• Current Issue: December 2021
al azar college

 തെരുവുനായ്ക്കളെ വന്ധ്യങ്കരിക്കാൻ നവീന പദ്ധതി പരിഗണനയിൽ

 
മലപ്പുറം: ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കെ, തെരുവു നായ്ക്കളെ വന്ധ്യംകരിക്കാൻ (അനിമൽ ബെർത്ത് കൺട്രോൾ–എബിസി) തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ പദ്ധതി ജില്ലാ ഭരണ കൂടത്തിന്റെ പരിഗണനയിൽ. ഫണ്ട് കണ്ടെത്തുകയാണു പ്രധാന കടമ്പ. രണ്ടു ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നെന്ന നിലയിൽ 15 ബ്ലോക്ക് പഞ്ചായത്തുകളിലും എബിസി കേന്ദ്രം തുടങ്ങാനാണു പദ്ധതി. കലക്ടറുടെ നിർദേശ പ്രകാരം ജില്ലാ മൃഗസംരക്ഷണ വകുപ്പാണു പദ്ധതി തയാറാക്കിയത്.
 
ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. ജില്ലാ പഞ്ചായത്ത് നേരത്തേ എബിസി പദ്ധതി തുടങ്ങിയെങ്കിലും കോടതി ഇടപെടലിൽ നിലച്ചു. ഇതോടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. തേഞ്ഞിപ്പലത്ത് നായയുടെ കടിയേറ്റ സ്കൂൾ വിദ്യാർഥി . തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനു പദ്ധതി വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നു ഉയർന്നതോടെയാണു ജില്ലാ ഭരണ കൂടം പുതിയ സാധ്യതകൾ തേടിയത്. 
 
മുന്നിലുണ്ട് മാതൃകകൾ
 
തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനു വിഹിതം നീക്കിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു തടസ്സമില്ലെന്നു വകുപ്പു മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ എബിസി പ്രവർത്തനം നടത്തുന്നതു മൃഗസരംക്ഷണ വകുപ്പാണെങ്കിലും ചെലവു വഹിക്കുന്നതു തദ്ദേശ സ്ഥാപനങ്ങളാണ്.
 
ചെലവ് ഏകദേശം 1.30 കോടി
 
ഒരു എബിസി കേന്ദ്രത്തിന് 1.30 കോടി രൂപ ചെലവു വരുമെന്നാണു കണക്ക്. കെട്ടിടവും ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുമാണു ഇവിടെയുണ്ടാകുക. വന്ധ്യംകരണം അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള ഏജൻസികളെ ഏൽപിക്കും. ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 7 പഞ്ചായത്തുകളുണ്ട്.  ഗ്രാമ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് പണം കണ്ടെത്തുകയെന്ന രീതി ആലോചനയിലുണ്ട്. സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണു തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം. ഫണ്ട് കണ്ടെത്തുന്നതിൽ വ്യക്തത വന്നാൽ അധികം വൈകാതെ പദ്ധതി നടപ്പാകും.
 


Top