• Current Issue: December 2021
al azar college

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ മനാമയില്‍ 38ാമത് യോഗം ചേര്‍ന്നു. സൈബര്‍ സുരക്ഷ, മയക്കുമരുന്ന് പ്രതിരോധം, തീവ്രവാദത്തെ നേരിടല്‍ എന്നിവയെക്കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. 
മികച്ച പൊതു സുരക്ഷ ഉറപ്പുനല്‍കുന്ന വിധത്തില്‍ വൈദഗ്ധ്യം പരസ്പരം കൈമാറുകയും പ്രായോഗിക പരീക്ഷണങ്ങള്‍ പരിഷ്കരിക്കുന്നതിലൂടെ സിവില്‍ പ്രൊട്ടക്ഷന്‍ നടപടിക്രമങ്ങള്‍ പുനരവലോകനം ചെയ്യുകയും ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബഹ്റൈന്‍ അവതരിപ്പിച്ച നിര്‍ദേശത്തെ മന്ത്രിമാര്‍ പ്രശംസിച്ചതായി ജിസിസി സെക്ടര്‍ ജനറല്‍ നായിഫ് അല്‍ ഹജ്റഫ് സൂചിപ്പിച്ചു. 
സൈബര്‍ സുരക്ഷാ മേഖലയില്‍ സഹകരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെയും കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് സംയുക്ത പദ്ധതികള്‍ വികസിപ്പിക്കുന്നതിന്‍റെയും, കൂട്ടായ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെയും, പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞതായി സൗദി സ്റ്റേറ്റ് ഏജന്‍സി എസ്പിഎ  റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിതല യോഗത്തോടനുബന്ധിച്ച് ബഹ്റൈനിലെയും യുഎഇയിലെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള സൈബര്‍ സ്പെയ്സിലും സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുമുള്ള ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഹജ്റഫ് പറഞ്ഞു. ബഹ്റൈന്‍ നടപ്പാക്കുന്ന ഇതര ജയില്‍ ശിക്ഷാ പദ്ധതിയെ അവര്‍ അഭിനന്ദിച്ചു. 
ഏറ്റവും കുറഞ്ഞ സുരക്ഷയും സ്ഥിരതയും പോലും ഇല്ലാത്ത ചില രാജ്യങ്ങളുടെ മോശമായ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ജിസിസി രാജ്യങ്ങളിലെ സുരക്ഷയും സ്ഥിരതയും ഒരു ഉദാഹരണമാണെന്ന് യോഗത്തില്‍ സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. തീവ്രവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് തുടങ്ങി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെയും സ്ഥിരതയെയും തടസ്സപ്പെടുത്തുന്ന എന്തും  നേരിടുന്നതിനുള്ള  സുരക്ഷാ  ശ്രമങ്ങള്‍ക്ക് പ്രാവീണ്യമുള്ള നേതൃത്വത്തിന്‍റെ നിര്‍ദ്ദേശങ്ങളും അവരുടെ പിന്തുണയുമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
'സുരക്ഷ, സുസ്ഥിരത, വികസനം, സമൃദ്ധി എന്നിവയില്‍ നമ്മുടെ രാജ്യങ്ങളുടെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നത് വളരെ വലിയ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ നേതൃത്വത്തിന്‍റെയും ജനങ്ങളുടെയും അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആവശ്യമായ സുരക്ഷിതമായ ഭാവി ലഭിക്കുന്നതിന് ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളില്‍ കൂടുതല്‍ സഹകരണവും ഏകോപനവും കാണിക്കേണ്ടതുണ്ട്," മന്ത്രി പറഞ്ഞു. തങ്ങളുടെ രാജ്യങ്ങളെയും പൗരന്മാരെയും ലക്ഷ്യം വയ്ക്കുന്ന മയക്കുമരുന്നില്‍ നിന്ന് ജിസിസി സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ലഹരിമരുന്നിന്‍റെ സ്വാധീനവും അവയുടെ ആഘാതവും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പൊതു പദ്ധതി  സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യവും, മയക്കുമരുന്നിന്‍റെ അപകടങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും എതിരെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് എല്ലാ പൊതുസ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പുനരധിവാസ പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ പ്രാധാന്യവും യോഗം ചര്‍ച്ച ചെയ്തു.
ജിസിസി രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിടുന്ന സംഘടിത കുറ്റകൃത്യങ്ങളെയും ഭീകരതയെയും ചെറുക്കുന്നതില്‍ ബന്ധപ്പെട്ട ജിസിസി സംവിധാനങ്ങള്‍ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തമാക്കേണ്ടതിന്‍റെ പ്രാധാന്യം ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു.
ആഭ്യന്തര മന്ത്രാലയങ്ങളുടെ സുരക്ഷാ ശൃംഖലയിലെ പുരോഗതിയും പ്രധാന ഓപ്പറേഷന്‍ റൂമുകളെ ബന്ധിപ്പിക്കുന്നതിനുള്ള പരീക്ഷണവും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. മയക്കുമരുന്ന് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ദോഹ ആസ്ഥാനമായുള്ള ജിസിസി ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, കുവൈറ്റിലെ ജിസിസി എമര്‍ജന്‍സി മാനേജ്മെന്‍റ് സെന്‍റര്‍, ജിസിസി പിഒഎല്‍, വിയന്നയിലെ ജിസിസി പെര്‍മനന്‍റ് മിഷന്‍ തുടങ്ങിയ ഗള്‍ഫ് സുരക്ഷാ സംവിധാനങ്ങള്‍ നടത്തുന്ന ശ്രമങ്ങളെയും യോഗം അഭിസംബോധന ചെയ്തു.
ജിസിസി സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഐക്യവും പരസ്പര ബന്ധവും നിലനിര്‍ത്തുന്നതിന് വിവരങ്ങളുടെ കൈമാറ്റം, സഹകരണം, ഏകോപനം എന്നിവയുടെ സ്ഥിരതയില്‍  ഈ  സ്ഥാപനങ്ങള്‍  വഹിക്കുന്ന പങ്കിന്‍റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ജിസിസി സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ ഏകോപനം നിലനിര്‍ത്തുന്നതില്‍ ജിസിസി സെക്രട്ടേറിയറ്റ് ജനറലിന്‍റെ ശ്രമങ്ങളെയും ജിസിസി മന്ത്രിമാര്‍ അഭിനന്ദിച്ചു. 


Top