• Current Issue: December 2021
al azar college

ഒന്‍പതില്‍ പഠിക്കുമ്പോള്‍ ഒരു ടീച്ചറോട് എനിക്ക് ഭയങ്കര പ്രണയമായിരുന്നു. വലിയ ശരീരമായിരുന്നു അവരുടെ പ്രത്യേകത. വലിയ വസ്തുക്കള്‍, വലിപ്പമേറിയ കെട്ടിടങ്ങള്‍, മലകള്‍ ഇവയോടൊക്കെ വലിയ ക്രേസായിരുന്നതു കാരണമായിരുന്നു ആ സ്കൂളിലെ തന്നെ ഏറ്റവും വലിയ ടീച്ചറോടും എനിക്ക് പ്രണയം തോന്നിയിരുന്നത്.
 
അന്ന് ക്ലാസില്‍ ചെറിയ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. അവളെ ഞാന്‍ ശ്രദ്ധിച്ചിരുന്നേയില്ല.
 
വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട്ടെ മലയോരത്തുള്ള ഒരു കള്ളുഷാപ്പില്‍ ചെന്ന് സന്ധ്യയോടെ തിരിച്ചിറങ്ങിയ നേരത്ത് ഒരു പെട്ടിക്കടയില്‍ വണ്ടി നിര്‍ത്തി ഞാനൊരു തംബാക്കുവിന് പറഞ്ഞു.
അന്നേരം വേറൊരു സാധനം വാങ്ങാന്‍ വന്ന സ്ത്രീ എന്നെ സൂക്ഷിച്ച് നോക്കുന്നതു കണ്ടപ്പോള്‍ എന്‍റെ വണ്ടി ഓടിച്ചിരുന്ന പയ്യന്‍ പറഞ്ഞു,
 
'ങ്ങളെയാണ് നോക്കുന്നത്'
'ഒന്നു പോ മൈഡിയര്‍ .'
അവള്‍ അടുത്തു വന്നു.
 
ഞാന്‍ പിന്നാക്കം നിന്നു.
 
പിന്നീടവള്‍ ചോദിച്ചു.
'രാജേഷല്ലേ ?'
'അതെ മേഡം'
'നമ്മള്‍ ഒരുമിച്ച് പഠിച്ചതാണ്'
'ഗവ: ആര്‍ട്സ് കോളേജ് ?
'അല്ല . ഹൈസ്കൂളില്‍'
'പേര് പറഞ്ഞ് പരിചയപ്പെടുത്തൂ. എനിക്ക് ഓര്‍മ കിട്ടുന്നില്ല'
'പത്തില്‍ പഠിക്കുന്ന സമയത്ത് മലമ്പുഴയിലേക്ക് ടൂറ് പോ
യപ്പോള്‍ നീ കുറച്ച് നേരം എന്‍റെ അരികില്‍ ഇരുന്നിരുന്നു. അപ്പോള്‍ തന്നെ മരിയ ടീച്ചര്‍ നിന്‍റെ ചെവിക്കു പിടിച്ച് ഓടിച്ച് വിട്ടു.'
'ഓ മരിയ ടീച്ചര്‍ ; ആ വലിയ ടീച്ചറല്ലേ ? മലപോലത്തെ ടീച്ചര്‍ !'
' അതെ. അവരെക്കണ്ടാ തന്നെ പേടിയാകും ഇരുണ്ട .......'
'പക്ഷെ എനിക്ക് പേടിയില്ലായിരുന്നു '
'ഒരു ക്യാമ്പില്‍ ഞാനും നീയും വിറകെടുക്കാന്‍ പോ
യിരുന്നു. ആല്‍ഫബറ്റിക് ഓര്‍ഡറില്‍ നമ്മുടെ പേര് ഒരുമിച്ചു വന്നു'
'ഞാനോര്‍ക്കുന്നു. നീ ഒരു ചെറിയ കുട്ടിയായിരുന്നു. കുഞ്ഞു പൂമ്പാറ്റക്കുട്ടി . നിന്നെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഒരു കുഞ്ഞു പാവക്കുട്ടി'
'നീയും ചെറിയ കുട്ടിയായിരുന്നു. നല്ല ഓമനത്തമുള്ള മുഖമായിരുന്നു നിനക്ക്.
 
ഇപ്പോ എന്താ കഥ ! എന്തൊരു മാറ്റം ! ആളുകള്‍ ഇങ്ങനെയൊക്കെ മാറുമോ? എങ്കിലും നിന്‍റെ കണ്ണട കണ്ട പാടെ എനിക്ക് നിന്നെ മനസിലായി'
 
'ദില്ലിയില്‍ നിന്നും എന്‍റെ വീട്ടില്‍  വിരുന്ന വന്ന ഒരു പെണ്‍കുട്ടി അന്നെനിക്ക് ഒരുമ്മ തന്നിരുന്നു. അവളുടെ അമ്മ എ ഐ ആറില്‍ ഹിന്ദി വാര്‍ത്ത വായിക്കുന്ന സ്ത്രീയായിരുന്നു. അന്നവള്‍ പറഞ്ഞത് എന്‍റെ കണ്ണുകള്‍ മനോഹരമാണെന്നും ആരും ഉമ്മവെച്ചു പോകുമെന്നുമായിരുന്നു. അത്ര പാഷനേറ്റായ ഒരുമ്മ പിന്നീടെനിക്ക് കിട്ടിയിട്ടേ ഇല്ല. അവളുടെ പെര്‍ഫ്യൂ ......'
 
'രാജേഷ് നല്ല ലഹരിയിലാണ്. നമുക്ക് വേറൊരു ദിനം കാണാം. നമ്പര്‍ താ'
 
നമ്പര്‍ കൊടുത്ത് ഞാന്‍ പറഞ്ഞു
'വാട്സാപ്പൊന്നും പൊതുവെ ഞാനുപയോഗിക്കാറില്ല. ആരെയും  വിളിക്കാറുമില്ല. കാരണം എപ്പോഴാണ് എനിക്ക് എന്തേലും തോന്നുകയെന്നൊന്നും പറയാന്‍ പറ്റില്ല. ഒന്നും വിചാരിക്കരുത് ഞാനെഴുതുന്ന പുസ്തകങ്ങളിലൂടെ നമുക്ക് സംവദിക്കാം ഓക്കെ . വെറുതെ ഞാനും നീയും തമ്മില്‍ തെറ്റണ്ടല്ലോ'
'നീ എഴുതാറുണ്ടോ? '
'കുറച്ചൊക്കെ'
' ആ ക്യാമ്പില്‍ കുറെ ഓര്‍മകളുണ്ടായിരുന്നു. പക്ഷെ നിന്നെ പിന്നെ കണ്ടതേയില്ല.'
' പിന്നീട് കണ്ടിരുന്നെങ്കില്‍ എനിക്ക് നിന്നെ പക്വതയോടെ പ്രണയിക്കാമായിരുന്നു'
' പക്ഷെ അന്നെനിക്ക് വലിയ ശരീരമുള്ള മറിയ ടീച്ചറോടായിരുന്നു പ്രണയം'
' അവരെ കണ്ടാല്‍ .......' അവള്‍ മുഖം കോട്ടി.
ഞാനൊന്നും മിണ്ടിയില്ല.
'നീ ഇപ്പോഴും എന്‍റെ പേര് പറഞ്ഞില്ല'
'ദീപ ?'
'രജനി ?'
'രമ്യ ?'
അന്നേരം ഡ്രൈവര്‍ ഹോണടിച്ചു.
ഞാന്‍ പറഞ്ഞു 'നീ പറ'
'അന്വേഷിച്ച് കണ്ടെത്ത് . എന്നെങ്കിലും ഷാപ്പില്‍ വരുമ്പോ അതിന്‍റെ തൊട്ട് താഴെയുള്ള വീട്ടില്‍ വാ . അവിടെ ഞാനുണ്ടാകും'
'നല്ലൊരു നാള്‍ നോക്കി വരാം. പിന്നെ സജ്നയല്ലേ നീ ?'
'എനിക്കറിയില്ല'
വണ്ടിയില്‍ കേറിയ നേരം പയ്യന്‍ പറഞ്ഞു ' നരകയറിയിട്ടും നിങ്ങക്ക് നിറയെ കാമുകിമാരാണല്ലോ മൈഡിയര്‍ രാജേഷേട്ടാ'
'എന്നാലും അവളുടെ പേര് മറന്നു. ചെറിയ ഒരു കുഞ്ഞുമോളായിരുന്നു അവള്‍ ! ഒരു പൂമ്പാറ്റ'.
 

 


Top