• Current Issue: December 2021
al azar college

 

മലബാര്‍ കലാപത്തിന് 100 വര്‍ഷമായിരിക്കെ ബ്രിട്ടീഷ്-ജന്മിത്ത വിരുദ്ധ പോരാട്ടത്തിന്റെ  ധീരനായകന്‍ വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് തിരകഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ'സുല്‍ത്താന്‍ വാര്യന്‍ കുന്നന്‍' എന്ന പുസ്തകം അക്കാദമിക രംഗത്തും രാഷ്ട്രീയ രംഗത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടയില്‍ നാല്‍പ്പത് വര്‍ഷ ഷാര്‍ജ ബുക്ക് ഫെയര്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവുമധികം വിറ്റ മലയാള പുസ്തകമെന്ന് നേട്ടവും പുസ്തകം  കരസ്ഥമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രസ് ഫോര്‍ അസോസിയേറ്റ് എഡിറ്റര്‍ എഎം യാസിര്‍ ഗ്രന്ഥകാരനുമായി തയ്യാറാക്കിയ വാട്സ് ആപ്പ് അഭിമുഖത്തിലെ പ്രസകതഭാഗം.    
 

1. ഷാര്‍ജ്ജ പുസ്തകോല്‍സവത്തില്‍ 'സുല്‍ത്താന്‍ വാര്യന്‍ കുന്നന്‍'  പുസ്തകത്തിന് കിട്ടിയ പ്രതികരണം എങ്ങനെയുളളതായിരുന്നു?.
 
റമീസ് : നല്ല പ്രതികരണം തന്നെയാണ് ഇവിടെ ഷാര്‍ജ്ജ ബുക്ക് ഫെയറില്‍ നിന്നും ലഭിച്ചത്. ഇവിടെ ഏറ്റവും കൂടുതല്‍ വിറ്റ മലയാളം പുസ്തകമാണ് സുല്‍ത്താന്‍ വാര്യന്‍കുന്നന്‍. 40 -വര്‍ഷത്തെ ഷാര്‍ജ ബുക്ക് ഫെയര്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിററ മലയാളപുസ്തകം സുല്‍ത്താന്‍ വാര്യന്‍കുന്നന്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞു. ആ ചരിത്രം നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്. നാലു ദിവസം കൊണ്ട് 1500 പുസ്തകം വിറ്റഴിക്കാന്‍ സാധിച്ചു. അത് വലിയ കാര്യം തന്നെയാണെന്നാണ് കരുതുന്നത്. പുസ്തകത്തിന് മറ്റു പലഭാഷകളിലേക്കും വിവര്‍ത്തനം ലഭിക്കാനുളള അവസരങ്ങളും ഷാര്‍ജ ബുക്ക് ഫെയര്‍ തുറന്നുതന്നുവെന്നതും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. 
 
2. ഇങ്ങനെയൊരു ചരിത്രാന്വേഷി ആകാന്‍ ഉണ്ടായ പ്രചോദനം എന്തായിരുന്നു. തുക്കത്തില്‍ ഉണ്ടായ പ്രതികരണങ്ങള്‍, അനുഭവങ്ങള്‍ ഒന്നു പങ്കുവെയ്ക്കാമോ?
 
റമീസ് : ഇതിന് ഉത്തരം ഞാന്‍ പല സ്ഥലങ്ങളില്‍ പറഞ്ഞതാണ്. ഞാന്‍ ഇംഗ്ലണ്ടിലായിരുന്ന സമയത്ത് വാര്യന്‍കുന്നനെ കുറിച്ച് ഒരു ലേഖനം വായിച്ചു. ബ്രീട്ടീഷ് ഇന്ത്യയില്‍ ഒരു സമാന്തര ഭരണകൂടം സ്ഥാപിച്ച ഒരേയൊരു ഇന്ത്യക്കാരന്‍ വാര്യന്‍കുന്നനാണെന്ന് വായിച്ചു. അതില്‍ നിന്നാണ് അദ്ദേഹത്തിന്റെ പുറകെ പോകാനുളള കൗതുകമുണ്ടായത്. മുമ്പെ ചരിത്രത്തോട് എനിക്ക് നല്ല താല്‍പ്പര്യമായിരുന്നു. അത് ഏത് ചരിത്രമാണെങ്കിലും. ഇതുവരെ കേള്‍ക്കാത്ത ഒരു സംഭവം കേട്ടു. അതെകുറിച്ചുളള രേഖകളൊന്നും ലഭ്യവുമല്ല. ലോകചരിത്രത്തില്‍ തന്നെ ഒരപൂര്‍വ്വ സംഭവം നടന്നിട്ട് അതെകുറിച്ച് എവിടെയും പുസ്തകങ്ങള്‍ കിട്ടാനില്ല. ആ ഐറണിയാണ് എന്റെ അന്വേഷണം ആരംഭിച്ചത്. ആദ്യകാലത്തൊക്കെ രേഖകളും വിവരങ്ങളും ലഭിക്കാന്‍ വളരെ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്. 
 
 
3. താങ്കളുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് വാര്യകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒറിജിനല്‍ എന്നവകാശാപ്പെടുന്ന ഫോട്ടോയും പ്രകാശനം ചെയ്തുവല്ലോ? അത് വലിയ വിവാദം ഉയര്‍ത്തിവിട്ടിട്ടുണ്ട്. അതെപറ്റി എന്താണ് പ്രതികരണം?
 
റമീസ് : ഫോട്ടോ വിവാദമായെന്ന് അറിഞ്ഞു. വളരെ കുറച്ചാളുകള്‍ക്കുമാത്രേമേ അതില്‍ വിഷയമുളളൂവെന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. വിശ്വാസ്യത സംബന്ധിച്ച് എല്ലാ കാര്യങ്ങളുടെ ആധികാരികമായി തന്നെ പുസ്തകത്തില്‍  വിശദമാക്കിയിട്ടുണ്ട്. അതിനു പുറമെ, അദ്ദേഹത്തിന്റെ, വാര്യന്‍കുന്നന്റെ മകന്റെ പേരമകള്‍ ഹാജറ തന്നെ ആ ഫോട്ടോ തന്റെ വല്ല്യുപ്പായുടേതാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്്. കാരണം, അവരുടെ എളാപ്പയുടെ അതെ മുഖച്ഛായയാണ് ഈ ഫോട്ടോക്കുളളത്. രണ്ടു തമ്മിലുളള സാദൃശ്യമുണ്ടെന്ന് അവര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മാത്രമല്ല, എന്റെ വാദങ്ങള്‍ എല്ലാം തന്നെ ആ പുസ്തകത്തില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകത്തിനു പുറമെയുളള കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞെന്നേയുളളൂ. പുസ്തകത്തില്‍ ഞാന്‍ ഉന്നയിച്ച വാദങ്ങളെ ഖണ്ഡിക്കുന്ന ഒന്നും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. അങ്ങനെ വല്ലതുമുണ്ടായാല്‍ ഞങ്ങള്‍ അത് പുസ്തകത്തിന്റെ രണ്ടാം എഡിഷനില്‍ അഡ്രസ് ചെയ്യും.    
 

4. ചിലരെങ്കിലും താങ്കളെ സംശയിക്കുന്നതായി തോന്നിയിട്ടുണ്ടോ? പ്രത്യേകിച്ചും താലിബാനുമായി ബന്ധപ്പെട്ട താങ്കളുടെ എഫ് ബി പോസ്റ്റിലെ പരാമര്‍ശത്തിനു ശേഷം?
 
റമീസ് : ലോകത്ത് എല്ലാ മനുഷ്യരേയും ആളുകള്‍ സംശയിക്കുന്നുണ്ടാകും. വിമര്‍ശിക്കുന്നുണ്ടാകും. അംഗീകാരം മാത്രം കിട്ടിയ ആരും തന്നെ ലോകത്തുണ്ടാകണമെന്നില്ല. ഈ താലിബാന്‍ സംബന്ധിച്ച് എഫ് ബി പോസ്റ്റെന്ന് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. ഞാനിതുവരെ താലിബാനെ കുറിച്ച് ഒരു പോസ്റ്റുമിട്ടിട്ടില്ല. പണ്ട് എന്റെ ഒരു കമ്മന്റ് വിവാദമായിരുന്നു. അതൊരു കോപ്പി പേസ്റ്റ് കമ്മേന്റ് ആയിരുന്നു. അതിനെകുറിച്ചെല്ലാം ചാനലുകള്‍ ഒരുപാട് ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്.  അത്തരം ചോദ്യങ്ങള്‍ക്ക് പലവട്ടം മറുപടി പറഞ്ഞതാണ്. വീണ്ടും അതെ ചോദ്യം തന്നെ ആവര്‍ത്തിക്കുകയാണ് നിങ്ങള്‍. ഇങ്ങനെ ഒരേ ചോദ്യം ആവര്‍ത്തിക്കുന്നത് ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഞാന്‍ കരുതുന്നത്. അത്തരം അജണ്ടകളില്‍ ജേണലിസ്റ്റുകള്‍ വീഴാതിരിക്കുകയാണ് വേണ്ടത്. പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ് അവര്‍.
 
 
 
5. ഹിച്ചുകോക്കിനുനേരെയുളള താങ്കളുടെ വെല്ലുവിളി അമിതവൈകാരികമായിരുന്നുവെന്ന് ആരോപണമുണ്ട്. അതിനെ എങ്ങനെ കാണുന്നു?
 
റമീസ് : ഹിച്ചുകോക്കിനെ ഞാന്‍ വെല്ലുവിളിച്ചതല്ല. അദ്ദേഹത്തിന്റെ വെല്ലുവിളിയെ ഞാന്‍ സ്വീകരിക്കുകയാണുണ്ടായത്. അല്ലെങ്കില്‍ ഹിച്ചുകോക്കിന്റെ വെല്ലുവിളി ഞാന്‍ അഡ്രസ് ചെയ്യുകയാണുണ്ടായത്. ഹിച്ചുകോക്കന്റെ നിശബ്ദമായ വെല്ലുവിളിയെന്നത് ഒരു ഭാഷാ പ്രയോഗമാണ്. അതിന് നമ്മള്‍ അഡ്രസ് ചെയ്യുകയാണുണ്ടായത്. വാര്യന്‍ കുന്നന്റെ ചരിത്രം ലോകം അറിയാതിരിക്കാന്‍ പരാമാവധി പരിശ്രമിച്ച ഹിച്ച്കോക്കോകിന്റെ പ്രതീക്ഷകള്‍ മറികടന്ന് നമ്മള്‍ വാര്യന്‍ കുന്നന്റെ യഥാര്‍ത്ഥ ചരിത്രം കുഴിച്ചെടുക്കുകയാണുണ്ടായത്. അത് 100 വര്‍ഷത്തിനു ശേഷം ചെയ്യുമ്പോള്‍ തീര്‍ച്ചയായും വെല്ലുവിളിയായി തോന്നുക സ്വാഭാവികം. ഈ ഉദ്യമത്തിന് മുതിര്‍ന്ന എന്റെ വികാരമാണ് വാര്യന്‍ കുന്നന്‍. അതിലെ മിതവും അമിതവും എന്താണെന്ന് എനിക്കറിയില്ല. അതെല്ലാം ഒരോരുത്തരുടെ പേര്‍സെപ്ഷന്‍ ആണ്. 


6. ഗാര്‍ഡിയന്റെ പ്രയോഗം ' The Man would be  king '  എന്ന പ്രയോഗത്തെ കുറിച്ച് ഒരു എഫ് ബി പോസ്റ്റ് വിമര്‍ശനം കണ്ടു. മരിച്ചതിനു ശേഷം എങ്ങനെയാണ് ഒരാള്‍ക്ക് രാജാവാകന്‍ സാധിക്കുമെന്നാണ് അത്തരം വിമര്‍ശകര്‍ ചോദിക്കുന്നത്. അതൊരു മാര്‍ക്കറ്റിങ് താല്‍പ്പര്യമല്ലേയെന്നും അവര്‍ ചോദിക്കുന്നു. എന്താണ് പ്രതികരണം?.
 
റമീസ് : ചിരിക്കുന്നു. ഇങ്ങനെയുളള എഫ് ബി പോസ്റ്റുകള്‍ക്ക് എന്താണ് മറുപടി പറയുകയെന്നൊന്നും എനിക്കറിയില്ല. ദി ക്യൂവിലും മറ്റും വന്ന എല്ലാ അഭിമുഖങ്ങളിലും ഞാന്‍ ഇക്കാര്യങ്ങളൊക്കെ വിശദമാക്കിയിട്ടുണ്ട്. ഇവിടെ 'The man would be king' എന്ന വാചകം ഗാര്‍ഡിയനില്‍ വന്നത് ഒരു പുകഴ്ത്തല്‍ ആയിട്ടല്ല.  അതിന്റെ മുഴുവന്‍ ഭാഗവും പുസ്തകത്തിന്റെ പിറകിലുണ്ട്. അദ്ദേഹത്തെ വധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹം രാജാവാകുമായിരുന്നുവന്നാണ് ആ കുറിപ്പില്‍ ഉളളത്. ആ പരാമര്‍ശം അദ്ദേഹത്തിന്റെ വലിപ്പത്തെ അടയാളപ്പെടുത്തുന്നുവെന്ന്് കാണാം. 
 
7. താങ്കളുടെ വിദ്യാഭ്യാസം? എങ്ങനെയാണ് ലണ്ടനില്‍ എത്തിയത്?.
 
 റമീസ് : തിരൂരിലെ എംഇഎസ് സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം. ശേഷം ബംഗ്ലൂരുവില്‍ നിന്ന് ബിഎസ്സി നഴ്സിങ് കഴിഞ്ഞു. ശേഷം ഇംഗ്ലണ്ടില്‍ പോയി അവിടെ നിന്നും ഒരു പി ജി ഡിപ്ലോമ ചെയ്തു. അവിടെ കുറച്ചുകാലം ജോലി ചെയ്തു. 
 
8. 'വാര്യന്‍ കുന്നന്‍' എന്ന പേര് ഒറിജിനല്‍ ആണോ?. എന്ന ചോദ്യവും ഉയരുന്നുണ്ട്.
 
റമീസ് : വാര്യന്‍ കുന്നന്‍ എന്നത് ഒരു പേരല്ല. വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. വാര്യന്‍കുന്നന്മാര്‍ എന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലുളളവരെ വിളിക്കാറുണ്ട്. പിന്നെ പുസ്തകത്തിന് പേര് കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പേര് നല്‍കണമോയെന്ന് നിയമം ഉണ്ടോ? അത് പുസ്തകത്തിന്റെ പേരല്ലേ?. എന്തൊരു ബാലിശമായ ചോദ്യമാണിതല്ലൊം? ഒട്ടും പ്രസക്തമല്ലാത്ത ചോദ്യമാണിതെന്നാണ് എനിക്ക് പറയുവാനുളളത്. 
 
9. വാര്യന്‍കുന്നത്ത് ഒരു പൊതു സ്വത്താണ്. റമീസ് അദ്ദേഹത്തെ കുറിച്ച് എഴുതിയതോടെ അദ്ദേഹത്തെ ഇസ്ലാമിസ്റ്റ് ആക്കിയെന്നും അരോപണം ഉയരുന്നു. എന്തു പറയുന്നു.?
 
റമീസ് : ഈ ചോദ്യം ഉയര്‍ത്തിയ ആള്‍ 'സുല്‍ത്താന്‍ വാര്യംകുന്നന്‍' എന്ന പുസ്തകം വായിച്ചിട്ടില്ലെന്നുറുപ്പമാണ്. നിങ്ങള്‍ ആദ്യം ആ പുസ്ത്കം വായിക്കണം. ഞാന്‍ വാര്യകുന്നനെ മുസ്ല്യം സ്വതവാദിയാക്കിയതെവിടെയന്ന് എനിക്ക് മനസിലായില്ല. എന്റെ പുസ്തകം കൃത്യമായി വായിച്ചാല്‍ കുഞ്ഞഹമ്മദ് ഹാജിയുടെ അറസ്റ്റും ആലിമുസ്ല്യായാരുടെ വാക്കുകളും എല്ലാം പ്രതിഫലിപ്പിച്ചിട്ടുണ്ട്. '' ഇവിടെ ഇനി അടിമകളുടെ ഉടമകളും ഇല്ല, ധനുകനും ദരിദ്രനുമില്ല, കറുത്തവനും വെളുത്തവനുമില്ല, ജാതിയും മതങ്ങളുമില്ല. ഉളളത് മനുഷ്യന്‍ മാത്രം, ഭുമിയിലെ മഹത്തായ സൃഷ്ടിയും പടച്ചവന്റെ പ്രതിനിധിയുമായ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തിന്റെ ആശയം. അത് തന്നെയാണ് പുസ്തകത്തിലും ഉളളത്. ഈ ചോദ്യം ഉയര്‍ത്തിയത് ആരാണെങ്കിലും അയാള്‍ ആദ്യം പുസ്തകം വായിക്കണം. ഇനി പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അത്തരം പരാമര്‍ശം എവിടെ ഏത് ഭാഗത്താണുളളതെന്ന്് അദ്ദേഹം ചൂണ്ടിക്കാണിക്കണം.   
 
10. സുല്‍ത്താന്‍ എന്ന പേരും വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 
 
 റമീസ് : സുല്‍ത്താന്‍ എന്ന ടൈറ്റില്‍ എന്തിനാണ് വിവാദമാക്കുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. സുല്‍ത്താന്‍ എന്ന് വാര്യന്‍കുന്നിനെ ജനം വിളിച്ചിരുന്നു. അതിനെ കുറിച്ച് എ.കെ കോഡൂര്‍ കൃത്യമായി പറയുന്നുണ്ട്. മാത്രമല്ല, ബ്രിട്ടീഷുകാരും അദ്ദേഹത്തെ റിബല്‍ കിങ് എന്നും കിങ് ഓഫ് ഏറനാടെന്നും വിളിച്ചതായി പറയുന്നുണ്ട്. ആ അര്‍ത്ഥത്തിലാണ് സുല്‍ത്താന്‍ എന്ന് പേര് നല്‍കിയത്. അത് ഒരു ഹിറോ ് ആയിട്ട് വിളിക്കുന്ന പേരാണ്. അല്ലാതെ ഭരണാധികാരികളെ മാത്രം വിളിക്കുന്ന പേരല്ല ഇന്നത്തെ സാഹചര്യത്തില്‍ സുല്‍ത്താന്‍ എന്നത്. ഒരു ഹിറോയിക്ക്് ഫിഗര്‍ എന്ന അര്‍ത്ഥത്തിലാണ് അത് കൊടുത്തത്. അതിലെന്താണിത്രെ വിവാദമുളളതെന്ന് എനിക്കറിയില്ല. 
 
11. നേരത്തെ പ്രഖ്യാപിച്ച സിനിമയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ഏതെങ്കിലും തരത്തിലുളള ട്വിസ്റ്റ് പ്രതീക്ഷിക്കാമോ?
 
  റമീസ് : വാര്യന്‍ കുന്നന്‍ സിനിമ തീര്‍ച്ചായായും ഇറങ്ങും. അതിനുളള ശ്രമം നടക്കുന്നുണ്ട്. രണ്ട് ഭാഗമായിട്ടാണ് സിനിമ പുറത്തിറങ്ങുക. 
  അതിനുളള പരിശ്രമം നന്നായി പുരോഗമിക്കുന്നുണ്ട്.

 


Top