• Current Issue: December 2021
al azar college

Thinking is difficult, that’s
why most people judge.
- Carl Jung

പുതുതായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ കരിക്കുലത്തിന്‍റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ 12ാം ക്ലാസ് വരെയുളള പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ നയം അശാസ്ത്രീയവും ചരിത്രവിരുദ്ധവുമാകാനിടയുണ്ടെന്നതിനാല്‍ പശ്ചിംബംഗാളും തമിഴ്നാടും കേന്ദ്ര ചട്ടകൂടിന് കാത്തിരിക്കാതെ  സ്വമേധയാ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ തീരുമാനിച്ചു. കേരളമാകട്ടെ ഇതുവരെ കേന്ദ്രനീക്കങ്ങളെ അവഗണിച്ചിട്ടില്ല. തമിഴ്നാടും ബംഗാളും ആശങ്കപെടുന്നത് രാജ്യത്തിന്‍റെ ശരിയായ ദേശീയ തത്വങ്ങള്‍ പുതുതലമുറക്ക് നഷ്ടപ്പെടാനിടയുണ്ടെന്നും ഫെഡറല്‍ നയം അട്ടിമറിക്കപ്പെടുമെന്നുമായിരിക്കണം. ശാസ്ത്രീയ വിഷയങ്ങളിലും ചരിത്ര  മാനവീയ വിഷയങ്ങളിലുമെല്ലാം അവാസ്ഥവങ്ങളും അശാസ്ത്രീയ വീക്ഷണങ്ങളും  കടന്നുകൂടുമെന്നുളള ധാരണ ശരിപ്പെടുത്തുന്ന സമീപനങ്ങളാണ് കേന്ദ്രത്തിന്‍റേതെന്നാണ് ഇപ്പോഴത്തെ ധാരണ. കോവിഡ് മഹാമാരി നേരിടുന്നതില്‍ പോലും ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ കാട്ടികൂട്ടുന്ന അശാസ്ത്രീയ   മാര്‍ഗ്ഗങ്ങള്‍   ഇതിനകം രാജ്യശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ചട്ടക്കൂട് അവഗണിച്ചിട്ടില്ലെങ്കിലും പാഠ്യപദ്ധതിയില്‍ കാതലായ പരിഷ്കാരങ്ങള്‍ വരുത്തുന്നതിനായി വിദഗ്ധരെ  തേടാനുളള  ശ്രമം  കേരളസംസ്ഥാനവും ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസരംഗത്ത് നമ്മള്‍ നേരിടുന്ന വെല്ലുവിളികളും അതിനുളള പരിഹാരങ്ങളും അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍.

താരതമ്യേന ധനാഗമനമാര്‍ഗ്ഗം വളരെ കുറവുളള സംസ്ഥാനമെന്നനിലക്ക് സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നതാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ചെറിയൊരു ഭൂപ്രദേശമെന്ന നിലക്ക് അതിന്‍റെ പ്രകൃതിസൗന്ദര്യവും സന്തുലനാവസ്ഥയും തകരാനിട നല്‍കാത്ത സാമ്പത്തിക സ്വയം പര്യാപ്തത നേടുകയും വേണം. രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നമ്മുടെ  ഉയര്‍ന്ന ജീവിത നിലവാരം തുടര്‍ന്നും നിലനിര്‍ത്തുന്നതിനായി നമ്മള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നമ്മുടെ മനുഷ്യവിഭവ ശേഷിയും വെല്ലുവിളി നേരിടുന്ന സാഹചര്യമാണിപ്പോള്‍. 21ാം നൂറ്റാണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ഉപയോഗപ്പെടുത്തി തൊഴില്‍രംഗം പരിഷ്കരിച്ചുതുടങ്ങിയതോടെ മിക്ക രാജ്യങ്ങളിലും മനുഷ്യര്‍ ചെയ്തുവന്നിരുന്ന പല തൊഴിലുകളും ഇല്ലാതായിട്ടുണ്ട്. ഓട്ടമേഷനും റോബോട്ടുകളും മനുഷ്യവിഭവ ശേഷിക്ക് ആഗോള തലത്തില്‍ ഡിമാന്‍റ് കുറച്ചു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍  നമ്മുടെ  ഇളം തലമുറയുടെ അതിജീവനത്തിന് വഴിയൊരുക്കുന്ന പാഠ്യരീതിയാണ് നമുക്ക് വേണ്ടത്. ഗുഹയുടെ ഇരുളില്‍ നിന്നിറങ്ങി സിലിക്കണ്‍ വാലിയിലെ യന്ത്രമനുഷ്യരെ വരെ സൃഷ്ടിച്ച മനുഷ്യന്‍ ഇക്കാണുന്ന സകല പുരോഗതിയും നേടിയത് അവന്‍റെ / അവളുടെ നൈസര്‍ഗിക സമ്പത്തായ ചിന്താശേഷി ഉപയോഗിച്ചാണ്. ചിന്തയുടെ വെളിച്ചം നല്‍കിയ വഴികളിലൂടെ സഞ്ചരിച്ചാണ് മനുഷ്യന്‍ ക്രമാനുഗതമായി ഇങ്ങനെ വളര്‍ന്നത് അല്ലെങ്കില്‍ അതിജീവിച്ചത്. പ്രകൃതി വിഭവങ്ങള്‍  സംസ്കരിച്ചും അതില്‍ നിന്നും തന്മാത്രകള്‍ സംസ്കരിച്ചെടുത്തും മനുഷ്യര്‍ വിഭവങ്ങള്‍ ഇരട്ടിയാക്കി. കാട്ടില്‍ നിന്നിറങ്ങിയ ശേഷം ദീര്‍ഘ സഞ്ചാരത്തിനിടയില്‍ ആകാശത്തിലെ പറവകളുടെ ചിറകുകള്‍ കണ്ടു വിസ്മയിച്ചവര്‍ വിമാനങ്ങളും റോക്കറ്റുകളുമുണ്ടാക്കി. കൈകള്‍ വീശിയും കാലിട്ടടിച്ചും നദിയിലും കടലിലുമിറങ്ങി നോക്കിയ അവര്‍ മത്സ്യങ്ങളെ കണ്ണുനിറയെ കണ്ടുകൊണ്ട് വഞ്ചിയും ബോട്ടും കപ്പലുകളും വികസിപ്പിച്ചു. അതിനെല്ലാം വഴി കാണിച്ചത് അവരിലുണര്‍ന്ന വിസ്മയങ്ങളും അവ പ്രചോദിപ്പിച്ചുണ്ടായ ചിന്തകളുമാണ്.

എങ്ങനെയാണ് ആ ചിന്താശക്തിയെ നമ്മള്‍ നേരിടുന്ന പുതിയ വെല്ലുവിളികളെ നേരിടാന്‍ ഉപയോഗിക്കും? ഈ ചോദ്യത്തില്‍ നിന്നു മാത്രമേ അതിനുളള മാര്‍ഗ്ഗം കാണാനാകുകയുളളൂ. ഏഷ്യയുടെ വെളിച്ചമെന്ന് വിശേഷിപ്പിക്കുന്ന സിദ്ധാര്‍ത്ഥ ഗൗതമ ബുദ്ധന്‍ തൊട്ട് കണ്‍ഫ്യൂഷ്യസും ഗാന്ധിയും മുഹമ്മദും തുടങ്ങി നിരവധി  പേര്‍  പകര്‍ത്തിയ  വെളിച്ചം പല നാഗരികതകളെ പ്രചോദിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യ്തിട്ടുണ്ട്. അതുപോലെ തന്നെ സോക്രട്ടീസ് മുതല്‍ റെനെ ദകാര്‍ത്ത വരെയുളള ദാര്‍ശനികരും ലോകത്തിന് വഴികാട്ടിയിട്ടുണ്ട്. അവരൊക്കെ പകര്‍ത്തിയ വെളിച്ചത്തിന്‍റെ  തുടര്‍ച്ചയെന്നോണം പല തരത്തിലുളള വിദ്യാഭ്യാസ ചിന്തകള്‍  ലോകത്തിന്‍റെ നാനാഭാഗങ്ങളിലും നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലും ലാറ്റിനമേരിക്കയിലും ബദല്‍ വിദ്യാഭ്യാസ ചിന്തകളായി ഗാന്ധിയും പൗളോ ഫെയറും പ്രചാരത്തിലുണ്ട്.

അത്തരം ചിന്തകളത്രയും അതാതുകാലങ്ങളിലെ വെല്ലുവിളികളെ നേരിടുന്നതിന് ചിന്താശേഷി ഉപയോഗിച്ചവരാണ്. നമ്മുടെ കാലത്ത് കേരളം നേരിടുന്ന രണ്ട് മുഖ്യവെല്ലുവിളികളെ അതിജയിക്കുന്നതിനുവേണ്ടി ചിന്ത വികസിപ്പിക്കാനും പ്രയോഗരീതികള്‍ ആവിഷ്കരിക്കാനും ഇളം തലമുറയെ പ്രാപ്തരാക്കാനുളള പദ്ധതിയായിരിക്കണം പുതിയ വിദ്യാഭ്യാസ പരിഷ്കരണം ലക്ഷ്യം വെയ്ക്കേണ്ടത്. അതിന് 21ാം നൂറ്റാണ്ടിലെ ഉപകരണങ്ങള്‍    ഉപയോഗപ്പെടുത്തുകയും   അതിനനുസരിച്ചുളള ചിന്തയും ഉണര്‍ത്തേണ്ടതുണ്ട്.  അതായത് ഒരു ബ്രയ്ന്‍ സൗഹൃദ  ബോധനരീതി  അവലംബിക്കേണ്ടതുണ്ട്. ഇപ്പോള്‍ നമ്മള്‍ പിന്തുടരുന്ന വ്യദ്യാഭ്യാസരീതി ഒട്ടും ബ്രയ്ന്‍ ഫ്രണ്ടലി അല്ലെന്ന് പരിശോധിച്ചാല്‍ മനസിലാകും. നമ്മുടെ കാലഘട്ടം നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെറിയാന്‍ പോലും നമ്മുടെ വിദ്യാസമ്പന്നര്‍ക്ക് കഴിയുന്നില്ല.

നമ്മുടെ കാലത്ത് കേരളം നേരിടുന്ന രണ്ട് മുഖ്യവെല്ലുവിളികളെ
അതിജയിക്കുന്നതിനുവേണ്ടി ചിന്ത വികസിപ്പിക്കാനും പ്രയോഗരീതികള്‍
ആവിഷ്കരിക്കാനും ഇളം തലമുറയെ പ്രാപ്തരാക്കാനുളള പദ്ധതിയായിരിക്കണം
 പുതിയ വിദ്യാഭ്യാസ പരിഷ്കരണം ലക്ഷ്യം വെയ്ക്കേണ്ടത്.

 

ദൈന്വംദിന പ്രശ്നങ്ങളെ  ലളിതമായി  അഭിമുഖീകരിക്കാന്‍ മസ്തിഷ്ക സൗഹൃദ ബോധനരീതി ആവിഷ്കരിക്കണം. രാജ്യം നേടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണല്ലോ സൗജന്യവിദ്യാഭ്യാസം നിര്‍ബന്ധമാക്കിയത്. രാജ്യം നമ്മുടെ വീടാണ്. ആ വീട്ടിലെ പ്രശ്നം പരിഹിരിക്കുകയെന്നാല്‍ നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ്. അതിന് ഓരോ മേഖലയിലും നമ്മുടെ വെല്ലുവിളികള്‍  എന്താണെന്ന് നമ്മള്‍ അറിയണം. വെല്ലുവിളികള്‍ അറിയാന്‍ പ്രേരിപ്പിക്കുന്ന ഉളളടക്കമാണ് ഒരോ വിഷയത്തിലും ഉളളതെങ്കില്‍ നമ്മുടെ മസ്തിഷ്ക്കം അത് പെട്ടെന്ന് സ്വീകരിക്കും. വ്യക്തിയുമായി ബന്ധമുളള വിഷയങ്ങളാണ്  കൂടുതല്‍ ശ്രദ്ധ തേടുകയുളളൂ.   ശിപായി  ലഹള പഠിപ്പിക്കുമ്പോള്‍  കണ്ണില്‍  ഉറക്കം  ഊഞ്ഞാല്  കെട്ടുന്നുണ്ടായിരുന്നുവെന്ന് മുതിര്‍ന്നതിനു ശേഷം പലരും പറയാറുണ്ട്. ശിപായി ലഹളയും വിദ്യാര്‍ത്ഥികളും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പഠിപ്പിക്കുന്ന ബോധനരീതി നമുക്കില്ല. ഹൈഡ്രജനും ഓക്സിജനുമാണ് ജലത്തിന്‍റെ മൂല തന്മാത്രകളെന്ന്   പഠിപ്പിക്കുമ്പോള്‍  ചിലര്‍ക്ക് ഉറക്കം വരും. ചിലര്‍ക്ക് വരില്ല.  ഉറക്കം  വരാത്തവര്‍ക്ക് ഒരു കാര്യം അറിയാം. സയന്‍സ് വിഷയങ്ങളില്‍ മാര്‍ക്ക് ഉണ്ടെങ്കിലെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് കിട്ടുകയുളളൂ. അത് കിട്ടിയാലെ അച്ചനഅമ്മമാരുടെ സ്വപ്നമായ ഡോക്ടര്‍ പണി പഠിക്കാന്‍ പറ്റൂ. ഉണര്‍ന്നിരിക്കുന്നവര്‍ക്ക് ഭാവിയാണ് പ്രചോദനം. ഈ ലോകത്തിന്‍റെ  സകലനിറങ്ങളുടേയും ഉളളിന്‍റെ ഉളളാണ് രസതന്ത്രമെന്ന് പറയുമ്പോള്‍ ഒരുപക്ഷെ കൂടുതല്‍ കുട്ടികള്‍ ഉണരാനിടയുണ്ടെന്നാണ് ന്യൂറോസയന്‍സ് പറയുന്നത്. കാരണം നിറങ്ങള്‍ കൂടുതലാളുകളുടെ ജ്ഞാനേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കും. അപ്പോള്‍ മാത്രമേ കാര്യങ്ങള്‍ മനസ്സിലാക്കിയുളള  പഠനം നടക്കൂ. നിലവില്‍ നമ്മുടെ ബോധനരീതിയനുസരിച്ച്  വസ്തുതകള്‍  ആവര്‍ത്തിച്ച് ചൊല്ലി മനപാഠമാക്കുകയാണ്. ഇങ്ങനെ മനപാഠമാക്കിയ വിവരങ്ങള്‍ ജ്ഞാനത്തിന്‍റെ പ്രയോഗ ഘട്ടത്തില്‍ എല്ലാവര്‍ക്കും  ഒരുപോലെ കിട്ടിക്കൊളളണമെന്നില്ല.

പഠനത്തിന്‍റെ ശാസ്ത്രം
മസ്തിഷ്ക്കത്തിലേക്കുളള, മനസ്സിലേക്കുളള വിളക്കുകളാണെല്ലോ ജ്ഞാനേന്ദ്രിയങ്ങള്‍. അവയിലേക്ക് എന്തെങ്കിലും ആകര്‍ഷിക്കണമെങ്കില്‍ കുട്ടിയുടെ ഉളളില്‍ താല്‍പ്പര്യം ജനിപ്പിക്കണം. താല്‍പ്പര്യം ജനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥിയുടെ ഉളള് തൊടണം. അതിന് കുട്ടിയുടെ പ്രശ്നത്തില്‍ തൊടണം. കുട്ടിയുടെ പ്രശ്നം തന്നെയാണ് നാം നേരിടുന്ന എല്ലാ പൊതുപ്രശ്നങ്ങളും. നിര്‍ബന്ധിച്ച് പഠിപ്പിക്കുന്ന നമ്മുടെ ബോധനരീതിക്കു പകരം താല്‍പ്പര്യപൂര്‍വ്വം പഠിക്കുന്ന രീതി വിഷയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും. അപ്പോള്‍ ചെവിയില്‍ കേട്ടതോ കണ്ണില്‍ കണ്ടതോ നാക്കില്‍ രുചിച്ചതോ ഒക്കെയായ ജ്ഞാനം തലച്ചോറിന്‍റെ ആഴമായ അമിഗ്ധലയിലേക്കിറങ്ങും. വേഗം മനസ്സിലാകുമെന്ന് ചുരുക്കം. അതോടു കൂടി കുട്ടി /ആള്‍ ആ വിഷയത്തിലേക്കിറങ്ങി ചെല്ലും. അങ്ങനെ പ്രസ്തുത വിഷയത്തില്‍ ആഴമുളള ചിന്ത ആ കുഞ്ഞില്‍ രൂപപ്പെടും. ഒരാള്‍ പഠിക്കുന്നതിന്‍റെ ശാസ്ത്ര ദര്‍ശനം പിടിക്കിട്ടിയാല്‍ ഇക്കാര്യം എളുപ്പം മനസ്സിലാകും. ന്യൂറോസയന്‍സ് നിരവധി മാര്‍ഗ്ഗങ്ങള്‍ അതിനായി തുറന്നിട്ടുണ്ട്.

21ാം നുറ്റാണ്ട് മസ്തിഷ്ക്കത്തിന്‍റെ നൂറ്റാണ്ടെന്ന് അറിയപ്പെടുന്നതിന്‍റെ  മുഖ്യകാരണം തന്നെ  തലച്ചോറിനെ  പ്രതിഅത്രയക്കും താല്‍പ്പര്യപൂര്‍വ്വം നിരവധി ഗവേഷണങ്ങള്‍ ആരംഭിച്ചതുകൊണ്ടാണ്. ലേര്‍ണിങ് / പഠിക്കുകയെന്നതിന്‍റെ ശാസ്ത്രീയമായ ധാരണ ഉണ്ടായിട്ട് തന്നെ വേണം ബോധനരീതിയുണ്ടാക്കാന്‍. ജ്ഞാനശേഖരണത്തിന്‍റെ ആനന്ദം അപ്പോള്‍ പഠിതാവിന് അനുഭവിക്കാന്‍ കഴിയും. ബോധ്യപ്പെടുമ്പോള്‍ നമ്മള്‍ മനുഷ്യരില്‍ ആദ്യമുണ്ടാകുക ചിരിയാണ്. പിന്നെ തലയിലേക്ക് കൈകള്‍ ഉയരും നെറുകയില്‍ വിരല്‍തലപ്പുകളെത്തും. അതൊരു സുഖമാണ്. ഒരാള്‍ പഠിക്കുന്നതിന്‍റെ ലക്ഷണം അതാണ്. പ്രബുദ്ധര്‍ സദാ ചിരിച്ചു കൊണ്ടിരിക്കുന്നതിന്‍റെ കാരണം, അവരില്‍ ചിന്ത നടക്കുന്നുവെന്നതുതന്നെയാണ്.

താല്‍പ്പര്യം പൂര്‍വ്വം ഒരാള്‍ ഒരു വിജ്ഞാനം ആര്‍ജിച്ചു കഴിഞ്ഞാല്‍ അയാളുടെ അല്ലെങ്കില്‍ അവളുടെ തലച്ചോറില്‍ കൂടുതല്‍ ഡോപ്പാമെയിന്‍ ഉല്‍പ്പാദിക്കപ്പെടുകയും അത് തലച്ചോറില്‍ പൂര്‍ണ്ണമായും പകരുകയും ചെയ്യും.

തലച്ചോറിലേക്ക് പഞ്ചേന്ദ്രിയങ്ങള്‍ വഴിയെത്തുന്ന അറിവ് സിഗ്നലുകള്‍ കാതുകളുടെ തൊട്ടു താഴ്ഭാഗത്ത് ന്യൂറോ സയന്‍സ് ആര്‍.എ.എസ് വിളിക്കുന്ന റെക്ടികൂലാര്‍ ആക്ടിവേറ്റിങ് സിസ്റ്റത്തിലാണ് സ്റ്റോര്‍ ചെയ്യുക. ഈ ബ്രയിന്‍സ്റ്റമിനെ  വിജ്ഞാനത്തിന്‍റെ ഒന്നാമത്തെ  ഫില്‍റ്റര്‍  ആയിട്ട്  കാണാം. ഇന്ദ്രിയങ്ങള്‍   വഴി   ആര്‍  എ എസിലെത്തിയ സിഗ്നലുകള്‍ തലച്ചോറിന്‍റെ ആഴത്തിലേക്ക് എത്തുമ്പോളാണ് പഠിതാവില്‍ മനസ്സിലാ
ക്കല്‍ അല്ലെങ്കില്‍ വിവേകം ഉണരുക. ആര്‍ എ എസില്‍ എത്തുന്ന സിഗ്നല്‍   അകത്തോട്ട്   പ്രവേശിക്കണമെങ്കില്‍   ഡോപ്പാമയ്ന്‍ ബ്രയ്ന്‍ പ്രൊഡ്യൂസ് ചെയ്യണം. അങ്ങനെ ഡോപ്പാമയ്ന്‍ ലഭിക്കണമെങ്കില്‍ ആര്‍ എ എസിനെ  ഉദ്ദീപിപ്പിക്കാന്‍ ആ വിവരങ്ങള്‍ക്ക് സാധിക്കണം. ആര്‍ എ എസ് ഉദ്ദീപവിച്ചാല്‍ മാത്രമേ സിഗ്നലുകളെ തലച്ചോറിന്‍റെ ആഴത്തിലേക്ക് ഡോപ്പാമയിന്‍ കൊണ്ടുപോകുകയുളളൂ. സാധാരണയായി ആളുകളില്‍ അതിജീവനത്തിനായുളള വിവരങ്ങള്‍ ആര്‍ എ എസിലെത്തിയാല്‍ ഡോപ്പാമയ്ന്‍ പെട്ടെന്ന്  ഉല്‍പ്പാദിപ്പിക്കുകയും അത്  മനസിനകത്തേക്ക് നീങ്ങുകയും തലച്ചോര്‍ ബോഡിക്ക് ആക്ഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. അതുകൊണ്ടാണ് നമ്മള്‍ നേരിടുന്ന വെല്ലുവിളികളെ പരിചയപ്പെടുത്തുന്ന ബോധനരീതി വെണമെന്ന് മുകളില്‍ പറഞ്ഞത്.  അത്തരം  വെല്ലുവിളികള്‍ നേരിടുന്നതുമായി ബന്ധപ്പെട്ടുളള സിഗ്നലുകള്‍ ആര്‍എഎസില്‍ എത്തുകയും ബ്രയിനിന്‍റെ  മറ്റു ഭാഗങ്ങളെ അത് ഉദ്ദീപിക്കുകയും ചെയ്യും.

 പ്രായോഗിക ചിന്തയും വിദ്യാഭ്യാസവും
അക്ഷരവും അക്കങ്ങളും അറിഞ്ഞുകഴിഞ്ഞാല്‍ ചിന്തിക്കാനുളള  ഉപകരണങ്ങളായി. പിന്നെ  വേണ്ടത്  താല്‍പ്പര്യമാണ്. പഠിതാവില്‍  ചിന്തിക്കാനുളള  പ്രേരണ ഉണ്ടാക്കണമെങ്കില്‍ അവന് / അവളില്‍ താല്‍പ്പര്യം ജനിക്കണം. അതിന്‍ പ്രയോഗ സാധ്യതയുളള വിഷയം വേണം. വിപണിയുടെ (ഇവിടെ വിപണി കൊണ്ടുദ്ദേശിക്കുന്നത് കേരളത്തിന്‍റെ അതിജീവനം രാജ്യത്തിന്‍റെ അതിജീവനം)  ആവിശ്യം  ബോധ്യപ്പെടുത്തുന്ന ബോധനരീതിയില്‍ വിഷയങ്ങള്‍ തരം തിരിച്ചുകൊണ്ട് പഠിപ്പിക്കാന്‍ തയ്യാറാകുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ചിന്ത ഉണരുകയും അവ പുതിയ പ്രായോഗിക തന്ത്രങ്ങളെ ആവിഷ്കരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.


Top