• Current Issue: December 2021
al azar college

എഴുത്തുകാരൻ ok ജോണി എഴുതുന്നു
 
സാമ്പത്തികത്തകര്‍ച്ചമൂലം ജനജീവിതം ദു:സ്സഹമായ കോവിഡ് കാലത്ത്  കരംപിരിവ് എന്ന നിയമാനുസൃതമായ ഏര്‍പ്പാടിനുപുറമെ ഖജനാവ് നിറയ്ക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണോ പൊലീസിനെ ഉപയോഗിച്ചുള്ള ഹൈവേ റോബറി, അഥവാ പെരുവഴിക്കൊള്ള? 
 
 
അങ്ങനെ സംശയിക്കണം. ഏതോ കൊള്ള സംഘത്തെ നേരിടാനെന്നമട്ടിലാണ് പൊതു നിരത്തിലുടനീളം പൊലീസുകാരുടെ സംഘങ്ങള്‍ യാത്രക്കാരെ കാത്തുനില്‍ക്കുന്നത്. നിസ്സാരങ്ങളും നിര്‍ദ്ദോഷങ്ങളുമായ കാര്യങ്ങളുടെപേരിലാണ്, പിഴയെന്ന പേരില്‍ ഈ നിര്‍ബ്ബന്ധിത പണപ്പിരിവോ പിടിച്ചുപറിയോ നടക്കുന്നത്. കോടതിയില്‍പ്പോ കാനൊന്നും സമയമില്ലാത്തതിനാലും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന വ്യാജേന ഉണ്ടാവാനിടയുള്ള കേസിനെപ്പേടിച്ചും തര്‍ക്കിക്കാനൊന്നും നില്‍ക്കാതെ പൊലീസ് പറയുന്ന പണമടച്ച് തല്‍ക്കാലം തടിയെടുക്കുകയാണ് നാട്ടുകാര്‍.  
         എന്നിട്ട്, ഓരോ മാസവും പൊതുജനങ്ങളില്‍നിന്ന് നിയമലംഘനത്തിന് ഈടാക്കിയ കോടികളുടെ കണക്കുപറഞ്ഞ് പൊലീസ് മേധാവികള്‍ അഭിമാനിക്കുകയുംചെയ്യുന്നു എന്നതാണ് തമാശ.
          ഗുരുതരമായ ക്രിമിനല്‍ക്കുറ്റങ്ങള്‍ കണ്ടുപിടിക്കാനോ, ക്രമസമാധാനസംരക്ഷണത്തിനോ കുറ്റാന്വേഷണത്തിനോ നിയോഗിക്കപ്പെടേണ്ട പൊലീസുകാരെ പെരുവഴിക്കൊള്ളക്കാരാക്കുകയാണ് താന്‍ ചെയ്യുന്നതെന്ന്  പൊലീസ് മേധാവി തിരിച്ചറിയാത്തതാണ് നിര്‍ഭാഗ്യകരമായ സംഗതി. പിഴപ്പിരിവിന് സ്റ്റേഷന്‍തോറും ടാര്‍ഗറ്റ്  (ക്വാട്ട) നിശ്ചയിച്ചിട്ടുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. ആവലാതിക്കാരോട് പൊലീസുകാര്‍തന്നെ അത് സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്. അവര്‍ മുഖം രക്ഷിക്കാന്‍ കളവുപറയുന്നതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമൊന്നും ബഹുമാനപ്പെട്ട വോട്ടര്‍മാര്‍ക്കില്ലല്ലോ. 
      അത് നേരാണെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് നിയമലംഘനം നടത്തുന്നതാരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതല്ലേ? കോവിഡ് കാലത്തെ ന്യൂ നോര്‍മല്‍ അവസ്ഥയിലേക്ക് തിരിച്ചെത്തിയ ഒരു  പ്രാചീന കൗടില്യതന്ത്രമാണോ ഇത്? 
           ഏത് നയത്തിന്റെ ഭാഗമാണ് ജനങ്ങളെയാകെ കുറ്റവാളികളായിക്കണ്ടുകൊണ്ടുള്ള ഈ ഹൈവേ റോബറിയെന്ന് പൊലീസ് മേധാവി ജനങ്ങളെ അറിയിക്കുന്നത് നന്നായിരിക്കും. വിവരാവകാശമൊക്കെ ജനങ്ങള്‍ക്കുള്ള കാലമാണല്ലോ ഇത്.. 
         നോക്കുകൂലി എന്ന പ്രാകൃതാചാരം കുറ്റകൃത്യമാണെന്ന് പ്രഖ്യാപിച്ച ഒരാള്‍ പൊലീസ് മന്ത്രിയായിരിക്കുമ്പോള്‍ പൊലീസിന്റെ ഇത്തരം വഴിവിട്ട ഏര്‍പ്പാടുകള്‍ഒഴിവാക്കപ്പെടേണ്ടതല്ലേ?  
        ഇമ്മാതിരി അനീതികള്‍ തെരുവുകളില്‍ നടക്കുന്നുണ്ടെന്ന് ഉത്തരവാദപ്പെട്ടവര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതല്ലേ?


Top