• Current Issue: December 2021
al azar college

കേരളത്തിലെ ദൈനദിന മദ്യഉപഭോഗം 5ലക്ഷം ലിറ്റര്‍ ആണെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ കാണിക്കുന്നത്.അത്ര തന്നെ അളവില്‍ ബിയറും 3000ലിറ്ററോളം വൈനും ഈ കൊച്ചുകേരളം ദിവസേന അകത്താക്കുന്നുവെന്നത് അശ്ചര്യകരം തന്നെയാണ്. ഗ്രാമപ്രദേശങ്ങളിലെ 18% ആളുകളും നഗരങ്ങളിലെ 21% ആളുകളുംമദ്യം സ്ഥിരമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ മറ്റിടങ്ങളുമായോ വിദേശരാജ്യങ്ങളുമായോ തട്ടിച്ചുനോക്കുമ്പോള്‍  അല്പമെങ്കിലും കലാപരമായിട്ടോ അന്യജീവനുകളെ ഉപദ്രിവിക്കാതെയോ മദ്യം ഉപയോഗിക്കുന്ന ശീലം ഭൂരിപക്ഷം മലയാളിക്കും ഇല്ല എന്നതും ശ്രദ്ധേയമാണ് . തണുപ്പില്‍ നിന്ന് രക്ഷപ്പെടാനോ ഒരു ശീലത്തിന്‍റെ ഭാഗമായിതന്നെയോ കുറഞ്ഞ അളവില്‍ മനോഹരമായി മദ്യം കഴിച്ച് കിടന്നുറങ്ങുന്ന വിദേശികളെ കാണുമ്പോള്‍ നമ്മള്‍ അന്തം വിട്ടുപോവും. ഇവിടത്തെ മദ്യപന്‍മാര്‍ ബോധമില്ലാതെ തെറിവിളിക്കാനും പരാക്രമം കാണിക്കാനുമുള്ള ഒരു ലൈസന്‍സ് ആയിട്ടാണ് മദ്യോപയോഗത്തെ പലപ്പോഴും കാണുന്നത് എന്ന് തോന്നും .മദ്യം ഉപയോഗിക്കുന്ന കുടുംബനാഥനോ മാറ്റാരെങ്കിലുമോ ഉള്ള വീട്ടില്‍ ആ ആസക്തിയുടെ അനന്ദരഫലങ്ങളനുഭവിക്കുന്നത് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുമാണ്. വളരെ മോശപ്പെട്ട മദ്യപാനശീലങ്ങള്‍മൂലം മദ്യപന്‍  പൊതു സ്ഥലങ്ങളില്‍ വിവസ്ത്രനാവുന്നു, നിരത്തുകളില്‍ ബോധംകെട്ടുറങ്ങുന്നു, മറ്റുള്ളവരെ ആക്ഷേപിക്കുകയും വീട്ടിലുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നു,പണം അപഹരിക്കുകയും കുടുംബത്തിലെ മാനസികാരോഗ്യം തകര്‍ക്കുകയും ചെയ്യുന്നു. അടിപിടി, കത്തിക്കുത്ത് തുടങ്ങി പലവിധ ക്രൈമുകളിലും ഒരു മദ്യപന്‍റെ ചെയ്തികള്‍ ചെന്നെത്തുന്നുവെന്നത് കാര്യങ്ങളെ ഗൗരവമുള്ളതാക്കുന്നു.  കുടുംബത്തിന്‍റെ സല്‍പ്പേര്, സാമ്പത്തിക സുസ്ഥിരത തുടങ്ങിയവ തകര്‍ക്കാതിരിക്കാന്‍ ഇവിടത്തെ മദ്യപര്‍ ശ്രദ്ധിച്ചുകാണാറില്ല. കുട്ടിക്കാലം മുതല്‍ കിട്ടാതെ പോയ മാന്യത, സ്നേഹം, കരുതല്‍, കടുത്ത ദാരിദ്ര്യം,  അവഗണന,മനോബലക്കുറവ്, ഒറ്റപ്പെടല്‍ തുടങ്ങിയവയുടെ അനന്തരഫലമായ ഒരുപാട് മാനസിക പ്രശ്നങ്ങള്‍ മലയാളി മദ്യപാനിയില്‍ കാണാം. മലയാളിമദ്യപാനിയും മാനസികരോഗിയും പലപ്പോഴും ഒരു നാണയത്തിന്‍റെ ഇരുപുറങ്ങളാവുന്നു എന്നതും വാസ്തവമാണ്.
എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ പുതുതലമുറക്ക് ഇപ്പോള്‍ കൂടുതല്‍ പ്രിയം മദ്യത്തേക്കാള്‍  ലഹരികൂടിയ മറ്റ് സിംതെറ്റിക് ഉത്പന്നങ്ങളോടാണ്. അതില്‍ പങ്കാളികളാവുന്ന സ്ത്രീകളുടെ എണ്ണവും കൂടുകയാണ്.മധ്യവര്‍ഗ്ഗമോ അതിന് മുകളിലുള്ളവരോ ആയ വിദ്യാസമ്പന്നരോ വിദ്യാര്‍ഥിനികളോ ഉദ്യോഗസ്ഥരോ പ്രൊഫഷനലുകളോ ഹോംമേക്കേര്‍സോ ആയ സ്ത്രീകള്‍ ലഹരിക്കടത്തുകാരോ ഉപയോക്താക്കളോ ആയി പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു . മിസ്സ് കേരള വിജയികളും മോഡലുകളുമായ അഞ്ജന ഷാജന്‍റെയും അന്‍സി കബീറിന്‍റെയും മരണം പാര്‍ട്ടി ഡ്രഗ്സിന്‍റെ ഭയപ്പെടുത്തുന്ന സത്യാവസ്ഥകള്‍ നമുക്ക് വെളിപ്പെടുത്തിത്തന്നു. പെണ്‍ലഹരിയുടെ പുതിയ തലങ്ങളിലേക്ക് ഇറങ്ങിചെല്ലുകയാണിവിടെ.
 
 
 ട്രെന്‍ഡിംഗ് ലഹരി ഉത്പന്നങ്ങള്‍
ലഹരിഉത്പന്നങ്ങളില്‍ മുമ്പന്‍ ഹെ റോയിന്‍ തന്നെയാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (DRI)അടുത്തിടെ 3000കെജി ഹെറോയിന്‍ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഞെട്ടിക്കുന്ന വാര്‍ത്ത ആയിരുന്നു. കിലോക്ക് 7കോടിയാണ് ഹെറോയിന്‍റെ വില. ഹെറോയിന്‍ കടത്തില്‍ സ്ത്രീകള്‍ പങ്കാളികളായില്ലെങ്കിലല്ലേ അത്ഭുമുള്ളൂ. ഇത്ര മാത്രം പണമിടപാടു നടക്കുന്നതിനു പിന്നില്‍ തീര്‍ച്ചയായും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പല വിഷയങ്ങളുമുണ്ടാവാം. കഞ്ചാവ്, കൊക്കയിന്‍,MDMA,   കന്നബിസ്, കഫ് സിറപ്, വേദന സംഹാരികള്‍, മാനസിക പ്രയാസങ്ങള്‍ക്കുള്ള മരുന്നുകള്‍,മറ്റ് ഫാര്‍മസുട്ടിക്കല്‍ മരുന്നുകള്‍ തുടങ്ങിയവ കേരളമാര്‍ക്കറ്റില്‍ വന്‍തോതില്‍ വിറ്റഴിയുന്നു.   ഇതുകൂടാതെ ഓപിയം, മോര്‍ഫിന്‍, ഹാഷിഷ്, കേറ്റാമിന്‍, കൊ കയിന്‍, മെത്തകുലോണ്‍, എഫെഡ്രിന്‍ തുടങ്ങിയവയും ട്രെന്‍ഡിംഗ് വിഭാഗത്തിലാണ്.
 
 
 സ്ത്രീകളുടെ കടന്നു വരവ്
ലഹരിയുത്പന്നങ്ങളുടെ ലോകത്തിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് അത്ഭുതപ്പെടുത്തുന്നതാണ്. നാട്ടിന്‍പുറത്തെ പണിയെടുത്തുക്ഷീണിച്ച പിന്‍തലമുറ പെണ്ണുങ്ങളെപ്പോലെ വാറ്റിയ ചാരായമോ , തെങ്ങിന്‍ കള്ളോ വലിച്ചു കുടിച്ചിരുന്ന പെണ്ണുങ്ങളുടെ കാലം മാറി . ആ പ്രകൃതി ദത്ത ഉത്പന്നങ്ങളുടെ ലോകമല്ല ഇന്നത്തെ ലഹരിയുടെ ലോകം. ഒന്നോ രണ്ടോ തവണത്തെ ഉപയോഗം കൊണ്ട് ജീവിതകാലത്തേക്ക് അടിമപ്പെടുകയും പിന്നെ ആസക്തിയുടെ മറ്റൊരു ലോകത്തേക്ക് വാതായനങ്ങള്‍ തുറക്കുകയും ചെയ്യുന്ന വന്‍ മാഫിയയുടെ വലക്കെട്ടില്‍ സ്ത്രീകള്‍ പെട്ടുപോവുന്ന വാര്‍ത്തകള്‍ വര്‍ധിക്കുന്നു. അനന്ദരഫലങ്ങളെക്കുറിച്ചറിയാത്തവരല്ല മറിച്ചു വിദ്യാസമ്പന്നരായ സ്ത്രീകളാണ് ഇരകളിലേറെയും. കോടികളുടെ കച്ചവടം നടക്കാന്‍ ഈ മാഫിയക്ക് തീര്‍ച്ചയായും നെറ്റ്വര്‍ക്ക് വിപുലപ്പെടുത്തിയേ മതിയാവൂ. 
            ഏജന്‍റുമാര്‍ പുതിയ ഇരകളെ കണ്ടെത്തുന്നു. അവര്‍ കച്ചവടം പൊടി പൊടിക്കുന്നു. ഇന്‍ജെക്ട് ചെയ്തോ ഇന്‍ഹേയില്‍ ചെയ്തോ വലിച്ചോ ടാബ്ലറ്റ് ആയോ മുറിവുണ്ടാക്കിയോ ഉപയോഗിക്കാവുന്ന ലഹരിവസ്തുക്കളുണ്ട്. ചില ലഹരിയുത്പന്നങ്ങള്‍ ശരീരത്തില്‍ വിതറുന്നതോടെ ഒരാളെ അര്‍ധ ബോധവസ്ഥയിലാക്കാനാവും. സ്വന്തം ശരീരം ഈ അവസ്ഥയില്‍ എന്തിനൊക്കെ ഉപയോഗിച്ചുവെന്ന് പിന്നെ അവര്‍ക്കു ഓര്‍ത്തെടുക്കാനാവില്ല. സ്ത്രീകളില്‍ ഭൂരിഭാഗവും ഈ ലോകത്തേക്കെത്തിപ്പെടുന്നത് അവരുടെ ആണ്‍ സുഹൃത്തുക്കളിലൂടെയാണെന്ന് ഈ മേഖലയില്‍ സന്നദ്ധസേവനം നടത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരില്‍ മോശപ്പെട്ട ബാല്യത്തിലൂടെ കടന്നുവന്ന കൗമാരക്കാരികളുണ്ട്, മോശം കുടുംബന്തരീക്ഷത്തില്‍ നിന്ന് വന്നവരുണ്ട്, ചതിയില്‍ പെട്ടവരുണ്ട്,ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരുണ്ട്, മാനസികപ്രയാസങ്ങള്‍ക്ക് പരിഹാരമായോ വേദന സംഹരിയായോ ലഹരി ഉപയോഗിച്ചു തുടങ്ങിയവരുണ്ട്, പണത്തിന്‍റെ ധാരാളിത്തത്തില്‍ ജീവിക്കുന്നവരുണ്ട് , ചീത്ത കൂട്ടുകെട്ട്  മൂലം എത്തിപ്പെട്ടവരുണ്ട്,ഉയര്‍ന്ന ലൈംഗിക സംതൃപ്തിക്കുവേണ്ടിയോ ഭര്‍ത്താവിലൂടെയോ ലഹരി ഉപയോഗിച്ചുതുടങ്ങിയവരുണ്ട്, പാര്‍ട്ടി ഡ്രഗ്സ് ആയോ ആഘോഷങ്ങള്‍ക്കിടയിലോ ലഹരി ഉപയോഗിച്ചുതുടങ്ങിയവരുണ്ട്, 18 തികയാത്തവരും കൗമാരക്കാരികളും യുവതികളും കോളേജ് വിദ്യാര്‍ഥിനികളും പ്രൊഫഷനലുകളും ജിം, സിനിമ ഫാഷന്‍ മേഖലയിലുള്ളവരുമുണ്ട്.വിശാലമായ സ്വാതന്ത്ര്യവും ഇന്‍റിവിജ്വാളിറ്റിയും ആഗ്രഹിക്കുന്ന സ്ത്രീകളില്‍ പലരും ചെന്നെത്തുന്ന ലഹരിക്കൂട്ടം അവര്‍ക്ക് മറ്റൊരു ലോകമാണ് തുറന്നു കൊടുക്കുക. ബന്ധനങ്ങളുടെ പൊട്ടിച്ചെറിയല്‍ ആഗ്രഹിക്കുന്നവര്‍ക്കുമുന്നില്‍ വീണ്ടും മറ്റൊരു തടവറയാണ് തുറന്നുകിട്ടുക എന്നത് ദൗര്‍ഭാഗ്യകാരം തന്നെയാണ്. ഇവിടെ ബന്ധനത്തിലാവുക ബോധമാണെന്ന് മാത്രം. മദ്യത്തേക്കാള്‍ മാരകലഹരിദായകമായ ഇത്തരം ഉത്പന്നങ്ങളുടെ വാഹകരിലും ഉപയോക്താക്കളിലും സ്ത്രീകളുടെ എണ്ണം കൂടുന്നുവെങ്കിലും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്കുപോലും ഇത് കണ്ടെത്താന്‍ പ്രയാസമാണ്. മദ്യത്തെപ്പോലെ യാതൊരു ഗന്ധവുമില്ല എന്നത് ഇതിന്‍റെ ഉപയോക്താക്കള്‍ക്ക് അനുകൂലമായ ഒരു ഘടകമാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങള്‍ ഇന്ത്യയിലെ 127 മയക്കുമരുന്ന് സെന്‍സിറ്റീവ് നഗരങ്ങളില്‍പ്പെടുമെന്ന് കേന്ദ്രത്തിന്‍റെ പട്നറിപ്പോര്‍ട്ട് പറയുന്നു.
 
 
സ്ത്രീകളുടെ ഡി അഡിക്ഷന്‍ സെന്‍റര്‍
സ്ത്രീകളുടെ ലഹരി ഉപയോഗം കൂടിയിട്ടും അവര്‍ക്കായി ഒരു ഡി അഡിക്ഷന്‍ സെന്‍റര്‍ ഇല്ല എന്ന പ്രശ്നത്തിന് പരിഹാരമായി 2021, ജൂണ്‍ 23 ന് എറണാംകുളം ജില്ലയില്‍ സ്ത്രീകള്‍ക്കായി ഒരു ഡി അഡിക്ഷന്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍മല്‍ നികേതന്‍ മുക്തി സദന്‍.മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസിന്‍റെ അംഗീകാരത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി തുടങ്ങിയത്. മദ്യം, മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍ അഡിക്ഷനുകള്‍ക്ക് 90ദിവസക്കാലത്തെ 12ഇന പരിപാടികളിലൂടെ പരിഹാരം കാണാനാണ് ശ്രമം. ചികിത്സയും മരുന്നും പരിപൂര്‍ണമായും സൗജന്യമാണ്. ഫാദര്‍  ഡോ. ജോസഫ് പറക്കാട്ടിലും അങ്കമാലി സെന്‍റ് ഫ്രാന്‍സിസ് കോണ്‍വെന്‍റിലെ സിസ്റ്റര്‍മാരുമുള്‍പ്പെടുന്ന 13അംഗങ്ങളാണ് ടീമിലുള്ളത്. മീറ്റിംഗുകള്‍, ഇന്‍സ്പിറേഷണല്‍ ബോണ്ടിങ് സെഷനുകള്‍, മെഡിറ്റേഷന്‍, വ്യക്തിഗത തെറാപ്പി, ഗ്രൂപ്പ് തെറാപ്പി, എ ക്സേര്‍സൈസ്, കൗണ്‍സിലിങ് എന്നിങ്ങനെ വിവിധ സെഷനുകളുണ്ട്. പൂര്‍ണമായും സൗജന്യമായ ചികിത്സാരീതികള്‍ക്കായി ലഹരി വിമുക്തി ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥാപനത്തെ സമീപിക്കാം.
 
അഡ്രസ് :
നിര്‍മല്‍ നികേതന്‍ മുക്തി സദന്‍,
അഴകം PO,
ഞാലൂക്കര, അങ്കമാലി,
എറണാകുളം.
[email protected],
www.mukthisadan.org
9847182950,9745623000,9779903049.


Top