• Current Issue: December 2021
al azar college

 
 
മദ്യം, മയക്കുമരുന്ന് എന്നിവയെപ്പോലെ അതിതീവ്രവും വിമുക്തി നേടാന്‍ പ്രയാസമുള്ളതുമാണ് ഡിജിറ്റല്‍ അഡിക്ഷനും എന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് ഈ കോറോണക്കാലത്താണ്. അതിസങ്കീര്‍ണവും  മാറ്റിയെടുക്കാന്‍ വളരെ പ്രയാസമുള്ളതുമായ ഈ ന്യൂ ജെന്‍ അഡിക്ഷന് മെഡിക്കേഷന്‍ ഉള്‍പ്പെടെ ദീര്‍ഘകാലചികിത്സ വേണ്ടിവരുന്നുവെന്ന് പല മനശാസ്ത്രവിദഗ്ദരും സാക്ഷ്യപ്പെടുത്തുന്നു. കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നു ബോധ്യപ്പെട്ടതു കൊണ്ട് തന്നെയാണ് ഡിജിറ്റല്‍ ഡി  അഡിക്ഷന്‍ സെന്‍ററുകള്‍ വ്യാപകമാവുന്നതും.
 
എന്താണ് ഡിജിറ്റല്‍ അഡിക്ഷന്‍?
 ഡിജിറ്റല്‍ ഉപകാരണങ്ങളേയും ഡിജിറ്റല്‍ പ്ലാറ്റ് ഫോമിനെയും ഒരാള്‍ അനിയന്ത്രിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ് ഡിജിറ്റല്‍ അഡിക്ഷന്‍. ഡിജിറ്റല്‍ അഡിക്ഷനെ മൂന്നായി തരം തിരിക്കാം സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍, സോഷ്യല്‍ മീഡിയ അഡിക്ഷന്‍,ഇന്‍റര്‍നെറ്റ് അഡിക്ഷന്‍.
 
         സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍ സാധാരണയായി കൗമാരക്കാരിലാണ് കാണുന്നതെങ്കിലും യുവാക്കളും വീട്ടമ്മമാരുമൊക്കെ ഇതിന് ചികിത്സ തേടുന്നവരില്‍പ്പെടും. ഇക്കൂട്ടര്‍ അസാധാരണമാം വിധം സ്മാര്‍ട്ട്ഫോണിനെ ആശ്രയിക്കുന്നു. അമേരിക്കന്‍ മനശാസ്ത്ര വിദഗ്ദനായ പൊലെ ഹോക് മേയര്‍ പറയുന്നത് ഈ അഡിക്ഷനില്‍ പെട്ടുപോവുന്നവരിലേറെ പേര്‍ക്കും ആങ്സൈറ്റി, ഡിപ്രെഷന്‍ തുടങ്ങി പെരുമാറ്റപരമായ അനാരോഗ്യവും പേഴ്സണാലിറ്റി ഇഷ്യൂസും കണ്ടെത്താനാവുന്നു എന്നാണ്. ഇവിടെ കേരളത്തിലും അതുതന്നെയാണ് അവസ്ഥ എന്ന് മനശാസ്ത്രവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സങ്കീര്‍ണമായ അവസ്ഥയിലെത്തിയാല്‍ ക്ലിനിക്കല്‍ ട്രീട്മെന്‍റിലൂടെ മാത്രമേ പരിഹാരം നേടാനാവൂ.
 
 ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാ, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാ റ്റുഫോമുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നവരാണ് സോഷ്യല്‍ മീഡിയ അഡിക്ഷന്‍ അനുഭവിക്കുന്നത്. സാധാരണയായി സന്തോഷത്തില്‍ കുറവുവരുമ്പോഴാണ്  പതിയെപ്പതിയെ ഈ അഡിക്ഷനിലേക്ക് എത്തിപ്പെടുന്നത്. പ്രശ്നം സാധാരണയായി ക്ലിനിക്കല്‍ ട്രീറ്റ്മെന്‍റിലേക്ക് എത്തിപ്പെടാറില്ല.
 
          ഗാംമ്പളിന്‍ഗ്, ഗേമിങ് തുടങ്ങി മുഴുവന്‍ സമയവും ഇന്‍റര്‍നെറ്റില്‍ ചികഞ്ഞുകൊണ്ടിരിക്കുന്നവരുമുണ്ട്. തീവ്രമായ അഡിക്ഷന്‍ വന്നുകഴിഞ്ഞാല്‍ ട്രീറ്റ്മെന്‍റ് തന്നെയാണ് ഏകമാര്‍ഗം. പബ്ജി, ഫ്രീ ഫയര്‍ തുടങ്ങ്യ കുട്ടികളെ ആകര്‍ഷിക്കുന്ന ഗെയിം ലോകം ബ്രിഹത്താണ്.ദിവസങ്ങളോളം നിഷ്ക്രിയരായി ഗെയിം ലോകത്തു വ്യാപൃ തരാവുക, ആത്മഹത്യ ചെയ്യുക തുടങ്ങിയ അഡിക്ഷന്‍റെ മാരകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍തുടങ്ങിയിട്ടേറെയായി. ഡിജിറ്റല്‍ ലോകവും യഥാര്‍ത്ഥലോകവും തമ്മില്‍ വേര്‍തിരിച്ചു കാണാനാവാത്തവരായിരിക്കും പലരും. 
 
ഇത്തിരി ചരിത്രം:
 1995, July 31 ന് ഡല്‍ഹി സഞ്ചാര്‍ ഭവനില്‍ നിന്ന് യൂണിയന്‍ കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ സുക് റാം കല്‍ക്കട്ടയിലെ റൈറ്റേഴ്സ് ബില്‍ഡിങ്ങിലുള്ള ജ്യോതി ബസുവിനെ വിളിച്ചു. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കമ്മ്യൂണിക്കേഷന്‍ ആയി കരുതപ്പെടുന്നത് നോക്കിയയിലൂടെയുള്ള ഈ സംഭാഷണമാണ്.ഇന്ത്യയിലെ B K മോഡി ഗ്രൂപ്പും ആസ്ട്രേലിയയിലെ ടെല്‍സ്ട്രാ കമ്പനിയും ചേര്‍ന്നാണ് ഈ മൊബൈല്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത്. 25 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇന്ത്യയില്‍ 448മില്യന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉള്ളതായി കരുതപ്പെടുന്നു.മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ചൈനയുടെ പിറകിലായി ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. 2002ല്‍ CDMA നെറ്റ്വര്‍ക്കിലുള്ള 2A സംവിധാനം ഇവിടെ നിലവില്‍വന്നു.2004 ഓടെ തന്നെ ഈ ടച്ച് ഫോണ്‍വിപ്ലവം BSNL ലാന്‍ഫോണിനെ ഓവര്‍ടേക്ക് ചെയ്തു. 2015 ഡിസംബറില്‍മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ലോഞ്ച് ചെയ്തത് വന്‍വിപ്ലവമാണ് ഉണ്ടാക്കിയത്.അതുവരെ മാസം നല്ലൊരു ചെലവ് വരുമായിരുന്ന സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് 2017, മാര്‍ച്ച് വരെ ഫ്രീ ഇന്‍റര്‍നെറ്റ്, ഫ്രീ കാള്‍ സംവിധാനം നൃത്തം ചെയ്തു. സ്മാര്‍ട്ട് ഫോണിന്‍റെ മായികലോകത്തേക്ക് ഭൂരിഭാഗമാളുകളും പറന്ന് ചെന്നത് ഈ വിപ്ലവത്തേതുടര്‍ന്നുതന്നെയാണ്. സോഷ്യല്‍ മീഡിയ, ബിസിനസ് എന്‍റര്‍ടൈന്‍മെന്‍റ്, എഡ്യൂക്കേഷന്‍, ഫോട്ടോ, വീഡിയോ, ജിമെയില്‍,തുടങ്ങി ആ ലോകം എല്ലാവരെയും കീഴടക്കി.സ്മാര്‍ട്ട് ഫോണ്‍ ഒരു സമുദായത്തിനും നിഷിദ്ധമായില്ല. വിവരങ്ങള്‍ ഒഴുകി. നിലനില്പിനായി മറ്റുള്ളവരും ഇതേ സേവനങ്ങള്‍ ലഭ്യമാക്കിയതോടെയാണ് ഇപ്പോഴുള്ള  ഫ്രീ കാള്‍, ഫ്രീ ഇന്‍റര്‍നെറ്റ് കള്‍ച്ചര്‍ ഫോണ്‍ രംഗത്ത് പടര്‍ന്നത്.അതോടെ ഒരു തലമുറയുടെ തല കുനിഞ്ഞു പോയി. ഇപ്പോള്‍ സാംസങ്, സിയോമി, വിവോ, റെഡ്മി, റിയല്‍മി, ഓപ്പോ എന്നിങ്ങനെ ബ്രാണ്ടുകള്‍ നിരവധിയാണ്. കോവിഡിനെ അതിജീവിച്ച വലിയൊരു കച്ചവടവും ഇതുതന്നെയാണ്.ഒരിക്കലും നിശ്ചലമാവാത്ത കടലിലെ തിരമാലകള്‍ പോലെ ഒരിക്കലും ഒടുങ്ങാത്ത ആ വെള്ളിവെളിച്ചത്തില്‍ തെളിയുന്നതും നോക്കി ഊണും ഉറക്കവും കളഞ്ഞ് പുതുലോകം തലകുനിച്ചിരുപ്പു തുടങ്ങി. ഡിജിറ്റല്‍ അഡിക്ഷന്‍ എന്ന ന്യൂ ജെന്‍ രോഗം പ്രത്യക്ഷപ്പെട്ടു. ചികിത്സ തേടേണ്ടുന്ന അവസ്ഥയിലാണ് പലരും.
 
 
അഡിക്ഷന്‍റെ പ്രധാന ലക്ഷണങ്ങള്‍
 നമ്മുടെ വീടുകളിലെ പല കുട്ടികളുടെയും മാനസികനില ഇപ്പോള്‍ അതീവഗുരുതരമാണ് എന്ന് പറയാതെ വയ്യ. കോവിഡ് മൂലമുള്ള അടച്ചിടലും വിഷമങ്ങളും ഒറ്റപ്പെടലും മറ്റ് പ്രശ്നങ്ങളും അവരെ ഡിജിറ്റല്‍ അഡിക്ഷനിലേക്ക് നയിച്ചിരിക്കുന്നു .പലതരം ഗെയിമുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ കുടുങ്ങിക്കിടപ്പാണ് പലരും.ഒരാള്‍ ഡിജിറ്റല്‍ അഡിക്ഷനിലാണോ എന്നു എളുപ്പത്തില്‍ തിരിച്ചറിയുന്നതെങ്ങനെ.
 
 പ്രധാന ലക്ഷണം തുടര്‍ച്ചയായ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം തന്നെയാണ്. അതിന് മുന്നില്‍ ദൈനംദിന കാര്യങ്ങള്‍ അപ്രസക്തമാവുന്നു അല്ലെങ്കില്‍ മറ്റ് കാര്യങ്ങളോട് വിരക്തി തോന്നുന്നു .ഒട്ടും ഒഴിച്ചു കൂടാനാവാത്ത അവസരങ്ങളിലൊഴിച്ചു എല്ലായ്പോഴും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. തീേډശയില്‍പോലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുണ്ട്.മറ്റ് ലഹരി ഉപയോക്താക്കളെപ്പോലെ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേഷ്യം, സങ്കടം, ഇരിട്ടേഷന്‍, വെപ്രാളം അങ്സൈറ്റി, ഡിപ്രെഷന്‍ തുടങ്ങിയ വിത്ഡ്രാവല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് സാധാരണയാണ്. നെഗറ്റീവ് വികാരങ്ങളോടോ മൂഡുകളോടോ സഹകരിക്കാതെയിരിക്കാം.അശ്രദ്ധ, മറവി തുടങ്ങിയവ ഇവരുടെ കൂടപ്പിറപ്പാണ്. സ്മാര്‍ട്ട് ഫോണ്‍ കൂടെയില്ലാത്തപ്പോള്‍ പലര്‍ക്കും വല്ലാത്ത ശൂന്യത തോന്നാം. സാമൂഹിക ഇടപെടലുകള്‍, മറ്റുള്ളവരോടുള്ള ആശയവിനിമയം എന്നിവ ഇല്ലാതിരിക്കുകയോ വളരെ കുറവോ ആയിരിക്കാം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും പലരിലും കാണാം.
 
 
 
നമ്മള്‍ ചെയ്യേണ്ടത്:
 മറ്റ് ലഹരി ഉത്പന്നങ്ങളെപ്പോലെ തന്നെയാണ് ഒരുവ്യക്തിയില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ആസക്തിയും എന്നതാണ് സത്യം . ഡിജിറ്റല്‍ ലോകത്തുനിന്ന് പെട്ടെന്ന് ഒഴിവാക്കപ്പെടുന്നത് പലരിലും ഇരിട്ടേഷന്‍, ദേഷ്യം തുടങ്ങിയ വിത്ഡ്രാവല്‍ ലക്ഷണങ്ങള്‍ ഉണ്ടാക്കും.ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഒരു മനശാസ്ത്ര വിദഗ്ദനെയോ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററിനെയോ സമീപിക്കുന്നതില്‍ കുറ്റബോധം തോന്നേണ്ടതില്ല.മിക്കവരിലും  ഡിപ്രെഷന്‍, അങ്സൈറ്റി എന്നീ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുള്ളതുകൊണ്ട് സെറോറ്റോണിന്‍ ദായകമരുന്നുകള്‍, ആന്‍റി ഡിപ്രെസ്സന്‍റ്സ് തുടങ്ങി മെഡിക്കേഷന്‍ തന്നെ ആവശ്യമായി വരും. ഡിജിറ്റല്‍ അഡിക്ഷനുള്ള ചികിത്സയില്‍ താഴെ കൊടുത്ത ഘട്ടങ്ങളും ഒഴിച്ചുകൂടാനാവാത്തവയാണ.് 
 
1. കോഗ്നിറ്റീവ് ബിഹാവിയറല്‍ തെറാപ്പി
2. മോട്ടിവേഷണല്‍ ഇന്‍റര്‍വ്യൂ
3. ഫാമിലി തെറാപ്പി
4. ഗ്രൂപ്പ് തെറാപ്പി
5. മെഡിറ്റേഷന്‍
 
 അപ്പോഴും നമ്മള്‍ ഓര്‍ക്കേണ്ടുന്ന കാര്യം ഒരാളെ എന്ത് ചെയ്യണം ചെയ്യരുത് എന്ന് വിവേച്ചിച്ചുറപ്പിക്കുന്നതില്‍  സന്തോഷം എന്ന വികാരത്തിനുള്ള പങ്കാണ്.ഊഷ്മളമായ കുടുംബബന്ധങ്ങളില്‍നിന്നും, കൂട്ടുകാരോടൊത്ത് കളിച്ചു രസിക്കുമ്പോളും,നല്ല വ്യക്തിബന്ധങ്ങളില്‍നിന്നും ഉണ്ടാകുന്ന ആനന്ദം തലച്ചോറില്‍ സെറോറ്റോണിന്‍ ഉല്‍പാദിപ്പിക്കുന്നു. അതേ അളവിലും രീതിയിലുമുള്ള സെറോറ്റോണിന്‍ ഉത്പാദനം തന്നെയാണ് വീഡിയോ ഗെയിം വാച്ചിങ്ങിലും ചൂതാട്ടത്തിലും, മദ്യപാനത്തിലും പ്രോണ്‍ വീഡിയോ അഡിക്ഷനിലുമൊക്കെ നടക്കുന്നത്. തലച്ചോറ് എപ്പോഴും ആനന്ദത്തിന്‍റെ കൂടെ നില്‍ക്കുന്നു. അത് എല്ലായ്പോഴും ഈ സന്തോഷഹോര്‍മോണിന്‍റെ വഴിക്കുപോവും എന്നത് തീര്‍ച്ചയാണ്. എല്ലാ ലഹരികളെയും ഈ കാഴ്ചപ്പാടിലാണ് നാം കാണേണ്ടതും ചികില്‍സിക്കേണ്ടതും. ഒറ്റപ്പെടല്‍, മനോദു ഖം എന്നിവ അലട്ടുന്നവര്‍ ലഹരികളില്‍ ചെന്നുപെടുന്നതിനുള്ള ഒരു കാരണം തലച്ചോറ് സെരോട്ടോണിനെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടാണെന്നു പറയാം. ലഹരിക്ക് പകരം നല്ല സൗഹൃദങ്ങളും കുടുംബബന്ധങ്ങളും വളര്‍ത്തുന്നത് എങ്ങനെയാണു പ്രശ്നപരിഹാരമാവുന്നത് എന്ന് മനസ്സിലായല്ലോ.
 
 

 


Top