്യന്‍  ഗെയിംസില്‍ ഒരു സ്വര്‍ണവും വെങ്കലവും, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണം, രണ്ട് വെള്ളി... മേരി കോമിന്‍റെ നേട്ടങ്ങളുടെ പട്ടികയ്ക്ക് നീളമേറെയാണ്. ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന അവര്‍, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും  ലോക ചാമ്പ്യനാകാനുള്ള വഴിയൊരുക്കി. പട്ടിണി യില്‍ മുങ്ങി,  പത്താംവയസില്‍  കാട്ടില്‍ വിറക് വെട്ടാന്‍ ഇറങ്ങിയ മേരിയെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോ സിങ്ങാണ്. അനാഥനായ ഡിങ്കോ സിങ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെയാണ് മേരിയുടെ ശ്രദ്ധ റിങ്ങിലേക്കായത്. മൂന്ന് കുട്ടികളുടെ അമ്മയായശേഷവും ലോകചാംപ്യനായ മേരി കോം സ്വപ്നങ്ങള്‍ക്ക് പിറകെ പോകാന്‍ പ്രചോദിപ്പിക്കുന്നത് ആയിരക്കണക്കിന് പേരെയാണ്.
 
 

3-ബര്‍ഖ ദത്ത്

                വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനം നല്‍കുന്ന, മാതൃകയാക്കാവുന്ന വ്യക്തിയാണ് ബര്‍ഖ ദത്ത്. നിര്‍ഭയയായ മാദ്ധ്യമ പ്രവര്‍ത്തക എന്ന വിശേഷണത്തിന് തീര്‍ത്തും അനുയോജ്യ. 1999ലെ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ബര്‍ഖ ദത്തിനെ പ്രശസ്തയാക്കിയത്. എന്‍ഡിടിവിയുടെ എഡിറ്ററായ ബര്‍ഖ ദത്ത് കഴിഞ്ഞ 20 വര്‍ഷത്തില്‍ അധികമായി മാദ്ധ്യമ പ്രവര്‍ത്തന മേഖലയില്‍ ശക്തമായ സാന്നിധ്യമായി തുടരുന്നു. എങ്കിലും തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ അഭിനന്ദനങ്ങള്‍ക്ക് ഒപ്പം തന്നെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ബര്‍ഖക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്യാനും ശക്തയായ സ്ത്രീയുംഅതിലുപരി കരുത്തുറ്റ മാദ്ധ്യമ പ്രവര്‍ത്തകയുമായി നില്‍ക്കാനും അവര്‍ക്ക് സാധിച്ചു. വെല്ലുവിളികള്‍ ഏറെ നിറഞ്ഞ ജേണലിസം മേഖലയെ ധൈര്യപൂര്‍വ്വം സ്വീകരിച്ച എണ്ണമറ്റ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവര്‍ ഇന്നും ഒരു പ്രചോദനമാണ്.
 

4-ലക്ഷ്മി അഗര്‍വാള്‍ 

              2005ല്‍ ആണ് ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ച ദുരനുഭവമുണ്ടായത്. തന്‍റെ 16ആം വയസില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഒരുവന്‍ ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.  ഒരുപാട് ശസ്ത്രക്രിയകള്‍ക്കും ചികില്‍സകള്‍ക്കും ശേഷമാണ് ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചത്.  തന്‍റെ  മുഖം  വികൃതമാക്കിയ ആസിഡ് ആക്രമണത്തിന് പക്ഷെ അവളുടെ മനക്കരുത്തിനെ തകര്‍ക്കാനായില്ല. അവളെപ്പോലെ ആസിഡ് ആക്രമണത്തിന് ഇരകളായവര്‍ക്കുവേണ്ടി പോരാടി. നിയമവിരുദ്ധമായി ആസിഡ് കൈവശം വെക്കുന്നതിനും വില്‍പന നടത്തുന്നതിനും എതിരായ ക്യാമ്പയിനിന് നേതൃത്വം നല്‍കിയ ലക്ഷ്മി, നിയമപരമായ പോരാട്ടവും നടത്തി. ഇതേ തുടര്‍ന്ന്കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആസിഡ് വില്‍പനയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച  ലക്ഷ്മി പിന്നീട് ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കി. വിധി സമ്മാനിച്ച അപ്രതീക്ഷിത ദുരന്തത്തില്‍ പകച്ചു പോകാതെ പോരാടിയ അവളെ മാദ്ധ്യമ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ അലോക് ദീക്ഷിത് ജീവിത പങ്കാളിയാക്കി. ആസിഡ് ആക്രമണത്തിന് ഇരകളായി ജീവിതം അവസാനിച്ചു എന്ന് കരുതുന്നവര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ് ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം.
 

 

5-രേഖ കാര്‍ത്തികേയന്‍

               ആഴക്കടലും കൊമ്പന്‍ സ്രാവും ആണിന് മാത്രമുള്ളതല്ല പെണ്ണിനും കൂടി ഉള്ളതാണെന്ന് കാണിച്ചു തന്നവള്‍; രേഖ കാര്‍ത്തികേയന്‍. ഇന്ത്യയില്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ലൈസന്‍സുള്ള ഒരേയൊരു സ്ത്രീയാണ് രേഖയെന്ന തൃശൂര്‍, ചേറ്റുവ സ്വദേശിനി. കല്‍പ്പന ചൗളക്കും ഇന്ദിരാ ഗാന്ധിക്കും ഒപ്പം എന്തുകൊണ്ടും ചേര്‍ത്തുവെക്കാവുന്ന പേരാണ് രേഖയുടേതും. നാല് പെണ്‍മക്കളുടെ അമ്മയായ രേഖയെ കടലിലേക്ക് ഇറക്കിയത് ജീവിത പ്രാരാബ്ദം തന്നെയായിരുന്നു. പരമ്പരാഗത മല്‍സ്യ തൊഴിലാളിയായ ഭര്‍ത്താവ് കാര്‍ത്തികേയന്‍ ദിവസവും കടലില്‍ പോയി കിട്ടുന്ന മീനിന്‍റെ മുക്കാല്‍ വിലയും എണ്ണച്ചിലവും ബാക്കി വരുന്നത് ബോട്ടിലെ സഹായിക്കും പങ്കുവെക്കേണ്ട ദുരവസ്ഥയിലായി. അങ്ങനെയാണ് കാര്‍ത്തികേയനൊപ്പം കടലില്‍ പോകാന്‍ രേഖയും തീരുമാനിച്ചത്. ആദ്യമൊക്കെ കടല്‍ രേഖയെ പേടിപ്പിച്ചെങ്കിലും ആത്മധൈര്യംകൊണ്ട് അതിനെയെല്ലാം കീഴടക്കി ഈ അരയത്തിപ്പെണ്ണ് പുതിയ ചരിത്രം കുറിച്ചു. കാറ്റും കോളും കൂറ്റന്‍ തിരമാലകളും ഇപ്പോള്‍ രേഖയ്ക്ക് മുന്നിലും കീഴടങ്ങും ജീവിതം ചോദ്യചിഹ്നമായപ്പോള്‍ വിശ്വാസങ്ങള്‍ക്ക് മീതെ രേഖ വീശിയെറിഞ്ഞ വല ഈ തലമുറയ്ക്കും വരും തലമുറയ്ക്കും പ്രോല്‍സാഹനവും ആത്മധൈര്യവും പകരുകയാണ്.
 
 

6-നന്ദിത ദാസ് 

                നിറം നോക്കി ആളുകളെ വിലയിരുത്തുന്നതില്‍ നിന്ന് ഇന്നും സമൂഹം മാറിയിട്ടില്ല. വെളുത്തത് അഴകുള്ളതും മനോഹരവും ആവുമ്പോള്‍ കറുപ്പ് എന്നും അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഒന്നാണ്. ഈ സമയത്ത് കറുപ്പിന് എതിരായ  സമൂഹത്തിന്‍റെ സമീപനത്തിന് എതിരെ ശബ്ദമുയര്‍ത്തിയ ഇന്ത്യന്‍ ചലച്ചിത്ര സംവിധായികയും നടിയുമാണ് നന്ദിത ദാസ്. സിനിമാലോകത്തെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച് "ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍" എന്ന പേരില്‍ നന്ദിത കാമ്പയിന്‍ ആരംഭിച്ചു. ഒരു ഫെയര്‍നെസ് ക്രീമിന്റേയും ആവശ്യം സ്ത്രീകള്‍ക്കില്ലെന്ന് അവര്‍ നിലപാടെടുത്തു. സിനിമയിലെ മറ്റ് സ്ത്രീകള്‍ വെളുത്ത ചായം മുഖത്ത് തേച്ചുനടക്കുമ്പോള്‍ ഒരിക്കല്‍ പോലും അതിന് തയ്യാറാകാതെ സ്വന്തം വിശ്വാസങ്ങളേയും നിലപാടുകളേയും മുറുകെ പിടിക്കാനും സമൂഹത്തിന്‍റെ വെളുപ്പിനോടുള്ള അഭിനിവേശത്തിനെതിരെ സംസാരിക്കാനും അവര്‍ തയ്യാറായി. സമൂഹത്തിലെ സെലിബ്രിറ്റികള്‍ക്ക്  ആളുകളെ രസിപ്പിക്കാന്‍ മാത്രമല്ല ചില തെറ്റായ രീതികളെ പൊളിച്ചെഴുതുന്നതിന് പലതും ചെയ്യാനും കൂടി ഉണ്ടെന്ന് നന്ദിത തന്‍റെ നിലപാടിലൂടെ തെളിയിച്ചു. നന്ദിത ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയയായത് 1996ലെ ഫയര്‍, 1998 എര്‍ത്ത് എന്നീ ചിത്രങ്ങളിലെ ധീര കഥാപാത്രങ്ങളിലൂടെയാണ്. ഈ ചിത്രങ്ങള്‍ നന്ദിതക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.
 

7-ഇഷിതാ മാളവിയ

               ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വനിത സര്‍ഫര്‍ ആണ് ഇഷിത മാളവിയ. കടല്‍ പുരുഷന്‍റേതെന്ന സങ്കല്‍പത്തെ മാറ്റി മറിച്ച് ധൈര്യസമേതം സര്‍ഫിങ്ങിലേക്ക് ഇറങ്ങിവന്നവള്‍. സ്ത്രീകള്‍ മടിച്ചുനിന്ന ഈ  മേഖലയെ നിഷ്പ്രയാസം ഇഷിത കൈപ്പിടിയിലൊതുക്കി. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഇഷിത 2007ലാണ് സര്‍ഫിങ് ആരംഭിച്ചത്. നിലവില്‍ ഷക്ക സര്‍ഫ് ക്ലബ് എന്ന പേരില്‍ ഒരു സര്‍ഫ് ക്ലബ്ബും കൂടാതെ ഇന്ത്യയിലെ തീരദേശ കര്‍ണാടകയില്‍ 'നാമലോഹ' എന്ന പേരില്‍ ഒരു ക്യാമ്പും നടത്തുന്നുണ്ട്. 2014 ലെ കണക്കനുസരിച്ച്, റോക്സി സര്‍ഫ് വെയറിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ഏക ഇന്ത്യക്കാരിയാണ് ഇഷിത.ഇന്ത്യന്‍ തീരപ്രദേശത്തെ ഒരു അന്താരാഷ്ട്ര സര്‍ഫിംഗ് ഡെസ്റ്റിനേഷനായി മാറ്റാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇഷിതയുടെ ലക്ഷ്യം. 2019ല്‍ ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇഷിതയും സ്ഥാനം പിടിച്ചിരുന്നു.
 
 

8-അരുന്ധതി റോയ്

               എഴുത്തുകാരി എന്നതിനൊപ്പം സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും അറിയപ്പെടുന്നു. ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളിലും വ്യക്തമായതും ഉറച്ചതുമായ നിലപാടുകളിലൂടെ ശ്രദ്ധേയയായി. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിക്കാന്‍ അവര്‍ ഒരിക്കല്‍ പോലും മടി കാണിച്ചിട്ടില്ല. മാന്‍ ബുക്കര്‍ സമ്മാനത്തിന് അര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ 'ദ് ഗോഡ് ഓഫ് സ്മോള്‍ തിങ്സ്' (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍) എന്ന കൃതിക്കാണ് 1997ലെ ബുക്കര്‍ പുരസ്കാരം ലഭിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് എതിരെ മേധാ പട്ക്കര്‍ നയിച്ച  'നര്‍മ്മദ ബചാവോ ആന്ദോളന്‍'എന്ന സംഘടനയുടെ പ്രക്ഷോഭത്തില്‍ പങ്കാളിയായി. പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ഗ്രേറ്റര്‍ കോമണ്‍ ഗുഡ് എന്നലേഖനമെഴുതി. മാന്‍ ബുക്കര്‍ സമ്മാന തുകയും തന്‍റെ പുസ്തകത്തിന്‍റെ റോയല്‍റ്റിയും നര്‍മ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തിന് ദാനം ചെയ്തു. അമേരിക്കന്‍ വിദേശനയത്തേയും ഇസ്റായേലിനെയും 1998ല്‍ ഇന്ത്യ നടത്തിയ അണു സ്ഫോടന പരീക്ഷണത്തേയും ശക്തമായി വിമര്‍ശിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. 2003 ല്‍ വയനാട് ജില്ലയിലെ മുത്തങ്ങയില്‍ പോലീസും ആദിവാസികളുമായുണ്ടായ സംഘര്‍ഷത്തില്‍ അന്ന്  മുഖ്യമന്ത്രിയായിരുന്ന എകെ ആന്‍റണിയ്ക്ക് "താങ്കളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു" എന്നുപറഞ്ഞ്  തുറന്ന കത്ത് എഴുതാന്‍ അരുന്ധതി റോയ് ധൈര്യം കാണിച്ചു.
 

9-മേധാ പട്ക്കര്‍

                ഇന്ത്യയിലെ പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തക, നര്‍മ്മദാ നദിയെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയായ 'നര്‍മ്മദ ബചാവോ ആന്ദോളന്‍' എന്ന സംഘടനയുടെ സ്ഥാപകനേതാവ് അങ്ങനെ മേധാ പട്ക്കറുടെ പ്രവര്‍ത്തന മേഖലയെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. സാമൂഹ്യ പ്രവര്‍ത്തക ആവുന്നതിനു മുന്‍പ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍  (TISS ) നിന്ന് സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.   
TISS ലെ ജോലിയും ഗവേഷണവും ഉപേക്ഷിച്ച് മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും, ഇത് ആത്യന്തികമായി 'നര്‍മ്മദ ബചാവോ ആന്ദോളന്‍' (നര്‍മ്മദയെ രക്ഷിക്കുവാനുള്ള പ്രക്ഷോഭം) എന്ന സംഘടനയുടെ രൂപവത്കരണത്തിന് കാരണമാകുകയും ആവുകയായിരുന്നു.പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണല്‍ അലയന്‍സ് ഓഫ് പ്യൂപ്പിള്‍ മൂവ്മെന്‍റ് എന്ന സംഘടനയുടെ ദേശീയ കണ്‍വീനറുമാണ് മേധാ പട്ക്കര്‍. ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് കമ്മീഷന്‍ ഓഫ് ഡാംസ് എന്ന സംഘടനയില്‍ പ്രതിനിധി  കൂടിയാണ് മേധ. നര്‍മ്മദ നദിയ്ക്കും അതിന്‍റെ 
പോഷകനദികള്‍ക്കും കുറുകെ പല സ്ഥലങ്ങളിലായി നിര്‍മ്മിച്ചുകൊണ്ടിരുന്ന അണക്കെട്ടുകളുടെ (സര്‍ദാര്‍ സരോവര്‍ പദ്ധതി) പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിത ങ്ങളില്‍ ഇടപെട്ടുകൊണ്ടായിരുന്നു മേധദേശീയമായി സജീവമാകുന്നത്. പദ്ധതി മൂലം കഷ്ടത നേരിടുന്ന പത്തു ലക്ഷത്തോളം വരുന്ന അവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനു വേണ്ടിയും മേധ സംഘടിപ്പിച്ച സമരങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു വന്ന ജലനിരപ്പില്‍ അപ്രത്യക്ഷമായി കൊണ്ടിരുന്ന മധ്യപ്രദേശിലെ ജല്‍സിന്ധി ഗ്രാമത്തിലും, മഹാരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലും, ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി മേധ മരണം വരെ സമരം തുടങ്ങുകയും, പിന്നീട് അവരെ ഈ സമരത്തില്‍ നിന്നും പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ഉണ്ടായി. രാജ്യത്ത് നടക്കുന്ന നീതിക്കായുള്ള എല്ലാ പോരാട്ടങ്ങളോടും ഐക്യപ്പെടുകയും ഇവിടെയെല്ലാം ഓടിയെത്തുകയും ചെയ്യാറുണ്ട് അവര്‍. ഒടുവിലായി കര്‍ഷകര്‍ നടത്തുന്ന സമരത്തിനോടും അവര്‍ ഐക്യപ്പെട്ടു.
 

10-സുനിത കൃഷ്ണന്‍ 

                സ്വന്തം ദുരനുഭവങ്ങളില്‍ നിന്ന് പുറത്തുവരാനും കൂടുതല്‍ ആര്‍ജവത്തോടെ ജീവിക്കാനും പല പെണ്‍കുട്ടികള്‍ക്കും സാധിക്കാറില്ല. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് സുനിത കൃഷ്ണന്‍. തന്‍റെ പതിനാറാം വയസില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന്    ഇരയായ ഒരു പെണ്‍കുട്ടി. എട്ട് നരാധമډാരുടെ നീചപ്രവര്‍ത്തിക്ക് ഇരയായെങ്കിലും തളരാതെ അവള്‍ പോരാടി. തന്നെ പോലെ ദുരിതമനുഭവിച്ച ആയിരക്കണക്കിനു സ്ത്രീകള്‍ക്ക് അവള്‍ താങ്ങും തണലുമായി. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇപ്പോള്‍ സുനിത കൃഷ്ണന്‍. മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി കൂടിയാണ് അവര്‍. 1996ല്‍ ബാംഗ്ളൂരില്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചാണ് സുനിത പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ലൈംഗികപീഡനത്തിന്‍റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനോടൊപ്പം തന്നെ മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിന് ഇരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയില്‍  ഏര്‍പ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ  മേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു. പാലക്കാട്  സ്വദേശികളായ  മാതാപിതാക്കള്‍ക്ക്  ബാംഗ്ളൂരില്‍ പിറന്ന സുനിതയുടെ  ആദ്യകാല പ്രവര്‍ത്തനങ്ങളും അവിടെയായിരുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദവും സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.സ്.ഡബ്ള്യു ബിരുദവും കരസ്ഥമാക്കിയ സുനിത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ തന്നെയാണ് ഗവേഷണ ബിരുദമെടുത്തത്. സുനിത കൃഷ്ണന്‍റെ അനുഭവങ്ങളെ ആധാരമാക്കി 'എന്‍റെ' എന്ന സിനിമ ഭര്‍ത്താവും ചലച്ചിത്ര പ്രവര്‍ത്തകനുമായ രാജേഷ് ടച്ച്റിവര്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് പുറത്തിറക്കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തന മേഖലയിലെ മികവിനുള്ള പെര്‍ഡിറ്റ  ഹൂസ്റ്റണ്‍ രാജ്യാന്തര അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ സുനിത നേടിയിട്ടുണ്ട്. 2016ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
 

 


Top