• Current Issue: December 2021
al azar college

 

 

           മലബാറില്‍  അരങ്ങേറിയ  ഉജ്ജ്വല സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ നിരവധി സ്ത്രീ പോരാളികള്‍ പങ്കാളികളായിരുന്നുവെന്ന് ബ്രിട്ടീഷ് രേഖകകളിലുണ്ട്. സ്വാതന്ത്ര്യസമരപോരാട്ടവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ദൗത്യങ്ങളേറ്റെടുത്ത നിരവധി സ്ത്രീകള്‍ക്കെതിരെ അന്നത്തെ ബ്രിട്ടീഷ് സേന കേസെടുത്തിട്ടുണ്ട്. മലബാറിലെ ഇന്നത്തെ മലപ്പുറം ജില്ലയിലെ മമ്പുറം, തിരൂരങ്ങാടി, പൂക്കോട്ടൂര്‍, മഞ്ചേരി, വളളുവാനാട് പ്രദേശങ്ങളില്‍ നടന്ന ബ്രീട്ടീഷുകാര്‍ക്കും  ജډികള്‍ക്കുമെതിരെ വാര്യന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യപോരാട്ടത്തില്‍ പ്രത്യക്ഷമായും പരോക്ഷമായ പങ്കെടുത്തവരെ കുറിച്ച് ഷെബിന്‍ മുഹമ്മദ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ പ്രസക്തഭാഗം.
 

മമ്പുറത്ത് ബീവിയും 13 വനിതകളും

           ജന്മികളും ബ്രിട്ടീഷ് സേനയും ഒരുപോലെ ജനങ്ങള്‍ക്കെതിരെ ദ്രോഹനടപടികള്‍ സ്വീകരിക്കുന്നത് തുടര്‍കഥയായിരുന്ന കാലം. ഭാരിച്ച നികുതിചുമത്തലും അക്രമവും അടിച്ചമര്‍ത്തലും വ്യാപകമായപ്പോള്‍ ഏറനാട്ടിലും വളളുവനാട്ടിലും തിരൂരങ്ങാടിയിലും ആളുകള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ തുടങ്ങി. അതില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരായിരുന്നു. പലയിടങ്ങളിലായി അക്രമത്തില്‍ രോഷം പൂണ്ട ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ അത് അടിച്ചമര്‍ത്താന്‍ ആവാതെ ബ്രിട്ടീഷുകാര്‍ പ്രയാസപ്പെട്ടുതുടങ്ങി. അതിനിടയിലാണ് കാലാപത്തിന് പ്രചോദനം നല്‍കുന്നുവെന്ന് കുറ്റം ചാര്‍ത്തി മമ്പുറം സെയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ മക്കയിലേക്ക് നാടുകടത്താന്‍ ബ്രീട്ടീഷ് സേന തിരുമാനിച്ചത്. അതോടെ സെയിദ്ദ് ഫസല്‍ പൂക്കോയ തങ്ങളും കുടുംബവും മക്കയിലേക്ക് പലായനം ചെയ്തു.പൊതുഹൃദയത്തിലെ നായകനായ സെയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ക്കും കുടുംബത്തിനും ബ്രിട്ടീഷുകാര്‍ കാരണം നാടുവിടേണ്ടി വന്നത് ജനങ്ങള്‍ക്ക് താങ്ങാനായില്ല. ആ സംഭവം ശരിക്കും പൊതുജനങ്ങളിലെ പ്രതിഷേധത്തെ കത്തിജ്വലിപ്പിച്ചു. തങ്ങളെയും കുടുംബത്തേയും നാടുകടത്തിയ മലബാര്‍ കളക്ടര്‍ കനോലി സായിപ്പിനെ വധിക്കുന്നതിലേക്ക് ആ പ്രതിഷേധം കത്തിപടരുകയായിരുന്നു. കനോലിയെ വധിച്ചതിനെ തുടര്‍ന്ന് 24 കേസുകളിലായി 164 പേരെ അന്നത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആ 164 പേരില്‍ 14 പേര്‍ വനിതകളായിരുന്നു. പിടിക്കപ്പെട്ട രണ്ടു പേര്‍ ഗര്‍ഭിണികളുമായിരുന്നു. വിചാരണഘട്ടത്തില്‍ അവര്‍ പ്രസവിച്ചു. സംഭവത്തെകുറിച്ചുളള രേഖകള്‍ 'കറസ്പ്പോണ്ടന്‍സ് ഓഫ് മാപ്പിള ഔട്ടറേജസ് ഇന്‍ മലബാര്‍ 18531859'  എന്നകൃതിയില്‍ സമാഹരിച്ചിട്ടുണ്ട്. കനോലി കളക്ടറെ വധിച്ച സംഭവത്തില്‍ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്നതാണ് പ്രസ്തുത രേഖകള്‍. മമ്പുറം മഖാമിന്‍റെ ചുമതലയുളള മമ്പുറത്ത്ബീവിയാണ് കേസിലെ രണ്ടാംപ്രതി. കനോലിയെ വധിച്ച് സ്വാതന്ത്ര്യപോരാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുവെന്നതായിരുന്നു അവര്‍ക്കെതിരെയുളള കുറ്റം. കൃത്യം ആസുത്രണം ചെയ്യുന്നതിനായി നിരവധി യാത്രകള്‍ അവര്‍ നടത്തി. മമ്പുറത്ത് ബീവിയെ  പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. വിചാരണ പൂര്‍ത്തിയായി നെല്ലൂര്‍ ജയിലിലേക്ക് അവരെ കൊണ്ടുപോകുമ്പോള്‍ അവരുടെ കൂടെ ഒരു കൈകുഞ്ഞുണ്ടായിരുന്നു. മമ്പുറം തങ്ങളുടെ ബന്ധുവാണ് ബീവി.
          മമ്പുറത്ത് ബീവിക്കു പുറമെ കല്ലിടുമ്പില്‍ ആമിനത്ത്, ചെരി യാട്ട് കുഞ്ഞിമ്മ, അവരുടെ മകള്‍ ആച്ചുമ്മ, പാത്തുമ, അമ്പാട്ട് പാത്തുമ, അമ്പാട്ട് ആയിശുമ, പൊറ്റുമേല്‍ ഉമ്മാച്ചുമ്മ, കല്ലാട്ടില്‍ മറിയുമ്മ, ബീവിയുമ്മ, കാലരിമണ്ണ ആയിശുമ്മ, കുഞ്ഞായിശ തുടങ്ങിയവരും ജയില്‍വാസം അനുഭവിച്ചു. അധിനിവേശത്തിനെതിരെയും ജډിത്വത്തിനെതിരെയും ചെറുത്തുനില്‍പ്പും പോരാട്ടവും ഏറ്റെടുത്ത ധീര വനിതകളാണിവര്‍.
 
 

1921ലെ ചെറുത്തുനില്‍പ്പില്‍ പങ്കെടുത്തത്  157 വനിതകള്‍!

         1921 ലേത് സമൂഹത്തിലെ നാനാതുറ കളിലുളളവരും ഒറ്റ ലക്ഷ്യത്തിനായി ഒരുമിച്ച് പട പൊരുതിയവരാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏറെ വൈവിദ്ധ്യമുളള പോരാട്ടം
ഒരു പക്ഷെ മലബാര്‍ സമരമാ യിരിക്കും. 157 സ്ത്രികള്‍, കര്‍ഷകര്‍, കീഴാളര്‍, തൊഴിലാളികള്‍ അങ്ങനെ നിരവധി വിഭാഗം ഒത്തൊരുമിച്ച് നടത്തിയ ചെറുത്ത് നില്‍പ്പായിരുന്നു അത്. പോരാളികള്‍ക്ക് അഭയം നല്‍കിയും പരിക്കേറ്റവരെ പരിചരിച്ചും. വിവരം കൈമാറിയും മിക്ക സ്ത്രീകളും  പരോക്ഷമായി  പോരാട്ടത്തിന്‍റെ ഭാഗമായി. യുദ്ധമുഖത്ത് പുരുഷډാരോടൊപ്പം അണിനിരന്ന രണ്ടു സ്ത്രീകളെ പറ്റി ഹിച്ച് കോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന് പുക്കോട്ടൂര്‍ യുദ്ധത്തിലെ ധീരവനിതായാണ്. മറ്റൊന്ന് ഒളകര പളളിയിലെ പോരാട്ടത്തില്‍ പങ്കെടുത്ത ധീര വനിതയുമാണ്. 157 വനിതകള്‍ക്കെതിരെ ബ്രിട്ടീഷ് സൈന്യം കേസെടുത്തുവെങ്കിലും അവര്‍ക്കെതിരെ  നടപടി  സ്വീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സൈന്യം അവകാശപ്പെട്ടതായി രേഖകളുണ്ട്. എന്നാല്‍ ചേതാലി ബിയ്യുമ്മക്കെതിരെ നടപടി സ്വീകരിച്ചതായും ഹിച്ച്കോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
 

അധികാരിത്തൊടിയിലെ പെണ്‍കൊടികള്‍

           മലബാര്‍ സമര പോരാട്ട ചരിത്രത്തിലെ രക്തരൂക്ഷിത അദ്ധ്യായമായിരുന്നു 1921 ഒക്ടോബര്‍ 25ന് ബ്രിട്ടീഷുകാര്‍ നടത്തിയ മോല്‍മുറി അധികാരിത്തൊടി കൂട്ടക്കൊല. അധികാരിത്തൊടിയില്‍ അന്ത്യവിശ്രമം കൊളളുന്ന രക്തസാക്ഷികള്‍ക്കിടയില്‍ രണ്ട് പേര്‍  സ്ത്രീകളാണ്.  ഈ രണ്ട് വനിതകളും ബ്രിട്ടീഷ് സൈന്യം നടത്തിയ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്നതിനിടയില്‍ രക്തസാക്ഷികളായവരാണ്. അതിലൊരാള്‍ ഫാത്തിമ യെന്ന 11 വയസുകാരിയാണ്. രണ്ടാമത്തേത് ചീരങ്ങന്‍ത്തൊടിയിലെ അരീപ്പുറം പാറക്കല്‍ കുഞ്ഞീന്‍ ഹാജിയുടെ മകള്‍ കദിയാമുവിന്‍റെ ഖബറിടമാണ്. അസുഖം ബാധിച്ച് കിടപ്പിലായ പിതാവിനെ പട്ടാളക്കാര്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത തടഞ്ഞ അവരെ ബ്രിട്ടീഷ് പട്ടാളം തോക്കിന്‍ ബയണറ്റ് കൊണ്ട് കുത്തി. പിതാവിന് വെടിയേല്‍ക്കാതിരിക്കാന്‍ അദ്ദേഹത്തെ കമിഴ്ത്തി കിടത്തി തടയാന്‍ ശ്രമിച്ചു. ഇരുവരേയും ബ്രിട്ടീഷ് പട്ടാളം നിര്‍ദ്ദാക്ഷിണ്യം വെടിവെച്ചുകൊല്ലുകയായിരുന്നു

 

 

 


Top